തിരുവനന്തപുരം: കഠിനംകുളം കൂട്ട ബലാത്സംഗ കേസിൽ പ്രതികൾക്ക് കുരുക്കായി ഇരയുടെ മകന്റെ മൊഴി. പ്രതികൾ അമ്മയെ ഉപദ്രവിക്കുന്നത് കണ്ടെന്ന് അഞ്ചു വയസുകാരൻ പൊലീസിന് മൊഴി നൽകി.കേസിൽ അറസ്റ്റിലായ ആറ് പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഒളിവിലുള്ള നൗഫൽ എന്ന പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. യുവതി ബലാത്സംഗത്തിനും മർദനത്തിനും ഇരയായെന്ന് വൈദ്യ പരിശോധന റിപ്പോർട്ടിലുണ്ട്. യുവതിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ഓട്ടോറിക്ഷ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിൽ നിർണായകമായി അഞ്ചു വയസുകാരൻ മകൻ മൊഴി നൽകി.
ചാന്നാങ്കരയിലെ ആളൊഴിഞ്ഞ പുരയിടത്തിൽ പ്രതികൾ യുവതിയെ എത്തിച്ചപ്പോൾ മൂത്തമകനും ഒപ്പമുണ്ടായിരുന്നു. ഇവിടെ വെച്ച് അമ്മയെ ഉപദ്രവിക്കുന്നത് കണ്ടു എന്നും പ്രതികൾ തന്നെ തള്ളിയിട്ട ശേഷം മർദിച്ചുമെന്നാണ് മകന്റെ മൊഴി.അച്ഛനും അമ്മയ്ക്കുമൊപ്പം ബൈക്കില്‍ ബീച്ചിലെത്തിയതും അച്ഛന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോയതും കുട്ടി പൊലീസിനോട് വിശദീകരിച്ചു. തിരികെ പോകാനിറങ്ങിയ അമ്മയേയും തന്നെയും ബലംപ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി കാട്ടിലേക്ക് കൊണ്ടുപോയെന്നും മൊഴിയുണ്ട്. അവിടെ വച്ച് നാല് പേര്‍ ചേര്‍ന്ന് അമ്മയെ ഉപദ്രവിച്ചു. ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ ഒരാള്‍ തന്നെ നെഞ്ചത്ത് പിടിച്ച് തള്ളിയിട്ടു. ഇതോടെ ഉച്ചത്തില്‍ കരഞ്ഞപ്പോള്‍ മുഖത്ത് അടിച്ചെന്നും മൊഴിയില്‍ പറയുന്നു. യുവതിയുടെ മൊഴിയുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതിനാല്‍ മകനെ മുഖ്യസാക്ഷിയാകാനാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.ഇതോടെ സംഘത്തിലുൾപ്പെട്ട 7 പേരിൽ നാല് പേർക്കെതിരെ കൂട്ടബലാത്സംഗത്തിന് പുറമെ പോക്സോ വകുപ്പും ചുമത്തി.മൻസൂർ, അക്ബർ ഷാ, അർഷദ്, നൗഫൽ എന്നിവർക്കെതിരെയാണ് പോക്സോ ചുമത്തിയത്. കൂട്ട ബലാത്സംഗ കേസിൽ മുഖ്യ പ്രതികളിലൊരാൾ കൂടിയായ നൗഫലിനെ ഇതുവരെ പിടികൂടിയിട്ടില്ല.
യുവതിയുടെ മുഖത്തും ശരീരത്തിലും നഖത്തിന്റെയും പല്ലിന്റെയും പാടുകൾ കണ്ടെത്തിയതും, പ്രാഥമിക മെഡിക്കൽ റിപ്പോർട്ടും ബലാത്സംഗം നടന്നതിന് തെളിവാണെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ലഭിച്ചതായി ആറ്റിങ്ങൽ ഡി വൈ എസ് പി എസ് വൈ സുരേഷ് പറഞ്ഞു.യുവതിയുടെ വസ്ത്രങ്ങൾ ഫോറൻസിക് പരിശോധനക്ക് അയച്ചു. ലൈംഗികാതിക്രമം സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് നടപടി.കസ്റ്റഡിയിലായിരുന്ന മനോജിന്റെ അറസ്റ്റ് രാവിലെ രേഖപ്പെടുത്തിയതോടെ അറസ്റ്റിലായവരുടെ എണ്ണം ആറായി. യുവതിയെ ബലംപ്രയോഗിച്ച് ഓട്ടോ റിക്ഷയിൽ കയറ്റിക്കൊണ്ടുപോയതിലടക്കം മനോജിന്റെ പങ്ക് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ ആറ് പ്രതികളെയും കോടതിയിൽ ഹാജരാക്കിയ ശേഷം കാരക്കോണത്തുള്ള ജയിൽ വകുപ്പിന്റെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും.