കോണ്‍ഗ്രസിലെ 14 ഉം ജെഡിഎസിലെ 3 ഉം വിമത എംഎല്‍എമാരെ സ്പീക്കര്‍ ആയോഗ്യരാക്കിയതോടെ 17 നിയോജക മണ്ഡലങ്ങളിലാണ് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോവുന്നത്. നിയമപോരാട്ടങ്ങള്‍ ഏറെക്കാലം നീണ്ടുപോയില്ലെങ്കില്‍ 6 മാസത്തിനുള്ളില്‍ തന്നെ തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. ഉപതിരഞ്ഞെടുപ്പില്‍ വിജയം നേടി വിമത എംഎല്‍എമാര്‍ക്കും ബിജെപിക്ക് ശക്തമായ തിരിച്ചടി നല്‍കണമെന്ന വികാരമാണ് ഇന്നലെ ചേര്‍ന്ന നേതൃയോഗത്തില്‍ ഉയര്‍ന്നുവന്നത്.അയോഗ്യരാക്കിയ നടപടി സുപ്രീംകോടതി അംഗീകരിച്ചാല്‍ അത് വിമതര്‍ക്ക് വലിയ തിരിച്ചടിയാവും. ഉപതിരഞ്ഞെടുപ്പില്‍ അവര്‍ക്ക് സ്ഥാനാര്‍ത്ഥികളാവാന്‍ കഴിയില്ല. മറിച്ച് സുപ്രീംകോടതി അയോഗ്യത റദ്ദാക്കുകയും രാജി അംഗീകരിക്കപ്പെടുമെന്ന് വ്യക്തമാക്കുകയും ചെയ്താല്‍ ഉപതിരഞ്ഞെടുപ്പില്‍ വിമതര്‍ തന്നെയായിരിക്കും ബിജെപി സ്ഥാനാര്‍ത്ഥികളായി എത്തുക. ഈ സാഹചര്യവും കോണ്‍ഗ്രസ് മുന്‍കൂട്ടി കാണുന്നുണ്ട്.
14 കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ മുന്‍നിര്‍ത്തി ബിജെപി കളിച്ച കളിയില്‍ സഖ്യസര്‍ക്കാര്‍ വീണത് തിരിച്ചടിയായെങ്കിലും ശക്തമായ പ്രവര്‍ത്തനവുമായി മുന്നോട്ടുപോവാനാണ് ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചത്. ബിജെപി സര്‍ക്കാറിനെതിരെ ക്രിയാത്മ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് യോഗത്തിന് ശേഷം പാര്‍ട്ടി നേതാക്കള്‍ വ്യക്തമാക്കി.ജെഡിഎസുമായുള്ള സഖ്യം തുടരണമോയെന്ന കാര്യത്തില്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. യോഗത്തില്‍ ചിലര്‍ ഇതേസംബന്ധിച്ച് സംയങ്ങള്‍ ഉന്നയിച്ചെങ്കിലും ധൃതിപിടിച്ച് തീരുമാനം എടുക്കേണ്ടെന്നാണ് ഭൂരിപക്ഷത്തിന്‍റെയും തീരുമാനം. നിര്‍ണ്ണായകമായ 17 നിയമസഭാ സീറ്റുകളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രവര്‍ത്തനം നടത്താനും യോഗം തീരുമാനിച്ചു.