കൊച്ചി: സി.എം.ആര്‍.എല്‍-എക്സാലോജിക് മാസപ്പടി കേസില്‍ ടി. വീണയ്ക്കെതിരെ കൂടുതല്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) റിപ്പോര്‍ട്ട്. 2017 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ ഇന്‍വോയ്സുകള്‍ ഇല്ലാതെയാണ് സി.എം.ആര്‍.എല്ലില്‍ നിന്ന് ടി. വീണ 45 ലക്ഷം രൂപ കൈപ്പറ്റിയതെന്നാണ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ടി. വീണയ്ക്ക് പങ്കാളിത്തമുള്ള ലേക്ക് ഇന്ത്യ കോര്‍പ്പറേഷന്‍ എന്ന കമ്പനിയെ കേന്ദ്രീകരിച്ചും ഇ.ഡി. അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കമ്പനിയുടെ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന 16.5 ലക്ഷം രൂപ നേരത്തെ ഇ.ഡി. മരവിപ്പിച്ചിരുന്നു.
സി.എം.ആര്‍.എലിന്റെ കള്ളപ്പണ വെളുപ്പിക്കല്‍ രീതിയും ഇ.ഡി. റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നുണ്ട്. ചരക്ക് നീക്കത്തിനുള്ള ചെലവെന്ന പേരില്‍ ട്രാന്‍സ്പോര്‍ട്ടര്‍മാരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയും, പിന്നീട് ആ തുക പിന്‍വലിച്ച് സി.എം.ആര്‍.എല്ലിന്റെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് തിരികെ നല്‍കുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതിന് പ്രതിഫലമായി ട്രാന്‍സ്പോര്‍ട്ടര്‍മാര്‍ക്ക് ഏഴ് ശതമാനം കമ്മീഷന്‍ നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സി.എം.ആര്‍.എല്‍ മാനേജിംഗ് ഡയറക്ടര്‍ എസ്.എന്‍. ശശീധരന്‍ കര്‍ത്ത ”സര്‍ക്കുലര്‍ പേയ്‌മെന്റ്” രീതിയാണ് പിന്തുടര്‍ന്നിരുന്നതെന്നും ഇ.ഡി. വ്യക്തമാക്കുന്നു. ഇടപാടുകാര്‍ക്ക് ഇന്‍വോയ്സ് നല്‍കി ചെലവായി രേഖപ്പെടുത്തുകയും, പിന്നീട് അതേ തുക പണമായി തിരികെ വാങ്ങുകയും ചെയ്തിരുന്നുവെന്നാണ് കണ്ടെത്തല്‍. ഇതിന് ഇടപാടുകാര്‍ക്ക് പ്രത്യേക കമ്മീഷനും നല്‍കിയിരുന്നു.
കഴിഞ്ഞ 15 വര്‍ഷത്തിനിടെ 182 കോടി രൂപയുടെ ക്രമക്കേടുകള്‍ നടന്നതായി ഇ.ഡി. റിപ്പോര്‍ട്ടിലുണ്ട്. സ്വന്തം നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങളിലേക്കും ശശിധരന്‍ കര്‍ത്ത പണം വകമാറ്റിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും, സി.എം.ആര്‍.എല്ലില്‍ നിന്ന് കുടുംബസ്ഥാപനമായ നിപുണയിലേക്ക് പണം കൈമാറിയതിന്റെയും രേഖകള്‍ അന്വേഷണസംഘത്തിന് ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
received-45-lakh-as-an-advance-ed-finds-further-evidence-


