ഭീകരരൂപിയായെത്തിയ മോഷ്ടാവിന്റെ പിടിയില്‍ നിന്ന് സ്ത്രീകളും കുഞ്ഞുങ്ങളും രക്ഷപ്പെട്ടത് ഇങ്ങനെ…

കാസര്‍ഗോഡ്: ഒരു രാത്രി ഇരുട്ടി വെളുപ്പിക്കാന്‍ അവര്‍ അനുഭവിച്ച ഭയം പറഞ്ഞറിയിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചു ഭീകരരൂപിയായി എത്തിയ മോഷ്ടാവ് പിഞ്ചുമക്കളുടെ കഴുത്തില്‍ കത്തിവച്ചു കൊല്ലുമെന്ന ഭീഷണിയുയര്‍ത്തിയത് ആമിനയുടെയും മറിയംബിയുടെയും മനസില്‍ ഇപ്പോഴും ഒരു ഞെട്ടലായി കിടക്കുകയാണ്.കാസര്‍ഗോഡ് പൈക്ക ചൂരിപ്പള്ളത്താണ് മോഷണം നടന്നത്. മറിയാംബിയും ആമിനയും രണ്ട് കുഞ്ഞുങ്ങളും താമസിക്കുന്ന വീട്ടിലെ ഹാളില്‍ സാധാരണ രാത്രി ലൈറ്റ് അണയ്ക്കാറില്ല. എല്ലാ മുറികളിലേക്കും ഈ വെളിച്ചം മതി. കിടപ്പുമുറി പൂട്ടാതെയാണു കിടക്കാറ്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ഇരുട്ടിന്റെ മറവില്‍ അക്രമിയായ ഒരു മോഷ്ടാവ് ഇവരുടെ വീട് ലക്ഷ്യം വെച്ചെത്തി. ഈ സമയം പുറത്ത് മഴ തകര്‍ത്ത് പെയ്യുകയായിരുന്നു.

ഹാളില്‍ ആളനക്കമുണ്ടെന്ന് ആമിനയ്ക്ക് തോന്നിയെങ്കിലും ഉറക്കക്ഷീണത്താല്‍ കിടക്കയില്‍ തന്നെ കിടന്നു. പെട്ടെന്നാണ് ജാക്കറ്റും കയ്യുറയും ധരിച്ചെത്തിയ ആള്‍ മുഖത്തു മുളകുപൊടി വിതറിയത്. എന്താണു സംഭവിച്ചതെന്നറിയാതെ പകച്ചുനിന്നതോടെ ചുമരിനു തല ചേര്‍ത്തിടിച്ചു, കഴുത്തില്‍ കത്തിവച്ചു. വീടിന്റെ അടുക്കളയിലെ സ്റ്റോര്‍ മുറിയുടെ ഗ്രില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നത്. ഇവിടെ ഒന്നുമില്ലെന്ന് ആമിന നിലവിളിച്ചു. ഇത് കേട്ടാണു മറിയംബി ഉണര്‍ന്നത്. ഇതോടെ ആമിനയെ വിട്ടു മറിയംബിയുടെ നേരെ മോഷ്ടാവ് തിരിയുകയും കത്തിവീശുകയും ചെയ്തു. മാറാന്‍ ശ്രമിച്ചപ്പോഴൊക്കെ കൈക്ക് വെട്ടുകയും ചവിട്ടുകയും ചെയ്തു. മറിയംബിയുടെ ഇരുകൈകള്‍ക്കും ആമിനയുടെ മുഖത്തുമാണു പരുക്കേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരുവിധം ചെറുത്തുനിന്നു മറിയംബിയും ആമിനയും ആമിനയുടെ മുറിയില്‍ കയറി വാതിലിന്റെ കുറ്റിയിട്ടു. ഇതൊന്നും അറിയാതെ അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു മറിയംബിയുടെ മക്കളായ മുഹമ്മദ് ഹാദി (രണ്ട്), ഇസഫാത്തിമ (അഞ്ച്)എന്നിവര്‍. മോഷ്ടാക്കള്‍ കുഞ്ഞുങ്ങളെ കാണില്ലെന്നാണ് മറിയാംബിയും ആമിനയും കരുതിയതെങ്കിലും തെറ്റി. കിടപ്പുമുറിയുടെ വാതിലിനു പുറത്ത് മക്കളുടെ നിലവിളി കേട്ടതോടെ സ്ത്രീകള്‍ വാതില്‍ തുറന്നു. കുട്ടികളുടെ കഴുത്തില്‍ കത്തിവച്ചു കൊല്ലുമെന്നു പറയുകയാണു മോഷ്ടാവ്. ഇതോടെ ആമിനയുടെ മാലയും മറിയംബിയുടെ ബ്രേസ്‌ലറ്റും വളയും നല്‍കി. തങ്ങളുടെ കൈയില്‍ ഇത് മാത്രമേയുള്ളൂവെന്ന് ആണയിട്ട് പറഞ്ഞതോടെയാണ് മോഷ്ടാവ് പിന്‍വാങ്ങിയത്.

ഏഴേ മുക്കാല്‍ പവന്‍ തൂക്കം വരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഭര്‍ത്താവ് മരിച്ച ആമിനയുടെ മകന്‍ വിദേശത്താണ്. കാസര്‍ഗോട് ഡിവൈഎസ്പി എം.വി.സുകുമാരന്‍, ബദിയടുക്ക എസ്‌ഐ മെല്‍വിന്‍ ജോസ് എന്നിവര്‍ പരിശോധന നടത്തി. ഇതുവരെ മോഷ്ടാവിനെക്കുറിച്ചു യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

Top