കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ദിലീപ് ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നൽകുമെന്നു സൂചന . അന്വേഷണത്തിന്റെ പ്രധാനഘട്ടം പൂർത്തിയാകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാകും അപേക്ഷ. ഹൈക്കോടതി രണ്ടുതവണ ജാമ്യഹർജി തള്ളിയെങ്കിലും ബുധനാഴ്ച വീണ്ടും ജാമ്യാപേക്ഷ നൽകുന്നത് സാഹചര്യങ്ങൾ ഇപ്പോൾ അനുകൂലമെന്ന ചിന്തയിൽ തന്നെയാണ് .അതേസമയം അറസ്റ്റ് ചെയ്യാൻ സാധ്യതയുള്ള ദിലീപിന്റെ ഭാര്യ കാവ്യ മാധവനും നാദിർഷാക്കും ജാമ്യം കിട്ടുന്ന വകുപ്പിങുകൾ മാത്രമേ ചുമത്തുകയുള്ളൂ എന്നും സൂചന .മുഖ്യപ്രതി പൾസർ സുനിക്ക് പൊലീസ് കസ്റ്റഡിയിൽവച്ച് ശബ്ദ സന്ദേശമയക്കാൻ സഹായിച്ച കളമശ്ശേരി എ.ആർ. ക്യാംപിലെ സി.പി.ഒ. അനീഷീനെ അറസ്റ്റ് ചെയ്തത് കുറ്റം ചെയ്യുകയാണെന്ന അറിവോടെ പ്രതിയെ സഹായിക്കുകയെന്ന നിർവ്വചനത്തിൽപ്പെടുന്ന ഐ പി സി-201,203 വകുപ്പുകൾ പ്രാകരമുള്ള കുറ്റകൃത്യത്തിന്. നടൻ നാദിർഷയെയും കാവ്യമാധവനെയും ഇതേ വകുപ്പിൽപ്പെടുത്തി അറസ്റ്റുരേഖപ്പെടുത്തി വിടുന്നതിനും സാദ്ധ്യത.
ദിലീപ് അവധിക്കാല ബെഞ്ചിൽ ഹർജി നൽകാൻ ആദ്യം ആലോചിച്ചിരുന്നു. എന്നാൽ അത് വേണ്ടെന്നും കോടതി അവധി കഴിഞ്ഞ ശേഷം ഹർജി നൽകാനും തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബുധനാഴ്ച ഹർജി നൽകുന്നത്. ഉപാധികൾ പൂർണമായി അനുസരിച്ച് അച്ഛന്റെ ശ്രാദ്ധച്ചടങ്ങിൽ ദിലീപ് പങ്കെടുത്തതും ചൂണ്ടിക്കാട്ടിയാകും നീക്കം. അതേസമയം മുൻകൂർ ജാമ്യാപേക്ഷ നൽകിയ നാദിർഷ ആശുപത്രിയിൽ തന്നെ തുടരുകയാണ്.
അതേസമയം പൾസർ സുനിയെ ഫോൺവിളിക്കാൻ സഹായിച്ച എ ആർ ക്യാംപിലെ പൊലീസുകാരൻ അനീഷിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. പൾസർ സുനി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുമ്പോൾ സംവിധായകൻ നാദിർഷയടക്കമുള്ളവരെ ഫോണിൽ ബന്ധപ്പെടാൻ അനീഷ് അവസരം ഒരുക്കിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അനീഷിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചിരുന്നു. അനീഷിന്റെ മൊബൈൽ ഫോണിൽ നിന്ന് ദിലീപിന് സന്ദേശമയക്കാൻ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു.അനീഷിനെ സസ്‌പെന്റ് ചെയ്യുമെന്നാണ് സൂചന. ഇല്ലാത്ത പക്ഷം പൊലീസ് നടത്തിയ നാടകമാണ് അനീഷിന്റെ വെളിപ്പെടുത്തലെന്ന വാദം സജീവമാകും. ദിലീപിന്റെ ജാമ്യ ഹർജിക്കിടെ ഇത് വാദമായി ഉയർത്താനും സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് പൊലീസ് അനീഷിനെതിരെ വകുപ്പ് തല നടപടി എടുക്കുന്നത്.
സംഭവം നടന്ന ശേഷമുള്ള കുറ്റകൃത്യമായതിനാൽ ഗൂഢാലോചന വകുപ്പ് അനീഷിനെതിരായ കേസിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇതാണ് അനീഷിന് ജാമ്യം ലഭിക്കാൻ തുണയായത്. നാദിർഷയുടെ കാര്യത്തിലും ഗൂഢാലോചന കേസ് ചുമത്തുന്നതിനാവിശ്യമായ തെളിവ് അന്വേഷക സംഘത്തിന് ലഭിച്ചിട്ടില്ലന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഇത്തരത്തിലുള്ള അറസ്റ്റാണ് നാദിർഷയുടെ കാര്യത്തിലും പൊലീസ് ലക്ഷ്യമിട്ടിട്ടുള്ളതെന്നാണ് വ്യാപകമായിട്ടുള്ള അഭ്യൂഹം.അനീഷിന് കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് നേരത്തെ അന്വേഷക സംഘത്തിന് വിവരം ലഭിച്ചിരുന്നെന്നും ഇക്കാര്യം ഉന്നത തലങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ധരിപ്പിച്ചിരുന്നെന്നുമാണ് പരക്കെ പ്രചരിക്കുന്ന വിവരം. കുറ്റവാളിയെ സഹായിച്ചുവെന്ന് ബോദ്ധ്യപ്പെട്ടിട്ടും അനീഷിനെതിരെ വകുപ്പുതല നടപടിയുണ്ടാ വാതിരുന്നത് ഉന്നതങ്ങളിൽ നിന്നും അനുമതി ലഭിക്കാതിരുന്നതാണെന്ന് വ്യക്തമായിട്ടുണ്ട്. ‘ദിലീപേട്ടാ കുടുങ്ങി’ എന്നായിരുന്നു അനീഷിന്റെ ഫോൺവഴി സുനി കൈമാറിയ സന്ദേശമെന്നാണ് പൊലീസ് കണ്ടെത്തൽ.
പൾസർ സുനിക്കുവേണ്ടി പുറത്തുള്ള പ്രമുഖരുമായി ബന്ധപ്പെടുന്നതിനായി അനീഷ് ശ്രമിച്ചിരുന്നുവെന്ന് അന്വേഷണം സംഘം കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയിലെടുത്ത അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്വന്തം ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. കാവ്യാ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലേക്കും ഇയാൾ മൂന്നുതവണ വിളിച്ചതായി കണ്ടെത്തിയിട്ടുണ്ട്. കേസിലെ പതിനാലാം പ്രതിയാണ് അനീഷ്. മാർച്ച് ആറിനാണ് സംഭവം നടന്നത്.ആലുവ പൊലീസ് ക്ലബ്ബിൽ പൾസർ സുനിക്ക് കാവൽ നിന്നപ്പോഴാണ് നടിക്കെതിരെയുള്ള അക്രമണത്തിന് പിന്നിൽ ദിലീപാണെന്ന് സുനി അനീഷിനോട് വെളിപ്പെടുത്തിയത്. തുടർന്നു തന്റെ മൊബൈൽ ഫോണിൽനിന്ന് ദിലീപിന് രഹസ്യസന്ദേശം അയയ്ക്കാൻ സുനിയെ അനീഷ് സഹായിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.