കാര്‍ഗില്‍ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വര്‍ഷം;

ന്യൂഡല്‍ഹി: കാര്‍ഗില്‍ മലനിരകളില്‍ പാകിസ്താനെതിരെ ഇന്ത്യ നേടിയ ചരിത്രവിജയത്തിന്റെ ഓര്‍മ്മകള്‍ പുതുക്കി രാജ്യം ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ് ആചരിക്കുന്നു. മാതൃഭൂമിയെ കാത്ത് ജീവന്‍ ബലിയര്‍പ്പിച്ച 527 ധീരജവാന്‍മാര്‍ക്ക് രാജ്യം ആദരാഞ്ജലി അര്‍പ്പിക്കുന്ന ദിനം കൂടിയാണിത്.

1999-ല്‍ പാക് സൈന്യം രഹസ്യമായി ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്നുകയറി കാര്‍ഗില്‍ മലനിരകളിലെ തന്ത്രപ്രധാന മേഖലകള്‍ കൈയടക്കാന്‍ ശ്രമിച്ചതോടെയാണ് യുദ്ധത്തിന് തുടക്കമായത്. സിയാചിനിലേക്കുള്ള നിര്‍ണായക ശ്രീനഗര്‍-കാര്‍ഗില്‍-ലേ ദേശീയപാത ലക്ഷ്യമിട്ടായിരുന്നു പാകിസ്താന്റെ നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബടാലിക് മേഖലയിലെ മലമുകളില്‍ അസാധാരണമായ ആളനക്കം ശ്രദ്ധയില്‍പ്പെട്ടതോടെ പ്രദേശത്തെ ഇടയന്മാര്‍ വിവരം സൈന്യത്തെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് പാക് സൈന്യത്തിന്റെ നുഴഞ്ഞുകയറ്റം ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചത്. ശൈത്യകാലത്ത് ചില ഉയര്‍ന്ന പോസ്റ്റുകളില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍മാറിയ സാഹചര്യം മുതലെടുത്തായിരുന്നു പാകിസ്താന്റെ കടന്നുകയറ്റം.

തുടര്‍ന്ന് ‘ഓപ്പറേഷന്‍ വിജയ്’ എന്ന പേരില്‍ ഇന്ത്യന്‍ സൈന്യം ശക്തമായ പ്രത്യാക്രമണം ആരംഭിച്ചു. 16,000 മുതല്‍ 18,000 അടി വരെ ഉയരമുള്ള മഞ്ഞുമലകളില്‍ നടന്ന അതിദുഷ്‌കരമായ പോരാട്ടം 60 ദിവസത്തിലേറെ നീണ്ടു. ഒടുവില്‍ പാക് സൈന്യത്തെയും അവരുടെ പിന്തുണയോടെ എത്തിയ നുഴഞ്ഞുകയറ്റക്കാരെയും ഇന്ത്യന്‍ സൈന്യം തുരത്തുകയും കാര്‍ഗില്‍ കൊടുമുടികളില്‍ വീണ്ടും ത്രിവര്‍ണ പതാക ഉയര്‍ത്തുകയും ചെയ്തു.

1999 ജൂലൈ 14-ന് ഇന്ത്യ വിജയിച്ചെന്ന് അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി പ്രഖ്യാപിച്ചു. തുടര്‍ന്ന് ജൂലൈ 26-ന് യുദ്ധം പൂര്‍ണമായി അവസാനിച്ചതായി ഔദ്യോഗിക പ്രഖ്യാപനം നടത്തി. അതിന്റെ ഓര്‍മ്മയ്ക്കായാണ് എല്ലാ വര്‍ഷവും ജൂലൈ 26 കാര്‍ഗില്‍ വിജയ് ദിവസ് ആയി രാജ്യം ആചരിക്കുന്നത്.

കാര്‍ഗില്‍ യുദ്ധത്തില്‍ 527 ഇന്ത്യന്‍ സൈനികരാണ് വീരമൃത്യു വരിച്ചത്. ഇന്ത്യന്‍ സൈന്യത്തിന്റെ കണക്കുകള്‍ പ്രകാരം ഏകദേശം 1,200 പാക് സൈനികര്‍ കൊല്ലപ്പെട്ടു. യുദ്ധത്തില്‍ തങ്ങളുടെ പങ്ക് ആദ്യം പാകിസ്താന്‍ നിഷേധിച്ചെങ്കിലും, നുഴഞ്ഞുകയറ്റത്തിന് പിന്നില്‍ പാക് സൈന്യത്തിന്റെ നേരിട്ടുള്ള പങ്കാളിത്തമുണ്ടായിരുന്നുവെന്ന് പിന്നീട് വ്യക്തമായി.

രാജ്യത്തിന്റെ അഖണ്ഡതയ്ക്കും അതിര്‍ത്തി സുരക്ഷയ്ക്കുമായി ജീവന്‍ സമര്‍പ്പിച്ച ധീരസൈനികരുടെ ത്യാഗം അനുസ്മരിച്ച്, രാജ്യമെമ്പാടും ഇന്ന് വിവിധ അനുസ്മരണ പരിപാടികളോടെയാണ് കാര്‍ഗില്‍ വിജയ് ദിവസ് ആചരിക്കുന്നത്.

ദ്രാസിലെ യുദ്ധസ്മാരകത്തിലെ അനുസ്മരണ ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പങ്കെടുക്കും. ‘ശ്രദ്ധാഞ്ജലി സമാരോഹ്’ ചടങ്ങില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് പുഷ്പചക്രം അര്‍പ്പിച്ച് രാജ്യം ആദരാഞ്ജലി അര്‍പ്പിക്കും. ‘ഗൗരവ് ഗാഥ’യിലൂടെ കാര്‍ഗില്‍ യുദ്ധത്തിന്റെ വീരകഥകള്‍ അവതരിപ്പിക്കുകയും കാര്‍ഗില്‍ യുദ്ധസ്മാരകത്തിന്റെ വെര്‍ച്വല്‍ വാക്ക്ത്രൂ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.

 

Top