കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പ്രമുഖ നടി കാവ്യ മാധവിനിലേക്കും നീളുന്നു. അറസ്റ്റിലായ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനും പങ്കുണ്ടെന്നതിന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചതായി കൈരളി പീപ്പിള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.കാവ്യയ്ക്കെതിരെ അന്വേഷണ സംഘം നാല് തെളിവുകള്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. കാവ്യയുമായി പള്‍സര്‍ സുനിയ്ക്ക് നാല് വര്‍ഷത്തെ പരിചയമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. ഒമ്ബത് തവണ ഇയാള്‍ കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന സ്ഥാപനത്തിലെത്തിയിരുന്നു. കാമുകിയോടൊപ്പവും ഇയാള്‍ ലക്ഷ്യയിലെത്തിയിട്ടുണ്ട്.
പള്‍സര്‍ സുനിയ്ക്ക് ദിലീപ് രണ്ട് ലക്ഷം രൂപ നല്‍കിയ വിവരം കാവ്യയ്ക്കും അറിയാമായിരുന്നെന്നും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചതായാണ് അറിയുന്നു. കാവ്യയെയും അമ്മയെയും പോലീസ് ഇതുസംബന്ധിച്ച് ഉടന്‍ ചോദ്യം ചെയ്യും. നേരത്തെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
അതിനിടെ ദിലീപിന്റെ മാനേജരായ അപ്പുണ്ണിയേയും നാദിർഷായേയും തെളിവ് നശിപ്പിച്ച വകുപ്പിലും കുറ്റകൃത്യം മറച്ചുവച്ച വകുപ്പിലും പ്രതിയാക്കും. ഇത് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. അതിനിടെ വീണ്ടും കേസ് അന്വേഷണത്തിന്റെ പ്രധാന ചുമതല പെരുമ്പാവൂർ സിഐ ബിജു പൗലോസിന് തിരിച്ചു നൽകി. നാദിർഷയും ദിലീപും തമ്മിലുള്ള ഫോൺകോളുകളിലും പൊലീസിന് സംശയമുണ്ട്. ഒരു ദിവസം മൂന്ന് തവണ പൾസർ സുനി നാദിർഷായെ വിളിച്ചിട്ടുണ്ട്. ഇത് സംസാരിക്കാൻ നാദിർഷാ ദിലീപിനെ വിളിച്ചിട്ട് 28 മിനുട്ടോളം സംസാരിച്ചിട്ടുണ്ട്. അന്നേ ദിവസം തന്നെ നാദിർഷാ വിഷ്ണുവിനെയും വിളിച്ചതിനുള്ള തെളിവുകൾ പൊലീസിന്റെ കൈവശമുണ്ട്. ഈ സാഹചര്യത്തിലാണ് നാദിർഷ, അപ്പുണ്ണി എന്നിവരെ പൊലീസ് വീണ്ടും ചോദ്യംചെയ്യുന്നത്.
പൾസർ സുനി കൊടുത്തയച്ച കത്ത് നൽകാൻ സഹതടവുകാരനായ വിഷ്ണു ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയിരുന്നു. എന്നാൽ ദിലീപിനെ കാണാൻ കഴിഞ്ഞിരുന്നില്ല. ദിലീപിനെ ബന്ധപ്പെടാനുള്ള നമ്പർ വിഷ്ണുവിന് ലഭിക്കുന്നത് അനൂപിൽ നിന്നാണ്. അപ്പുണ്ണി ഉപയോഗിക്കുന്ന നമ്പറിലേക്ക് വാട്‌സാപ്പ് സന്ദേശമായി പൾസർ സുനിയുടെ കത്ത് വിഷ്ണു അയച്ച് നൽകുകയായിരുന്നു എന്ന നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സിനിമയുമായി ബന്ധപ്പെട്ട അധികം ആളുകളെ പൊലീസ് ചോദ്യംചെയ്തിരുന്നില്ല. എന്നാൽ ഇപ്പോൾ സംഭവത്തിന്റെ മുഖ്യ സൂത്രധാരനായി ദിലീപ് മാറിയ പശ്ചാത്തലത്തിലാണ് സിനിമ മേഖലയിൽനിന്നുള്ള കൂടുതൽ ആളുകളെ ചോദ്യം ചെയ്യുന്നത്.