ആലപ്പുഴ: അക്ഷരലക്ഷം പരീക്ഷയില്‍ നൂറില്‍ 98 മാര്‍ക്ക് വാങ്ങി ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനി അമ്മയെ ആരും അത്ര പെട്ടെന്ന് മറക്കാനിടയില്ല. കഴിഞ്ഞ ദിവസം കാര്‍ത്ത്യായനിയമ്മയുടെ വലിയൊരാഗ്രഹം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് സാധിച്ചുകൊടുത്തു. കാര്‍ത്ത്യായനിയമ്മയെ അനുമോദിക്കാന്‍ മന്ത്രി വീട്ടിലെത്തിയത് ഒരു ലാപ്‌ടോപുമായാണ്.
കേരളപ്പിറവി ദിനത്തില്‍ അക്ഷരലക്ഷം പരീക്ഷയുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങിയ കാര്‍ത്ത്യായനിയമ്മയോട് ഇനിയെന്താണ് ആഗ്രഹമെന്ന് ചോദിച്ച മാധ്യമങ്ങളോട് കമ്പ്യൂട്ടര്‍ പഠിക്കണമെന്നാണ് അവര്‍ പറഞ്ഞത്. മന്ത്രി ലാപ്‌ടോപ് കൊണ്ടുവന്നപ്പോള്‍ അത് ഓണ്‍ ചെയ്ത് ഇംഗ്ലീഷില്‍ തന്റെ പേര് ടൈപ് ചെയ്ത് കാണിക്കാനും അമ്മ മറന്നില്ല. അടുത്ത വര്‍ഷം പത്താംതരം തുല്യത പരീഷ എഴുതാനുള്ള ആഗ്രഹവും അവര്‍ മന്ത്രിയോട് പങ്കുവച്ചു.
പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍, എസ്ഐഇടി ഡയറക്ടര്‍ അബുരാജ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.