ബെംഗളൂരു: മന്ത്രിമാരുടെ സന്ദര്‍ശനം പലരീതിയിലും ജനങ്ങളെ ബുദ്ധിമുട്ടിക്കാറുണ്ട്. ഇപ്പോള്‍ ജീവന്‍ വരെ എടുക്കുന്ന തരത്തിലാണ് കാര്യങ്ങള്‍. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാഹനവ്യൂഹത്തിന് കടന്നു പോകാനായി റോഡ് തടഞ്ഞപ്പോള്‍ ബ്ലോക്കില്‍ പെട്ട് ഒരു ജീവനാണ് പൊലിഞ്ഞത്.
ആശുപത്രിയിലെത്തിക്കാന്‍ കഴിയാതെ ആംബുലന്‍സില്‍ ഗുരുതരാവസ്ഥയിലായ സ്ത്രീയാണ് മരിച്ചത്. മുഖ്യമന്ത്രിക്ക് കടന്നു പോകാനായി അര മണിക്കൂറോളമാണ് ഗതാഗതം സ്തംഭിപ്പിച്ചത്. യാതൊരു വാഹനങ്ങളും കടത്തിവിടാതിരുന്നതിനാലാണ് ബ്ലോക്കില്‍ കുടുങ്ങിയ ആംബുലന്ഡസില്‍ അത്യാസന്ന നിലയിലുണ്ടായിരുന്ന സ്ത്രീ ചികിത്സ ലഭിക്കാതെ മരണപ്പെട്ടത്. ജൂണ്‍ 25നായിരുന്നു സംഭവം.
ബെംഗളുരുവിലെ ഹൊസ്‌കോട്ടയിലാണ് സംഭവം. ആംബുലന്‍സില്‍ ഉള്ളത് അതീവ ഗുരുതരാവസ്ഥയിലുള്ള സ്ത്രീയാണെന്ന് ഇവരുടെ ബന്ധുക്കള്‍ സുരക്ഷ ഉദ്യോഗസ്ഥരോട് പറഞ്ഞുവെങ്കിലും മന്ത്രിയുടെ വാഹനവ്യൂഹത്തിന്റെ സുരക്ഷ പരിഗണിച്ച് ആംബുലന്‍സിന് വഴിയൊരുക്കാന്‍ പൊലീസ് അധികൃതര്‍ തയ്യാറായില്ലെന്ന് മരണപ്പെട്ട സ്ത്രീയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. കൊലാറില്‍ നിന്ന് നിന്ന് ഹൊസ്മാറ്റ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലന്‍സ് ആണ് പോലീസ് തടഞ്ഞിട്ടത്.
എന്നാല്‍ ഇവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത് പോലെ രോഗി മരിച്ചിട്ടില്ലെന്നുമാണ് പോലീസ് ഭാഷ്യം. എന്നാല്‍ സംഭവം ചര്‍ച്ചയായതോടെ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്.