
കട്ടക്ക്: കട്ടക്ക് ഏകദിനത്തില്‍ ഇംഗ്ളണ്ടിനെതിരെ ഇന്ത്യയ്ക്കു 15 റണ്‍സിന്റെ ജയം. ഇതോടെ മൂന്നു ഏകദിനങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ജയിക്കാന്‍ 381 റണ്‍സ് വേണ്ടിയിരുന്ന ഇംഗ്ളണ്ടിനു നിശ്ചിത 50 ഓവറില്‍ 366 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.ഈ ഏകദിന ക്രിക്കറ്റില്‍ യുവരാജ് സിംഗ് ഇന്ത്യക്കായി സെഞ്ചുറി നേടുന്നത് അഞ്ചു വര്‍ഷത്തിനുശേഷം. കട്ടക്കില്‍ 150 റണ്‍സുമായി ഇന്ത്യന്‍ ഇന്നിംഗ്സിനെ നയിച്ച യുവിയുടേത് ഒരുതരത്തില്‍ മധുരപ്രതികാരം കൂടിയാണ്. ഇന്ത്യ ജേതാക്കളായ 2011 ലോകകപ്പിലാണ് യുവി ഇതിനു മുന്പ് സെഞ്ചുറി നേടിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു സെഞ്ചുറി. ഇന്ത്യയുടെ ലോകകപ്പ് കിരീട നേട്ടത്തിനു പിന്നില്‍ യുവിയുടെ ഓള്‍റൗണ്ട് പ്രകടനമുണ്ടായിരുന്നു. എന്നാല്‍ ഇതിനുശേഷം യുവിയുടെ ബാറ്റില്‍നിന്നു ഇന്ത്യക്കായി മികച്ച പ്രകടനങ്ങള്‍ പിറന്നില്ല.
അര്‍ബുദ ബാധയെ തുടര്‍ന്ന് ദീര്‍ഘനാള്‍ കളിക്കളത്തില്‍നിന്നു മാറിനിന്ന യുവി രോഗമുക്തനായി തിരിച്ചെത്തിയെങ്കിലും പഴയ ഫോമിന്‍റെ ഏഴയലത്തുപോലും എത്താന്‍ കഴിഞ്ഞില്ല. ഇതോടെ യുവി ഇന്ത്യന്‍ ടീമിനു പുറത്തായി. 2013 ഡിസംബറില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയായിരുന്നു യുവരാജ് അവസാനമായി ഇന്ത്യന്‍ ഏകദിന ടീമില്‍ കളിച്ചത്.
ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് ഇക്കുറി യുവിക്ക് ഇന്ത്യന്‍ ടീമിലേക്കു വഴിതുറന്നത്. അവസരം മുതലാക്കിയ യുവി സെഞ്ചുറി കുറിച്ച് നായകന്‍ കോഹ്ലിയുടെ പ്രതീക്ഷകള്‍ കാത്തു. 127 പന്തില്‍ 21 ഫോറും മൂന്ന് സിക്സും സഹിതമായിരുന്നു യുവിയുടെ 150 റണ്‍സ് പ്രകടനം. യുവിയുടെ 14ാം ഏകദിന സെഞ്ചുറിയാണ് കട്ടക്കില്‍ പിറന്നത്. മുന്‍ നായകന്‍ ധോണിക്കൊപ്പം 256 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ തകര്‍ച്ചയില്‍നിന്നു കരകയറ്റാനും യുവിയുടെ ഇന്നിംഗ്സിനായി.