തിരുവനന്തപുരം: അച്ഛന്റെ വിവാദ പരാമര്‍ശത്തെക്കുറിച്ച് മകനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാര്‍ പറയുന്നതിങ്ങനെ. അച്ഛന്റെ ഭാഗത്തു നിന്ന് ഇത്തരം പരാമര്‍ശം ഉണ്ടായതില്‍ നിര്‍വ്യാജം മാപ്പുചോദിക്കുന്നതായി ഗണേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍, തന്റെ പ്രസംഗത്തെ വളച്ചൊടിച്ചുവെന്നാണ് ആര്‍ ബാലകൃഷ്ണപിള്ള പറഞ്ഞത്.
എല്ലാ വിഭാഗം ജനങ്ങളോടും ഒരുപോലെ പെരുമാറാന്‍ എന്നെ പഠിപ്പിച്ചത് അച്ഛനാണ്. അങ്ങനെ ഒരാള്‍ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയെങ്കില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഗണേഷ് കുമാര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മുന്‍മന്ത്രിയും കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള ന്യൂനപക്ഷങ്ങളെ വിമര്‍ശിച്ച് വിവാദ പ്രസംഗം നടത്തിയത്. പത്തനാപുരം കമുകുംചേരിയിലായിരുന്നു പിള്ളയുടെ വിവാദ പ്രസംഗം. തിരുവനന്തപുരത്ത് പോയാല്‍ താന്‍ പാര്‍ട്ടി ഓഫീസിലാണ് താമസിക്കുന്നത്. നായയുടെ കുരപോലെ തന്നെയാണ് അവിടെ അഞ്ചുനേരവും. അടുത്തൊരു പള്ളി കൊണ്ടുവെച്ച് ഇങ്ങോട്ട് ബാങ്ക് വിളിക്കുകയാ. ഇത് കേട്ടാല്‍ ഉറങ്ങാന്‍ പറ്റില്ല. ബാങ്ക് വിളിക്കുമ്പോള്‍ സമീപത്തെ മറ്റ് ദേവാലയങ്ങളിലെ മൈക്ക് ഓഫാക്കി കൊടുക്കണം. അതാണ് രീതി. എന്നാല്‍ ഇന്ന് എവിടെ നോക്കിയാലും പള്ളിയേ ഉള്ളു. ഈ പരാമര്‍ശങ്ങളാണ് വിവാദങ്ങള്‍ക്ക് ഇടവരുത്തിയത്.
ബാലകൃഷ്ണ പിള്ള നടത്തിയ പ്രസ്താവനയെ കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ എസ്പി അജിത ബീഗം ഉത്തരവിട്ടിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ന്യൂനപക്ഷ വിഭാഗങ്ങളെ ആക്ഷേപിക്കുന്ന തരത്തില്‍ നടത്തിയ പ്രസംഗത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം, സംഭവം വിവാദമായതോടെ തന്റെ പ്രസ്താവന വളച്ചൊടിച്ചതാണെന്ന വിശദീകരണവുമായി പിള്ള രംഗത്തെത്തി. ഒരു സമുദായത്തെയും അധിക്ഷേപിച്ചിട്ടില്ലെന്നും തന്റെ പേരില്‍ പുറത്തുവന്ന ശബ്ദരേഖ എഡിറ്റ് ചെയ്തതാകാമെന്നുമാണ് ബാലകൃഷ്ണപിള്ളയുടെ വിശദീകരണം. കോടതികള്‍ അധ്യാത്മിക കാര്യങ്ങളില്‍ ഇടപെടുന്നത് ശരിയല്ലെന്ന് മാത്രമാണ് പറഞ്ഞത്. പത്തനാപുരത്ത് നടത്തിയത് പ്രസംഗമല്ല. എന്‍എസ്എസ് കരയോഗത്തിലാണ് സംസാരിച്ചത്. ഇത് എന്തെല്ലാമാണെന്ന് ഓര്‍മയില്ല. ഒരു സമുദായത്തേയും ആക്ഷേപിക്കുകയോ ബാങ്കുവിളിക്കെതിരെ സംസാരിക്കുകയോ ചെയ്തിട്ടില്ല. എല്ലാ സമുദായത്തോടും ബഹുമാനമണ്. അദ്ദേഹം പറഞ്ഞു.