ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പുതിയ വിവാദം തലപൊക്കുന്നു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വെളിപ്പെടുത്തലാണ് വന്‍ വിവാദമായിരിക്കുന്നത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ട്രംപ് ഇക്കാര്യം പറഞ്ഞത്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഹായം അഭ്യര്‍ത്ഥിച്ചതായും ട്രംപ് വ്യക്തമാക്കി.
എന്നാല്‍ ട്രംപിന്റെ ഈ വെളിപ്പെടുത്തലുകള്‍ ഇന്ത്യ പാടെ തള്ളി. ട്രംപ് മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവിശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൈറ്റ്ഹൗസിലെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കിയത്. കശ്മീരിലെ സ്ഥിതി വളരെ വഷളാണെന്നും രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയുമെങ്കില്‍ ഇടപെടാമെന്നും ട്രംപ് പറഞ്ഞു.
ഒസാക്കയില്‍ ജി 20 ഉച്ചകോടിക്കിടെയാണ് കശ്മീര്‍ വിഷയത്തില്‍ മോദി സഹായം അഭ്യര്‍ഥിച്ചതെന്നാണ് ട്രംപ് പറഞ്ഞത്. ട്രംപിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നാവശ്യവുമായി പല നേതാക്കളും രംഗത്തെത്തിയിരുന്നു.
ട്രംപ് പറഞ്ഞത് ശരിയാണോയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കണമെന്നും ട്രംപ് കള്ളം പറയുകയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ജമ്മു കാശ്മീര്‍ നേതാവ് ഒമര്‍ അബ്ദുള്ള പറഞ്ഞു. ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്!ക്ക് അടിയറവ് വെയ്ക്കുകയാണോയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു.