കോഴിക്കോട്: സഹകരണമേഖലയില്‍ കേരളത്തിന്റെ സ്വന്തം വിമാനക്കമ്പനിക്ക് ചിറകുമുളയ്ക്കുന്നു. കേരള സിവില്‍ ഏവിയേഷന്‍ ഡിവലപ്‌മെന്റ് സഹകരണസംഘം ലിമിറ്റഡ് എന്നാകും കമ്പനിയുടെ പേര്. രജിസ്‌ട്രേഷഷന്‍ നടപടികള്‍ വെള്ളിയാഴ്ച തുടങ്ങും. സര്‍ക്കാര്‍ പൂര്‍ണപിന്തുണ വാഗ്ദാനംചെയ്തിട്ടുണ്ടെന്നും ഏപ്രിലോടെ സര്‍വീസ് തുടങ്ങാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും പദ്ധതിക്ക് ചുക്കാന്‍പിടിക്കുന്ന സഹകാരിയും കോഴിക്കോട് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനുമായ സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു.
സഹകരണമേഖലയില്‍ കമ്പനി തുടങ്ങി വിമാനങ്ങള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താനാണ് പദ്ധതി. കോഎയര്‍’ എന്നപേരാണ് ഉദ്ദേശിക്കുന്നത്. വിജയകൃഷ്ണന്റെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി വി.ഡി. സതീശനെക്കണ്ട് സംസാരിച്ചിരുന്നു. സര്‍ക്കാര്‍ അനുകൂല നിലപാടെടുത്തതോടെയാണ് രജിസ്‌ട്രേഷഷന്‍നടപടികളിലേക്ക് കടക്കുന്നത്. സഹകരണസംഘത്തിന്റെ രജിസ്‌ട്രേഷഷന്‍ പൂര്‍ത്തിയായാല്‍ അതിന്റെ കീഴില്‍ പബ്ലിക് ലിമിറ്റഡ് കമ്പനി തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കും.
55 ശതമാനം ഓഹരികള്‍ സഹകരണസംഘത്തില്‍നിന്നും ബാക്കി പൊതുജനങ്ങളില്‍നിന്നും സമാഹരിക്കാനുമാണ് ലക്ഷ്യമിടുന്നത്. 200 സഹകരണസംഘങ്ങളില്‍നിന്ന് രണ്ടുകോടി രൂപവീതം സമാഹരിക്കാനാണ് ആലോചന. ആദ്യഘട്ടത്തില്‍ രണ്ട് വിമാനങ്ങള്‍ വാടകയ്‌ക്കെടുക്കും. കേരളത്തിനകത്തും ബെംഗളൂരു, കോയമ്പത്തൂര്‍, മംഗളൂരു, ചെന്നൈ, മധുര എന്നീ വിമാനത്താവളങ്ങളിലേക്കും സര്‍വീസ് നടത്തും.
ചെറുവിമാനങ്ങള്‍, ഹെലികോപ്റ്ററുകള്‍, എയര്‍ ആംബുലന്‍സ് എന്നിവയും പാട്ടത്തിനെടുക്കും. സംസ്ഥാന സര്‍ക്കാരിനും ആരോഗ്യവകുപ്പിനും പോലീസ്-അഗ്‌നിരക്ഷാസേന തുടങ്ങിയ സേനകള്‍ക്കും അടിയന്തരഘട്ടത്തില്‍ ഇത് ഉപയോഗപ്പെടുത്താനാകുമെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ പറയുന്നു. കേന്ദ്ര സിവില്‍ വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡുവിനെയും സംഘം ഡല്‍ഹിയിലെത്തി കണ്ടിരുന്നു. കേന്ദ്രവും അനുകൂലനിലപാടിലായിരുന്നു. കമ്പനിയുടെ നേതൃത്വത്തില്‍ ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടും തുടങ്ങും.


