തനിക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ കോളജ് കാമ്പസിനുള്ളില്‍വെച്ച് കാരാട്ട് റസാഖ് എംഎല്‍എ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊടുവള്ളി കെഎംഒ ആര്‍ട്സ് കോളജ് കാംപസില്‍ കയറിയാണ് എംഎല്‍എ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചത്. തനിക്കെതിരെ പ്രതിഷേധിച്ച എംഎസ്എഫ് വിദ്യാര്‍ഥികളേയാണ് എംഎല്‍എ മര്‍ദ്ദിച്ചത്. മീഡിയ വണ്‍ ആണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
തുടര്‍ന്ന് കൊടുവള്ളിയില്‍ എംഎസ്എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാരാട്ട് റസാഖ് എംഎല്‍എക്കെതിരെ പടുകൂറ്റന്‍ പ്രതിഷേധം നടന്നു. വിദ്യാര്‍ത്ഥികളെ കോളേജില്‍ കയറി മര്‍ദ്ദിച്ച എംഎല്‍എക്കെതിരെ ഉടന്‍ നടപടി ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഏതാനും നാളുകളായി എംഎല്‍എയെ മണ്ഡലത്തിലെ ലീഗ് പ്രവര്‍ത്തകര്‍ ബഹിഷ്‌ക്കരിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്യുന്നുണ്ട്. അഴിമതി ആരോപണം ഉന്നയിച്ചായിരുന്നു ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
ഭാഗമായി കഴിഞ്ഞ ദിവസം എംഎസ്എഫ് പ്രവര്‍ത്തകര്‍ കാമ്പസിലെത്തിയ എംഎല്‍എയുടെ വാഹനം തടയുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇങ്ങനെ പ്രതിഷേധം നടത്തുന്നതിനിടെ കെഎംഒ കോളേജ് കാമ്പസില്‍ കയറി എംഎല്‍എയും അനുയായികളും പുറകില്‍ നിന്നും ഓടിയെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയായിരുന്നു. പിന്നീട് എംഎല്‍എയുടെ സഹായി അടക്കമുള്ളവര്‍ കാരാട്ട് റസാഖിനെ പിടിച്ചു മാറ്റുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.
സംഭവത്തില്‍ എംഎല്‍എയ്ക്ക് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചതായി എംഎല്‍എ നല്‍കിയ പരാതിയിലും കേസ് എടുത്തിട്ടുണ്ട്. ഈ ദൃശ്യങ്ങളും പുറത്തുവന്നു. ഇന്നലെ നടന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കൊടുവള്ളി ടൗണില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ സംഘടിക്കുകയും എംഎല്‍എയെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കുകയും ചെയ്തു. അതേസമയം പ്രദേശത്ത് കുറച്ചു മാസങ്ങളായി ഇടതു സ്വതന്ത്ര എംഎല്‍എയും ലീഗ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്.
തനിക്ക് ജീവന് ഭീഷണി ഉണ്ടെന്ന് എംഎല്‍എ ഇന്നലെ പറഞ്ഞിരുന്നു. തുടര്‍ച്ചയായി രണ്ട് ദിവസം തനിക്കെതിരെ വധശ്രമം ഉണ്ടായെന്നും ഇക്കാര്യം ചൂണ്ടിക്കാടി പൊലീസില്‍ പരാതി നല്‍കിയെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാല്‍ കൊടുവള്ളി പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്നും ഡിജിപിക്കു നല്‍കിയ പരാതിയിലെ പോലും പ്രതികളെ പൊലീസ് പിടികൂടുന്നില്ലെന്നും റസാഖ് ആരോപിച്ചു. മണ്ഡലത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ പോലും സാഹചര്യമില്ല. വധശ്രമത്തിന് പിന്നീല്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്നും മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി നല്‍കുമെന്നും എംഎല്‍എ പറഞ്ഞു.