റിസോര്‍ട്ടില്‍ നിന്നും എംഎല്‍എ ചാടിപ്പോയി..!! രാജി പിന്‍വലിക്കാന്‍ തയ്യാറായി രാമലിംഗ റെഡ്ഡി; കര്‍ണാടക മന്ത്രിസഭ തകര്‍ച്ചയിലേയ്ക്ക്

ബെംഗളുരു: മുംബെെയിലെ റിസോര്‍ട്ടുകളില്‍ നിന്നും സുപ്രീം കോടതിയിലേക്കു നീണ്ട അധികാര വടംവലിക്കൊടുവില്‍ കര്‍ണാടക നിയമസഭയില്‍ ഇന്ന് ബലപരീക്ഷണം. വിശ്വാസ വോട്ടെടുപ്പിനായി ഇന്നു ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കണോ എന്നു തീരുമാനിക്കാന്‍ 15 വിമത എം.എല്‍.എമാര്‍ക്കു സുപ്രീം കോടതി സ്വാതന്ത്ര്യം നല്‍കി. വിശ്വാസവോട്ടിന് എത്തില്ലെന്നു മുംെബെയിലുള്ള വിമതര്‍ അറിയിച്ചതോടെ 13 മാസം നീണ്ട ജെ.ഡി.എസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ പതനത്തിന്റെ വക്കിലെത്തി.

ഇതിനിടെ, ബാക്കിയായ എംഎല്‍എമാരെ എങ്കിലും സുരക്ഷിതമാക്കി വയ്ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. റിസോര്‍ട്ടില്‍ താമസിപ്പിച്ചിരുന്ന ഒരു എംഎല്‍എ ചാടിപ്പോയതായി റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് ബാലസാഹേബ് പാട്ടീലിനെയാണ് റിസോര്‍ട്ടില്‍ നിന്ന് കാണാതായത്. ബുധനാഴ്ച രാത്രി എട്ടു മണി മുതല്‍ ഇയാളെ റിസോര്‍ട്ടില്‍ കാണുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പാട്ടീലിനായി വിമാനത്താവളങ്ങളിലടക്കം തിരച്ചില്‍ നടത്തി വരികയാണ്. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ജി.പരമേശ്വരയും കോണ്‍ഗ്രസ് എംഎല്‍എമാരുമായി ഇവരെ താമസിപ്പിച്ച പ്രകൃതി റിസോര്‍ട്ടില്‍ വെച്ച് ബുധനാഴ്ച രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനിടയിലാണ് പാട്ടീലിനെ കാണാതായത്. എന്നാല്‍ എംഎല്‍എയെ കാണാതായെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നിഷേധിച്ചു. ശ്രീമന്ത് പാട്ടീല്‍ ആശുപത്രിയില്‍ ചികിത്സക്ക് പോയതാണെന്നാണ് നല്‍കുന്ന വിശദീകരണം.

പ്രതിസന്ധിയിലായ സഖ്യ സര്‍ക്കാരിന് താത്കാലിക ആശ്വാസം നല്‍കി വിമത എംഎല്‍എമാരില്‍ ഒരാള്‍ രാജി പിന്‍വലിക്കുമെന്ന് അറിയിച്ചു. കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡിയാണ് രാജി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് അനുകൂലമായി അദ്ദേഹം വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുംബൈയില്‍ തുടരുന്ന മറ്റു വിമതര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തേക്കില്ലെന്നാണ് സൂചന. ഇവരുടെ പിന്തുണയില്ലാതെ വിശ്വാസ വോട്ടെടുപ്പില്‍ സര്‍ക്കാരിന് ജയിക്കാനാവില്ല.

വിമതരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നും എന്നാല്‍, വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എം.എല്‍.എ.മാരെ നിര്‍ബന്ധിക്കാനാകില്ലെന്നുമുള്ള സുപ്രീംകോടതിയുടെ വിധി, ഫലത്തില്‍ സഖ്യസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയായി. നിലവിലെ സാഹചര്യത്തില്‍ വിശ്വാസവോട്ട് നേടാനുള്ള അംഗബലം ഭരണപക്ഷത്തിനില്ല.

കോണ്‍ഗ്രസില്‍ നിന്നു പതിമൂന്നും ജനതാദള്‍-എസില്‍നിന്നു മൂന്നും എം.എല്‍.എ.മാരാണു രാജിവെച്ചത്. സര്‍ക്കാരിന് വിശ്വാസവോട്ട് നേടണമെങ്കില്‍ ഇവരില്‍ കുറഞ്ഞത് ഏഴുപേരെ തിരിച്ചെത്തിക്കണം. എന്നാല്‍, മുതിര്‍ന്ന നേതാവ് രാമലിംഗ റെഡ്ഡിയെ മാത്രമാണു മടക്കിക്കൊണ്ടുവരാനായത്. അതേ സമയം മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ റിസോര്‍ട്ടില്‍ നിന്ന് ചാടിപോയതും സര്‍ക്കാരിന് ഇരുട്ടടിയായി.

Top