ഡി കെ ശിവകുമാറിന്റെ അറസ്റ്റ് അനിവാര്യം !!!കോൺഗ്രസ്സിന്റെ അഴിമതി രഹസ്യങ്ങളുടെ കാവൽക്കാരനാണ് ഡികെ

ന്യൂഡല്‍ഹി: കര്‍ണാടക മുന്‍ മന്ത്രി ഡി.കെ ശിവകുമാര്‍ അറസ്റ്റില്‍. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായ നാല് ദിവസം ചോദ്യം ചെയ്തതിന് ശേഷമാണ് ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലുമായി ശിവകുമാര്‍ സഹകരിക്കുന്നില്ലെന്ന് ഇ.ഡി വ്യക്തമാക്കി. ചോദ്യങ്ങള്‍ക്ക് ശിവകുമാര്‍ നല്‍കിയ ഉത്തരങ്ങള്‍ തൃപ്തികരമല്ലെന്നും ഇ.ഡി അറിയിച്ചു. ഈ സാഹചര്യത്തിലാണ് രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.

ഡി.കെ ശിവകുമാര്‍ എന്നത് ഒരു താക്കോലാണ് ,കോൺഗ്രസിന്റെ അഴിമതി രഹസ്യങ്ങളിലേയ്ക്കുള്ള താക്കോൽ . കർണാടകയിലെ കോൺഗ്രസ് രാഷ്ട്രീയത്തെ വളർത്താൻ കുതികാൽ വെട്ടിയത് മുതൽ റിസോർട്ട് രാഷ്ട്രീയത്തിന്റെ അമരക്കാരൻ എന്നുവരെ പേരുണ്ട് ഡി കെ ശിവകുമാറിന് .

സ്വന്തം പാർട്ടിയിൽ വിശ്വാസമില്ലാതെ വരുന്ന എം എൽ എ മാർ മറ്റ് പാർട്ടികളിലേയ്ക്ക് പോകുന്നത് തടയാൻ ഏതു മാർഗവും സ്വീകരിച്ചിരുന്നു ഡി കെ ശിവകുമാർ . കർണാടകയിൽ അതികായരായി നിലയുറപ്പിച്ചിരുന്ന ഗൗഡ കുടുംബത്തിനെതിരെ നടത്തിയ പോരാട്ടത്തിലൂടെയാണ് ഡി കെ ശിവകുമാർ ശ്രദ്ധേയനാകുന്നത് .

1989ല്‍ സത്തനൂര്‍ മണ്ഡലത്തില്‍നിന്ന് വിജയിച്ചു. 1990ല്‍ ബംഗാരപ്പ മുഖ്യമന്ത്രിയായപ്പോള്‍ അദ്ദേഹം ശിവകുമാറിന് ജയില്‍മന്ത്രിയുടെ ചുമതല നല്‍കി. പിന്നീട് എസ്.എം.കൃഷ്ണ മുഖ്യമന്ത്രിയായപ്പോള്‍ ശിവകുമാര്‍ നഗരവികസന മന്ത്രിയായി. 2002 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദേവഗൗഡയ്ക്കെതിരെ മത്സരിച്ചു പരാജയപ്പെട്ടു.

അതുകൊണ്ട് തന്നെ ജെ ഡി എസുമായുള്ള കോൺഗ്രസിന്റെ കൂട്ടുമുന്നണി പലപ്പോഴും ഡി കെ ശിവകുമാറിനെ അസ്വസ്ഥനാക്കിയിരുന്നു .അത് തുറന്ന് പറയാനും ഡി കെ മടികാട്ടിയില്ല . ജെഡിഎസുമായുള്ള സഖ്യത്തിൽ തന്റെ കുടുംബത്തിനും,കോൺഗ്രസ് പ്രവർത്തകർക്കും ഒരേ പോലെ വേദനയുണ്ടെന്നാണ് കഴിഞ്ഞ വർഷം കുമാരസ്വാമി സർക്കാരിനെ കുറിച്ച് ഡി കെ പ്രതികരിച്ചത് .

കുമാരസ്വാമി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തനിക്കും കുടുംബത്തിനും എതിരെ അനവധി കേസുകളാണ് എടുത്തിരുന്നതെന്നും ശിവകുമാർ പറഞ്ഞു . എന്നും അഴിമതിയിൽ മുങ്ങി നിന്ന കർണാടക കോൺഗ്രസിനു വേണ്ടി നിരവധി രഹസ്യങ്ങളും ശിവകുമാർ കാത്തു സൂക്ഷിച്ചിരുന്നു .

ശിവകുമാറിനെതിരെ രണ്ടു ദിവസം തുടര്‍ന്ന റെയ്ഡിൽ ഡൽഹി, ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളിൽ നിന്നായി 11.43 കോടി രൂപയാണ് കണ്ടെടുത്തത്. ശിവകുമാറിന്റെ സദാശിവനഗറിലെ വസതിയിലെ ലോക്കറുകളുടെ രഹസ്യ പാസ്‌വേഡ് പറയാൻ തയാറാകാത്തതിനെ തുടർന്ന് പൂട്ടുകൾ പൊളിച്ചാണ് രേഖകൾ പുറത്തെടുത്തത്.

ശിവകുമാർ കീറിയെറിഞ്ഞ ഡയറിത്താളുകളിൽ നിന്ന് കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിനു മൂന്നു കോടി രൂപ നൽകിയെന്ന രേഖ കണ്ടെത്തിയതായി അന്ന് ആരോപണങ്ങൾ ഉയർന്നിരുന്നു .

ശിവകുമാറിന്റെ വസതികളില്‍ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 8.59 കോടി രൂപ കണ്ടെത്തിയിരുന്നു. എന്നാൽ ഇതിന്റെ ഉറവിടം വ്യക്തമാവുന്ന തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിരുന്നത് .

നിലവില്‍ ഏഴുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ്, ഹവാല ഇടപാട് എന്നിവയാണ് ശിവകുമാറിനെതിരെയുള്ള കേസുകള്‍.നിലവില്‍ അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് (എ.ഡി.ആര്‍) കണക്കുപ്രകാരം 251 കോടി രൂപയുടെ ആസ്തിയുള്ള രാജ്യത്തെ സമ്പന്ന രാഷ്ട്രീയക്കാരിലൊരാളാണ് ഡി.കെ ശിവകുമാര്‍.

2017ല്‍ കര്‍ണാടക മന്ത്രിയായിരുന്ന സമയത്ത് ശിവകുമാറുമായി ബന്ധമുള്ള ഡല്‍ഹിയിലെയും ബംഗളൂരിലെയും 60 കേന്ദ്രങ്ങളില്‍ നടത്തിയ 8.59 കോടി രൂപ പിടിച്ചെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ അഴിമതികളിൽ ശിവകുമാറിനു പങ്കുണ്ടാകുമെന്ന് എൻഫോഴ്സ്മെന്റ് സൂചിപ്പിച്ചിരിക്കുന്നത് .

ചിദംബരത്തിനു പിന്നാലെ കോൺഗ്രസിലെ മുതിർന്ന നേതാവായ ഡി കെ ശിവകുമാർ കൂടി അറസ്റ്റിലായതോടെ പാർട്ടി പ്രതിസന്ധിയിലേയ്ക്കാണ് പോകുന്നത് . മാത്രമല്ല ഈ അറസ്റ്റ് ഒരു സൂചനയാണ് അഴിമതിക്കാർക്ക് രക്ഷപെടാൻ കഴിയില്ലാ എന്ന സൂചന

Top