പരാജയകാരണത്തെക്കുറിച്ച് കെ.പി.സി.സി പരിശോധന തുടങ്ങി, അച്ചടക്കവാള്‍ വീശി സുധീരന്‍

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയുടെ അവലോകനത്തിലേക്കു കോണ്‍ഗ്രസ്. അച്ചടക്ക നടപടികളുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ വ്യക്തമാക്കുന്ന പശ്ചാത്തലത്തിലാണ് അവലോകനം. കെപിസിസി നിര്‍ദേശപ്രകാരം ജനറല്‍ സെക്രട്ടറിമാരുടെ നേതൃത്വത്തില്‍ ജില്ലാതല പരിശോധന ആരംഭിച്ചു. ഇതിനായി നിയോഗിച്ച 14 പേരും ഇന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കണമെന്നാണു നിര്‍ദേശം. തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്തെ ഒട്ടു മിക്ക കോണ്‍ഗ്രസ് നേതാക്കളും തലസ്ഥാനത്തെത്തും. 14 ജില്ലകളിലെയും നേതാക്കളെ ഇങ്ങനെ വിളിച്ചുവരുത്തി അവലോകന പരീക്ഷണം ആരംഭിക്കുകയാണ്. ഉമ്മന്‍ ചാണ്ടി, വി.എം. സുധീരന്‍, രമേശ് ചെന്നിത്തല എന്നിവരുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട കെപിസിസി ഭാരവാഹികള്‍ കൂടി ജില്ലാ നേതാക്കന്മാരുമായി ചര്‍ച്ച നടത്തും.

അതിനിടെ ജില്ലകളിലേക്ക് നിയോഗിച്ചിരുന്ന ഏകാംഗ കമീഷനുകളുടെ റിപ്പോര്‍ട്ടിന്‍െറകൂടി അടിസ്ഥാനത്തില്‍ ഡി.സി.സി നേതാക്കളുമായി തെരഞ്ഞെടുപ്പിലെ നേട്ടകോട്ടങ്ങള്‍ സംബന്ധിച്ച വിശദമായ ചര്‍ച്ചയാണ് നടക്കുന്നത്. നാല് ജില്ലകളിലെ പരിശോധനയാണ് ഇന്നലെ നിശ്ചയിച്ചിരുന്നതെങ്കിലും  കണ്ണൂര്‍ ജില്ലയിലെ എ ഗ്രൂപ് നേതാക്കള്‍ വിട്ടുനിന്നു. മന്ത്രി കെ.സി. ജോസഫ് മാത്രമാണ് എ ഗ്രൂപ്പില്‍ നിന്ന് വന്നത്. സതീശന്‍ പാച്ചേനി, പി. രാമകൃഷ്ണന്‍ അടക്കമുള്ളവരൊന്നും വന്നില്ല. ഐ ഗ്രൂപ്പിന്‍െറയും സുധാകരന്‍ അടക്കമുള്ളവരുടെയും നിലപാടുകള്‍ പരസ്യമായി നേതൃത്വം അംഗീകരിച്ചതിലെ അമര്‍ഷമാണ് വിട്ടുനില്‍ക്കലിനുപിന്നില്‍. ഇവരുമായി ബുധനാഴ്ച ചര്‍ച്ച നടത്തും. ഐ ഗ്രൂപ്പിലെ ചിലരും യോഗത്തിന് വന്നില്ളെന്നതും ശ്രദ്ധേയമാണ്. കണ്ണൂരിനുപുറമെ കാസര്‍കോട്, വയനാട്, കൊല്ലം ജില്ലകള്‍ സംബന്ധിച്ചും ഇന്നലെ ചര്‍ച്ച നടന്നു.
തെരഞ്ഞെടുപ്പിലെ തിരിച്ചടിയുടെ കാരണങ്ങള്‍ക്ക് പുറമെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങളും നേതാക്കളില്‍ നിന്ന് ആവശ്യപ്പെടുന്നുണ്ട്. സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പ്രശ്നങ്ങള്‍, തര്‍ക്കങ്ങള്‍, വിമതരെ അനുനയിപ്പിക്കാന്‍ കഴിയാത്തത്, ഗ്രൂപ്പുപോര് അടക്കമുള്ള വിഷയങ്ങളില്‍ ശക്തമായ പരാമര്‍ശമാണ് പല ജില്ലകളെക്കുറിച്ചും കമീഷനുകള്‍ നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥിനിര്‍ണയത്തിന് കെ.പി.സി.സിയുടെ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയതായി വ്യക്തമായിട്ടുണ്ട്. കെ.പി.സി.സി ആസ്ഥാനത്ത് നടക്കുന്ന ചര്‍ച്ചകളില്‍ പ്രസിഡന്‍റ് രമേശ് ചെന്നിത്തല, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ചകള്‍. ഇന്നും 26നും ചര്‍ച്ച തുടരും. മറ്റു ഡി.സി.സികളും വിശദീകരണവുമായി പാര്‍ട്ടി നേതൃത്വത്തിന് മുന്നിലത്തെും.
പരിശോധനയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ തിരുത്തല്‍ നടപടിക്കാണ് കെ.പി.സി.സി ഉദ്ദേശിക്കുന്നത്. മാനദണ്ഡം ലംഘിച്ചവര്‍ക്കും ഗ്രൂപ്പുകളിയിലൂടെ വിജയിക്കാവുന്ന സീറ്റ് നഷ്ടപ്പെടുത്തിയവര്‍ക്കുമെതിരെ നടപടി വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ പ്രവര്‍ത്തനത്തിനും കെ.പി.സി.സി മാര്‍ഗനിര്‍ദേശം തയാറാക്കുന്നുണ്ട്. നിയമസഭാതെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള നടപടികളും ഇതിന്‍െറ അടിസ്ഥാനത്തിലുണ്ടാകും. അതേസമയം, വിമതര്‍ക്കെതിരെ സ്വീകരിച്ച നടപടികളില്‍ വിട്ടുവീഴ്ചയില്ളെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ വ്യക്തമാക്കി.

എന്നാല്‍, നേരത്തേ ഗ്രൂപ്പു പോരായിരുന്നു നേതൃത്വത്തെ വിഷമിപ്പിച്ചിരുന്നത് എങ്കില്‍ ഇപ്പോള്‍ നേതൃത്വത്തിനെതിരെ ഗ്രൂപ്പുകള്‍ യോജിച്ചിരിക്കുന്നു എന്ന സ്ഥിതിയാണ്. തിരഞ്ഞെടുപ്പു ഘട്ടത്തിലും പിന്നീടും സുധീരന്‍ സ്വീകരിച്ചുവരുന്ന അച്ചടക്ക നടപടികളോടു ഗ്രൂപ്പുകള്‍ക്ക് അദ്ദേഹത്തിന്റെ സമാന സമീപനമല്ല. കോണ്‍ഗ്രസില്‍ കേഡര്‍ സമീപനം പ്രായോഗികമല്ലെന്നും വീട്ടുവീഴ്ച വേണ്ടിവരുമെന്നുമാണ് അവരുടെ നിലപാട്. വിമതരുടെ കാര്യത്തില്‍ കര്‍ശന നിലപാട് എന്ന പ്രഖ്യാപനമൊക്കെ മുമ്ബും ഉണ്ടാകാറുണ്ട്. എന്നാല്‍ വിട്ടുവീഴ്ച കാട്ടുകയാണു പതിവ്. അധികാരത്തിലേറാന്‍ സഹായകമായ അയവുള്ള സമീപനം എല്‍ഡിഎഫ് സ്വീകരിച്ചപ്പോള്‍ കോണ്‍ഗ്രസിന് അതിനായില്ല. അതോടെ തദ്ദേശഭരണത്തില്‍ നഷ്ടം പിന്നെയും വര്‍ധിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ഇന്നലെ കെപിസിസി ആസ്ഥാനത്തെ പരിപാടിയിലും സുധീരന്‍ ആവര്‍ത്തിച്ചു. അടിസ്ഥാന നയങ്ങളില്‍നിന്നു മാറില്ല. സിപിഎമ്മോ ബിജെപിയോ ആയി ഒരു ബന്ധവുമില്ല. കാസര്‍കോട് കുറ്റിക്കോല്‍ പഞ്ചായത്തില്‍ ബിജെപിയുമായി സഹകരിച്ചതിനെതിരെ നടപടിയെടുക്കും. കൊണ്ടോട്ടി നഗരസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിപ്പു ലംഘിച്ചവര്‍ക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും- സുധീരന്‍ വ്യക്തമാക്കി.

Top