ബെംഗളുരു: കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ ! ഇന്ന് നിശബ്ദ പ്രചരണം. മെയ് 13 നാണ് വോട്ടെണ്ണൽ. സംസ്ഥാനത്ത് അധികാരം നിലനിർത്താനുള്ള കഠിന ശ്രമത്തിലാണ് ബിജെപി. എന്നാൽ, സോണിയാ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗേയും രംഗത്തിറക്കി കോൺഗ്രസും ശക്തമായ മത്സരത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കം ബിജെപിക്കു വേണ്ടി കർണാടകത്തിൽ പ്രചരണത്തിന് എത്തി.
കർണാടകയിൽ 141 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ ന്യൂസ് 18 നോട് പറഞ്ഞു. സർവേകളിൽ വിശ്വസിക്കുന്നില്ലെന്നും സർവേകൾ പറയുന്നതിനേക്കാൾ കൂടുതൽ സീറ്റുകൾ കോൺഗ്രസ് നേടുമെന്നും ഡികെ ശിവകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ബിജെപിയുടെ ഇരട്ട എഞ്ചിൻ പരാജയപ്പെട്ടിതിനാൽ ബജ്റംഗ്ദൾ നിരോധന വിഷയം വൈകാരികമാക്കാൻ പ്രധാനമന്ത്രി ശ്രമിക്കുകയാണ്. എന്നാൽ അത് വിലപോകില്ല. മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാന്റ് തീരുമാനമെടുക്കുമെന്നും ഡി കെ ശിവകുമാർ പറഞ്ഞു.
9.17 ലക്ഷം കന്നി വോട്ടർമാർ അടക്കം 5.2 കോടി വോട്ടർമാരാണ് കർണാടകത്തിലുള്ളത്. ജനവിധി തേടുന്നത് 2,613 സ്ഥാനാർത്ഥികളാണ്. ഇതിൽ 185 പേർ വനിതകളാണ്. ബിജെപി-224, കോൺഗ്രസ്-223, ജെഡിഎസ്-207 എന്നിങ്ങനെയാണ് സ്ഥാനാർത്ഥികളുടെ എണ്ണം. ആകെ 58,282 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്.