ന്യൂഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പുതിയ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയായേക്കുമെന്ന് അഭ്യൂഹങ്ങള്‍. ഫഡ്നാവിസിന്റെ അടിയന്തര ഡല്‍ഹി സന്ദര്‍ശനമാണ് ഈ അഭ്യൂഹങ്ങള്‍ ശക്തമാക്കിയത്. ഫഡ്നാവിസിനെ കേന്ദ്രമന്ത്രി പദവിയില്‍ നിയോഗിച്ചേക്കുമെന്ന ശിവസേന( യുടിബി) നേതാവിന്റെ പ്രതികരണവും അഭ്യൂഹങ്ങളെ ശക്തമാക്കിയിട്ടുണ്ട്
സോളാര്‍പൂര്‍ പണ്ഡര്‍പൂരിലെ വിത്തല്‍-രുക്മിണി ക്ഷേത്രത്തില്‍ ആഷാദി ഏകാദശി പൂജകള്‍ക്ക് എത്തിയതായിരുന്നു ദേവേന്ദ്ര ഫഡ്നാവിസും ഭാര്യ അമൃതയും. പ്രാര്‍ത്ഥനകളും മറ്റ് ഔദ്യോഗിക പരിപാടികളും പൂര്‍ത്തിയാക്കി ഫഡ്നാവിസും ഭാര്യയും ഡല്‍ഹിയിലേക്ക് തിരിക്കുകയായിരുന്നു.
വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച സാഹചര്യത്തില്‍ ദേവേന്ദ്ര ഫഡ്നാവിസ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി വരാന്‍ സാധ്യത വളരെ കൂടുതലാണെന്ന് ശിവസേന (യുടിബി നേതാവ്) സഞ്ജയ് റാവത്ത് പറഞ്ഞു. ‘നരേന്ദ്രമോദി സര്‍ക്കാരില്‍ ഫഡ്നാവിസ് പ്രധാന പദവി വഹിക്കാന്‍ സാധ്യതയേറിയിരിക്കുകയാണ്.’
‘ഉന്നത വിദ്യാഭ്യാസം നേടിയ, അഭിഭാഷകനായ, വിവിധ വിഷയങ്ങളില്‍ ഗവേഷണം നടത്തിയിട്ടുള്ള നേതാവാണ് ദേവേന്ദ്ര ഫഡ്നാവിസ്. വളരെയേറെ പാണ്ഡിത്യമുള്ള ഫഡ്നാവിസിനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്ന ഊഹാപോഹങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഫഡ്നാവിസിന് ഡല്‍ഹിയില്‍ പ്രധാന ഉത്തരവാദിത്തം ഏല്‍പ്പിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല’. സഞ്ജയ് റാവത്ത് പറഞ്ഞു.
ഫഡ്നാവിസിന്റെ രാഷ്ട്രീയ മേലാളന്മാര്‍ ഡല്‍ഹിയിലാണ്. അവര്‍ പറയുന്നത് അദ്ദേഹത്തിന് അനുസരിക്കാതിരിക്കാനാകില്ല. വിദ്യാര്‍ഥി പ്രക്ഷോഭം കൂടുതല്‍ ശക്തമാകുമെന്ന ഭയം മൂലമാണ് ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതെന്നും സഞ്ജയ് റാവത്ത് പറഞ്ഞു. വിദ്യാര്‍ഥി പ്രക്ഷോഭം രാജ്യത്തെ ജനാധിപത്യത്തെ പുനരുജ്ജീവിപ്പിച്ചു. ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചെങ്കിലും, ഉദ്ധവ്- രാജ് താക്കറെമാരുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും സംയുക്ത റാലി ഞായറാഴ്ച മുന്‍ നിശ്ചയ പ്രകാരം നടക്കുമെന്നും സഞ്ജയ് റാവത്ത് അറിയിച്ചു.


