പോപ്പുലര്‍ ഫ്രണ്ടിനെയും എസ്ഡിപിഐയെയും നിരോധിക്കും;നിര്‍ദേശം അമിത് ഷായ്ക്കു മുന്നിലെത്തി.

ബെംഗളൂരു: എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) സംഘടനകലെ കർണാടകത്തിൽ നിരോധിക്കാനുള്ള നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഇന്നലെ ബെംഗളൂരുവിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കു മുഖ്യമന്ത്രി ബി.എസ്. യെദിയുരപ്പ, ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ, ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ എന്നിവര്‍ ഇരു സംഘടനകളെയും നിരോധിക്കണമെന്ന നിര്‍ദേശം സമര്‍പ്പിച്ചു. പൗരത്വ നിയമത്തെ അനുകൂലിച്ച് ഡിസംബര്‍ 22ന് ബെംഗളൂരു ടൗണ്‍ഹാളിനു മുന്‍പില്‍ നടന്ന റാലിയില്‍ പങ്കെടുത്ത് മടങ്ങിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വരുണ്‍ഭൂപാല്‍ (31)നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ആറ് എസ്ഡിപിഐക്കാര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

റാലിക്ക് നേരെ ആക്രമണം നടത്തി അതില്‍ പങ്കെടുത്ത തേജസ്വി സൂര്യ, യുവബ്രിഗേഡ് സ്ഥാപകന്‍ ചക്രവര്‍ത്തി സുള്ളിബലെ എന്നിവരെ വധിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാന്‍ എസ്ഡിപിഐ, പിഎഫ്‌ഐ പദ്ധതിയിടുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോര്‍ട്ടും സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ഇരു സംഘടനകളെയും നിരോധിക്കാനുള്ള നീക്കം സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കിയത്. ഹിന്ദുസംഘടനാ പ്രവര്‍ത്തകര്‍ക്ക് പുറമെ സംസ്ഥാനത്ത് കോണ്‍ഗ്രസ് എംഎല്‍എയും എസ്ഡിപിഐ, പിഎഫ്‌ഐ ആക്രമണത്തിനിരയായിട്ടുണ്ട്.


കഴിഞ്ഞ വര്‍ഷം നവംബര്‍ 17ന് വൈകിട്ട് നരസിംഹരാജയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കവെ കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയും എംഎല്‍എയുമായ തന്‍വീര്‍ സേട്ടിനെ എസ്ഡിപിഐക്കാര്‍ ആക്രമിച്ചിരുന്നു. വര്‍ഗീയ സംഘര്‍ഷമായിരുന്നു എസ്ഡിപിഐ, പിഎഫ്‌ഐ സംഘടനകള്‍ ലക്ഷ്യമിട്ടിരുന്നത്. തന്‍വീര്‍ സെയ്തിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള സംഘര്‍ഷങ്ങളില്‍ ഹിന്ദുനേതാക്കളെ വധിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. തന്‍വീര്‍ സെയ്തിനെ കുത്തിയ ശേഷം രക്ഷപെടാന്‍ ശ്രമിച്ച എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഫര്‍ഹാന്‍ പാഷയെ പിടികൂടിയതോടെയാണ് ലക്ഷ്യം പാളിയത്.

ആക്രമണത്തിന് പിന്നിലെ പ്രധാന ആസൂത്രകന്‍ ആബിദ് പാഷ, കൂട്ടാളികളായ അക്രം (ഡോണ്‍ അക്രം), നൂര്‍ഖാന്‍, മുഹീബ്, മുസമ്മില്‍ എന്നിവരെ പിന്നീട് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റു ചെയ്തു. ഇവര്‍ കേരളത്തിലെത്തി പരിശീലനം നേടിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരെ മംഗളൂരുവില്‍ ഡിസംബര്‍ 19ന് നടന്ന പ്രതിഷേധത്തിന്റെ മറവില്‍ അക്രമം നടത്തിയതിനു പിന്നിലും എസ്ഡിപിഐ, പിഎഫ്‌ഐക്ക് ബന്ധമുള്ളതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഇരു സംഘടനകളും സംസ്ഥാനത്ത് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നതായുള്ള അന്വേഷണ വെളിപ്പെടുത്തലിന്റെ കൂടി പശ്ചാത്തലത്തിലാണ് നിരോധന നടപടികള്‍ സര്‍ക്കാര്‍ വേഗത്തിലാക്കുന്നത്.

അതേസമയം സംസ്ഥാനത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന എസ്ഡിപിഐക്കും പോപ്പുലര്‍ ഫ്രണ്ടിനും കോണ്‍ഗ്രസ് സഹായം നല്‍കുന്നതായി സംസ്ഥാന ആരോഗ്യമന്ത്രി ബി. ശ്രീരാമലു ആരോപിച്ചു.അധികാരം ലഭിക്കാത്തപ്പോഴെല്ലാം കോണ്‍ഗ്രസ് ഇവരുടെ സഹായത്തോടെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. എസ്ഡിപിഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ നിര്‍ദേശം വയ്ക്കുമെന്നും ശ്രീരാമലു പറഞ്ഞു. എസ്ഡിപിഐയെ നിരോധിക്കണമെന്ന് മന്ത്രി ജഗദീഷ് ഷെട്ടാറും ആവശ്യപ്പെട്ടു. എപ്പോഴും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന എസ്ഡിപി ഐയെ നിരോധിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ വളരെ ഗൗരവത്തിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തീവ്രവാദികളുടെ രാഷ്ട്രീയ മുന്നണിയാണ് എസ്ഡിപിഐയും പിഎഫ്‌ഐയുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. നിരോധിച്ച സ്റ്റുഡന്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ (സിമി)യുടെ പുതിയ പതിപ്പാണ് ഈ സംഘടനകള്‍. പേരുമാത്രമാണ് മാറ്റിയിരിക്കുന്നതെന്നും പ്രവര്‍ത്തനം സമാനമാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നടന്ന നിരവധി ആക്രമണങ്ങളില്‍ ഇരു സംഘടനകള്‍ക്കുമുള്ള പങ്ക് വ്യക്തമായിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ഗൂഢാലോചന സംബന്ധിച്ചും സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇരു സംഘടനകളെയും നിരോധിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Top