കാരാട്ട് ഫൈസൽ വിജയിച്ച ബ്രാഞ്ച് കമ്മറ്റി പിരിച്ചുവിട്ടു; കടുത്ത നടപടിയുമായി സിപിഎം

ഇടതു സ്ഥാനാർത്ഥിക്ക് പൂജ്യം വോട്ട് കിട്ടിയ സംഭവത്തിൽ നടപടിയെടുത്ത് ജില്ലാ നേതൃത്വം. കോഴിക്കോട് കൊടുവള്ളി ചുണ്ടപ്പുറം സിപിഎം ബ്രാഞ്ച് കമ്മറ്റി പിരിച്ചുവിട്ടു. കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഒരു വോട്ടും ലഭിച്ചിരുന്നില്ല. തുടർന്നാണ് നടപടി. കോഴിക്കോട് സി പി എം ജില്ലാ സെക്രട്ടറിയേറ്റാണ് ചുണ്ടപ്പുറം ബ്രാഞ്ച് കമ്മിറ്റി പിരിച്ചുവിടാനുളള തീരുമാനമെടുത്തത്.

ചുണ്ടപ്പുറം വാർഡിൽ കാരാട്ട് ഫൈസലിനുവേണ്ടി വോട്ട് ചെയ്യണമെന്ന് പ്രവർത്തകർക്ക് പ്രാദേശിക നേതാക്കൾ രഹസ്യ നിർദേശം നൽകിയിരുന്നു. ഫൈസൽ വിജയിച്ചാൽ ഡിവിഷനിൽ വലിയ വികസനം വരുമെന്ന് എൽ ഡി എഫ് പ്രവർത്തകർക്ക് ഇടയിൽ പ്രചാരണവും നടന്നു. ഇതാണ് ജില്ലാ സെക്രട്ടറിയേറ്റിന്റെ തീരുമാനത്തിന് പിന്നിലെ കാരണമായി വിലയിരുത്തപ്പെടുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രചാരണത്തിൽ സജീവമല്ലാതിരുന്ന ഇടത് സ്ഥാനാർത്ഥി വോട്ടെടുപ്പ് ദിവസം പോലും പോളിംഗ് ബൂത്തിൽ എത്താതെയാണ് ഫൈസലിനോടുളള സ്‌നേഹം പ്രകടിപ്പിച്ചത്. കാരാട്ട് ഫൈസലിന്റെ വിജയാഹ്ളാദ പ്രകടനത്തിൽ സ്ഥലത്തെ സി പി എം പ്രവർത്തകർ പങ്കെടുത്തത് ഏറെ ചർച്ചയായിരുന്നു.

എൽ ഡി എഫ് സ്ഥാനാർഥിത്വം നിഷേധിച്ചതിനെ തുടർന്നാണ് കാരാട്ട് ഫൈസൽ സ്വതന്ത്രനായി മത്സരിച്ചത്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തതിനെ തുടർന്നാണ് പാർട്ടി പിന്തുണ നൽകാതിരുന്നത്. ഒരു വേള ഫൈസലിനെ സ്ഥാനാർത്ഥിയായി എൽ ഡി എഫ് പ്രഖ്യാപിച്ചിരുന്നു. ഫൈസലുമായി എൽ ഡി എഫ് പ്രവർത്തകർ വീടുകൾ തോറും കയറി പ്രചരണവും നടത്തി.

എന്നാൽ കസ്റ്റംസ് ചോദ്യം ചെയ്യലിന് ശേഷവും പാർട്ടി പരസ്യമായി പിന്തുണയ്ക്കുന്നു എന്ന തരത്തിൽ എതിരാളികൾ പ്രചരണം ആരംഭിച്ചതോടെയാണ് സി പി എം സംസ്ഥാന നേതൃത്വം ഇടപെട്ട് മറ്റൊരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. ഐ എൻ എൽ നേതാവ് അബ്‌ദുൾ റഷീദിനെയാണ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ഇതോടെ കാരാട്ട് ഫൈസൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയായിരുന്നു.

Top