ബെംഗളൂരു: ബിജെപി സര്‍ക്കാരിന്‍റെ ഭാവി തന്നെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പാണ് കർണാടകയിലേത് അതുകൊണ്ട് തന്നെ തീവ്രപ്രചരണമാണ് ബിജെപി നടത്തുന്നത് . കോണ്‍ഗ്രസിന്‍റേയും ബിജെപിയുടേയും സിറ്റിങ്ങ് സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസില്‍ നിന്നും ജെഡിഎസില്‍ നിന്നും എംഎല്‍എ സ്ഥാനം രാജിവെച്ചെത്തിയ നേതാക്കള്‍ തന്നെയാണ് സ്ഥാനാര്‍ത്ഥികള്‍ എന്നതിനാല്‍ ബിജെപിയുടെ ആത്മവിശ്വാസം ഉയരത്തിലാണ്. 15 മണ്ഡലങ്ങളില്‍ 13 ഇടത്തും വിമതര്‍ തന്നെയാണ് സ്ഥാനാര്‍ത്ഥികള്‍.
വിമതരുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ബിജെപിയില്‍ വിഭാഗീയത ശക്തമായിരുന്നു. പ്രാദേശിക തലത്തിലും സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ കടുത്ത അസംതൃപ്തി ഉയര്‍ന്നിരുന്നു. വിമതര്‍ക്കെതിരെ 7 മണ്ഡലങ്ങളില്‍ ശക്തമായ പ്രതിഷേധമായിരുന്നു സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പാര്‍ട്ടിക്ക് ഉള്ളിലും പുറത്തും ഉണ്ടായത്. പലയിടത്തും വിമതര്‍ക്കെതിരെ വോട്ടര്‍മാര്‍ രംഗത്തെത്തിയിരുന്നു. കൂറുമാറിയവര്‍ക്ക് വോട്ടില്ലെന്ന് വരെ പലയിടങ്ങളിലും പോസ്റ്റുകള്‍ ഉയര്‍ന്നു.
പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ പോലീസ് അകടമ്പടിയോടെയായിരുന്നു വിമത നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ടമായപ്പോഴേക്കും കാര്യങ്ങള്‍ പാര്‍ട്ടിക്ക് അനുകൂലമായിട്ടുണ്ടെന്നാണ് ബിജെപിയുടെ ആഭ്യന്തര റിപ്പോര്‍ട്ട്. മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 13 ഇടത്ത് വിജയിക്കുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്. നേരത്തേ കടുത്ത മത്സരം നേരിട്ടിരുന്ന മഹാലക്ഷ്മി ലേയൗട്ട്, കെആര്‍ പുരം, ചിക്കബെല്ലാപുര, യെല്ലാപൂര്‍, കാഗ്വാദ്, അത്താണി, ഹിരേകേരൂര്‍, വിജയ നഗര്‍ എന്നിവടങ്ങളില്‍ എല്ലാം ബിജെപിക്ക് ഈസി വാക്കോവര്‍ ആണെന്ന് പാര്‍ട്ടി റിപ്പോര്‍ട്ട്.
മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന വൊക്കാലിംഗ, ഒബിസി വോട്ടുകള്‍ നിര്‍ണായകമായ മറ്റ് മണ്ഡലങ്ങളിലും കടുത്ത മത്സരത്തെ അതിജീവിച്ച് മുന്നേറാനാകുമെന്നും ബിജെപി വിലയിരുത്തുന്നു. ചില മണ്ഡലങ്ങളില്‍ തുടക്കത്തില്‍ ശക്തമായ മത്സരമായിരുന്നു നേരിട്ടത്. എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രചരണം ഇത് മറികടക്കാന്‍ സഹായിച്ചുവെന്ന് ബിജെപി നേതാവിനെ ഉദ്ധരിച്ച് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാര്‍ട്ടിയില്‍ വിമത സ്വരങ്ങള്‍ ഉയര്‍ന്നപ്പോള്‍ മുന്‍ മന്ത്രിമാരായ അരവിന്ദ് ലിമ്പാവല്ലി, രവികുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ പരിഹരിച്ചിരുന്നു. എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തകര്‍ പ്രചരണ രംഗത്ത് പ്രവര്‍ത്തിച്ചതെന്നും നേതാക്കള്‍ വ്യക്തമാക്കി. പ്രശ്നം ഹോസ്കോട്ട് ഹോസ്കോട്ടില്‍ മാത്രമാണ് ബിജെപി കടുത്ത വെല്ലുവിളി നേരിടുന്നത്. ഇവിടെ ബിജെപി വിമതന്‍ ശരത് ബച്ചേഗൗഡയാണ് സ്ഥാനാര്‍ത്ഥി. ചിക്കബെല്ലാപൂര്‍ എംപി കെഎന്‍ ബച്ചേഗൗഡയുടെ മകനാണ് ശരത്. മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചതോടെയാണ് ശരത് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.
ഹോസ്കോട്ടില്‍ കോണ്‍ഗ്രസ് വിമതനായ എംടിബി നാഗരാജാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. നാഗരാജിനെ പരാജയപ്പെടുത്താന്‍ ജെഡിഎസും കോണ്‍ഗ്രസും കൈകോര്‍ത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് അവസാനഘട്ടത്തിലേക്ക് കടന്നതോടെ ബിജെപിയെ പുറത്ത് നിര്‍ത്തുകയെന്ന ലക്ഷ്യത്തില്‍ വീണ്ടും കോണ്‍ഗ്രസും ജെഡിഎസും തമ്മില്‍ സഖ്യത്തിലെത്താനുള്ള സാധ്യത ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. സഖ്യം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് ഭൂരിപക്ഷം ലഭിച്ചില്ലേങ്കില്‍ ജെഡിഎസുമായി ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്ലി പറഞ്ഞത്. അതിനിടെ ജെഡിഎസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമിയുമായി ഡികെ ശിവകുമാര്‍ ഹൂബ്ലിയില്‍ വെച്ച് കൂടിക്കാഴ്ച നടത്തിയതോടെ സഖ്യം ഉപതിരഞ്ഞെടുപ്പിന് ശേഷം സഖ്യം ഉണ്ടാകുമെന്ന കാര്യം ഏറെ കുറെ ഉറപ്പായെന്നാണ് സൂചന.
കര്‍ണാടകത്തില്‍ 15 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചരണം ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. ഡിസംബര്‍ അഞ്ചിനാണ് തിരഞ്ഞെടുപ്പ്. 9 നാണ് വോട്ടെണ്ണല്‍. സര്‍ക്കാരിന്‍റെ ഭാവി തന്നെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ശക്തമായ പ്രചരണമാണ് പാര്‍ട്ടികള്‍ നടത്തുന്നത്. കുറഞ്ഞത് 6 എണ്ണത്തില്‍ വിജയിക്കാനായില്ലേങ്കില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ താഴെ വീഴും. ഇത് മുന്നില്‍ കണ്ടുള്ള പ്രചരണമാണ് ബിജെപി നയിച്ചത്. പരസ്യപ്രചരണം അവസാനിച്ചപ്പോൾ ബിജെപി വലിയ ആത്മവിശ്വാസത്തിലാണ്. 13 സീറ്റുകളില്‍ വിജയിക്കുമെന്നാണ് മണ്ഡലങ്ങളില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട്.