‘തീവ്രവാദിയായ’ ആറു മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു: വെടിയേറ്റു വീണ 235 പേരുടെ മൃതദേഹം സംസ്‌കരിച്ച കാശ്മീരിയ്ക്ക് താഴ്വരയില്‍ അന്ത്യവിശ്രമം

ലഡാക്ക്: അന്ന് അവളുടെ ശരീരത്തില്‍ നിന്നും മൂന്നു വെടിയുണ്ട പാടുകളാണ് അട്ടാമുഹമ്മദിനു കണ്ടെത്താനായത്. വെടിയേറ്റു വീണ തീവ്രവാദിക്കൂട്ടത്തിലുള്ളവളായിരുന്നു അവളും- പ്രായം ആറു മാസം..! ഇന്ത്യന്‍ സൈനികര്‍ വെടിവച്ചു കൊല്ലുന്ന അജ്ഞാതരായ ആളുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്ന അട്ടാമുഹമ്മദെന്ന 75 കാരന് ഈ കഥകള്‍ ഇനി പറയാനാവില്ല. പ്രായത്തിന്റെ അസ്വസ്ഥതകള്‍ ബാധിച്ചു ചികിത്സയിലായിരുന്ന അട്ടാമുഹമ്മദ് വിട പറഞ്ഞു. സംസ്‌കാരം താഴ് വരയിലെ ശ്മശാനത്തില്‍ നടത്തി.
വര്‍ഷങ്ങള്‍ നീണ്ടു നിന്ന സംഘര്‍ഷങ്ങള്‍ക്കിടെ അതിര്‍ത്തി കടന്നെത്തുന്ന തീവ്രവാദികളെ അടക്കം ചെയ്തിരുന്നത് അട്ടാമുഹമ്മദിന്റെ ശ്മശാനത്തിലായിരുന്നു. ശ്രീനഗറില്‍ നിന്നും എണ്‍പത് കിലോമീറ്റര്‍ അകലെ ലൈന്‍ ഓഫ് കണ്‍ട്രോളിനു സമീപത്ത് ബിംയാര്‍ വില്ലേജില്‍ ചഹാലിലായിരുന്നു അട്ടാമുഹമ്മദിന്റെ താമസം. അതിര്‍ത്തിവല നൂണ്ടെത്തുന്ന തീവ്രവാദികള്‍ സൈന്യത്തിന്റെ തോക്കിനിരയായി വീഴുമ്പോള്‍, സൈന്യം അട്ടായെ വിളിക്കും. കൃത്യമായ ബഹുമതികളോടെ സംസ്‌കാരം നടത്താന്‍.
തന്റെ ഔദ്യോഗിക ജോലിയുടെ ഭാഗമെന്ന നിലയില്‍ ആ മൃതദേഹം ഏറ്റെടുക്കുന്ന അട്ടാ കൃത്യമായ സേവന സന്നദ്ധതയോടെ തന്നെ മൃതദേഹം സംസ്‌കരിക്കും. കൊല്ലപ്പെട്ടത് ആരാണെന്നോ, എവിടുത്താകാരനാണെന്നോ അറിയില്ലെങ്കിലും അട്ടാ തന്റെ സ്വന്തം പ്രാര്‍ഥന അവസാനമായി ചൊല്ലിയ ശേഷമാവും സംസ്‌കാരം നടത്തുക. ഏത് ആത്മാവിനും ശാന്തി നല്‍കുന്ന പ്രാര്‍ഥനയാവും അട്ടായുടേതെന്ന് മുതിര്‍ന്ന സൈനിക വൃത്തങ്ങള്‍ തന്നെ പറയുന്നു.
കഴിഞ്ഞ കാല്‍നൂറ്റാണ്ടോളമായി സൈനിക ആക്രമങ്ങള്‍ക്കു വിധേയരായി കൊല്ലപ്പെടുന്നവരുടെ മൃതദേഹങ്ങള്‍ അട്ടായുടെ ശ്മശാനത്തില്‍ സൈനികര്‍ എത്തിക്കുകയായിരുന്നു പതിവ്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ എന്ന പേരിലാണ് സൈനികര്‍ എത്തിക്കുക. ഒരു തവണ ഇത്തരത്തില്‍ സൈന്യം എത്തിച്ച മൃതദേഹങ്ങളോടൊപ്പം ഒരു ആറു മാസം പ്രായമുള്ള കുട്ടിയുടെ മൃതദേഹവും ഉണ്ടായിരുന്നു. ഇത് ആരുടേതാണെന്ന അട്ടയുടെ ചോദ്യത്തിനു കുനിഞ്ഞ തലയായിരുന്നു സൈനികന്റെ മറുപടി..!
ഇത്തരത്തില്‍ താഴ് വരയില്‍ നിന്നു കാണാതാകുന്നവര്‍ക്കു വേണ്ടിയും അട്ടാ പ്രവര്‍ത്തിച്ചിരുന്നതായി അസോസിയേഷന്‍ ഓഫ് പേരന്റ്‌സ് ഓഫ് ഡിസപ്പിയേര്‍ഡ് പഴ്‌സണ്‍സ് പറയുന്നു. ഏതാണ്ട് 7000 പേരെയാണ് ഇത്തരത്തില്‍ താഴ്വരയില്‍ നിന്നു മാത്രം കാണാതായിരിക്കുന്നത്.

Top