കത്വാ കേസ്: കുട്ടി പ്രതി രക്ഷപ്പെടില്ല; പ്രായപൂര്‍ത്തിയെന്ന് തെളിഞ്ഞു

ജമ്മു: കത്തുവ കേസിലെ പ്രതിയെ ജുവനൈലായി പരിഗണിച്ച വിചാരണ കോടതി നടപടിക്കെതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രതിയുടെ പിതാവ് മൂന്നു മക്കളുടെ ജനന തീയതി റജിസ്റ്റര്‍ ചെയ്യാന്‍ തഹസില്‍ദാര്‍ക്ക് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണക്കാക്കിയത്. എന്നാല്‍ പ്രതിയുടെ പിതാവ് നല്‍കിയ അപേക്ഷയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

പ്രതിയുടെ പിതാവ് തഹസില്‍ദാര്‍ക്ക് നല്‍കിയ അപേക്ഷയ്‌ക്കൊപ്പം പ്രതിയുടെ പ്രായത്തെക്കുറിച്ചുളള ജമ്മു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. പ്രതിയുടെ പ്രായം 19 ന് താഴെയല്ലെന്നും 23 ല്‍ കൂടുതല്ലെന്നുമാണ് മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

14 വര്‍ഷങ്ങള്‍ക്കു മുന്‍പ് ജനിച്ച മൂന്നു മക്കളുടെ ജനനതീയതി റജിസ്റ്റര്‍ ചെയ്യുന്നതിനായി 2004 ഏപ്രില്‍ 15 നാണ് പ്രതിയുടെ പിതാവ് ഹിരാനഗര്‍ തഹസില്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷയില്‍ ആദ്യ കുട്ടിയുടെ ജനനം നവംബര്‍ 23, 1997, രണ്ടാമത്തെ കുട്ടിയുടെ ജനനം ഫെബ്രുവരി 21, 1998, ഇളയ കുട്ടിയുടെ ജനനം ഒക്ടോബര്‍ 23, 2002 എന്നുമാണ് എഴുതിയിരിക്കുന്നത്. ഇതില്‍ ഇളയ കുട്ടിയാണ് കത്തുവയില്‍ എട്ടു വയസുകാരിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഭവത്തിലെ പ്രതി.

പ്രതിയുടെ പിതാവിന്റെ അപേക്ഷയില്‍ മൂത്ത കുട്ടിയും രണ്ടാമത്തെ കുട്ടിയും തമ്മില്‍ രണ്ടു മാസവും 28 ദിവസവും വ്യത്യാസമേ ഉളളൂ. ഇക്കാര്യം ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല പ്രതിയുടെ ജനനം തെളിയിക്കുന്നതിന് മുന്‍സിപ്പല്‍ കമ്മിറ്റിയില്‍നിന്നോ അല്ലെങ്കില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍നിന്നോ ഒരു രേഖയും പിതാവ് സമര്‍പ്പിച്ചിട്ടില്ല. മാത്രമല്ല പിതാവ് നല്‍കിയ അപേക്ഷയില്‍ ആദ്യ രണ്ടു കുട്ടികളും ജനിച്ചത് എവിടെയാണെന്ന് പറഞ്ഞിട്ടില്ല. മൂന്നാമത്തെ കുട്ടി ജനിച്ചത് ഹിരാനഗറിലെ സര്‍ക്കാര്‍ ആശുപത്രിയിലാണെന്നാണ് പറഞ്ഞിരിക്കുന്നത്.

ബ്ലോക്ക് മെഡിക്കല്‍ ഓഫിസര്‍ ആശുപത്രി രേഖകള്‍ പരിശോധിച്ചുവെങ്കിലും 2002 ഒക്ടോബര്‍ 23 ന് പ്രതിയുടെ മാതാവിന്റെ പേരില്‍ പ്രസവം റജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. ക്ലിനിക്കല്‍ ടെസ്റ്റിന്റെയും ബാഹ്യരൂപത്തിന്റെയും അടിസ്ഥാനത്തില്‍ പ്രതിയുടെ പ്രായം 19 നും 23 നും ഇടയ്‌ക്കെന്നാണ് മെഡിക്കല്‍ ബോര്‍ഡ് നിര്‍ണയിച്ചത്.

ജുവൈനല്‍ ആയി വിചാരണ കോടതി കണക്കാക്കിയ പ്രതിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനും കൂട്ട ബലാല്‍സംഗം ചെയ്യുന്നതിലും കൊലപ്പെടുത്തുന്നതിലും മുഖ്യ പങ്കു വഹിച്ചതെന്നും അന്വേഷണത്തില്‍ വ്യക്തമായതാണെന്നും ക്രൈംബ്രാഞ്ച് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തുവ കേസില്‍ എട്ടു പ്രതികളാണുളളത്.

Top