തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി നേതൃത്വത്തിലെ അഴിച്ചുപണി തലവേദനയായി തുടരുന്നതിനിടെ കത്ത് വിവാദവും കോൺഗ്രസിന് തിരിച്ചടിയാകുന്നു . മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥാനം ഒഴിഞ്ഞ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തുകളാണ് നിലവിലെ വിവാദങ്ങൾക്ക് കാരണം. ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് സമതിയുടെ അധ്യക്ഷനാക്കിയത് ന്യൂനപക്ഷ വോട്ടുകള്‍ കുറയാന്‍ കാരണമാക്കിയെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തില്‍ പരസ്യ പ്രതികരണവുമായി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും എ ഗ്രൂപ്പിലെ പ്രമുഖ നേതാവുമായ കെസി ജോസഫ്. ഇത്തരമൊരു കത്ത് അയച്ചോ എന്നത് തന്നെ വ്യക്തമല്ല, ഇത്തരമാരു ആക്ഷേപം ഉയര്‍ന്ന സ്ഥിതിക്ക് അതിന്റെ വിശദീകരണം ആവശ്യമുള്ളവര്‍ തന്നെ നല്‍കട്ടെയെന്നും കെസി ജോസഫ് പറഞ്ഞു. തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തും പ്രശ്‌നങ്ങള്‍ ഉടലെടുത്തപ്പോള്‍ ട്രബിള്‍ ഷൂട്ടറായി ഓടി നടന്ന് ഇടപെട്ട വ്യക്തിയാണ് ഉമ്മന്‍ചാണ്ടിയെന്നും കെസി ജോസഫ് പറഞ്ഞു.
‘രമേശ് ചെന്നിത്തല സോണിയാഗാന്ധിക്ക് അയച്ച കത്ത് എങ്ങനെയാണ് പുറത്ത് പോയതെന്ന് ഞങ്ങള്‍ക്ക് അറിയില്ല. കത്തയച്ചോയെന്ന് പോലും എനിക്കറിയില്ല. അക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത് രമേശ് ചെന്നിത്തലയാണ്. ഇത്തരമൊരു ആക്ഷേപം ഉയര്‍ന്നെങ്കില്‍ അതിന്റെ വിശദീകരണം ആവശ്യമുള്ളവര്‍ തന്നെ നല്‍കട്ടെ. തോല്‍വിയിലേക്ക് നയിച്ചത് ഭൂരിപക്ഷ വോട്ടുകള്‍ ലഭിക്കാത്തത് കൊണ്ടല്ല, ന്യൂനപക്ഷ വോട്ടുകള്‍ ലഭിക്കാത്തതാണ് പരാജയത്തിന് കാരണം. തെരഞ്ഞെടുപ്പിന് എല്ലായിടത്തും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ട്രബിള്‍ ഷൂട്ടറായി എത്തിയത് ഉമ്മന്‍ചാണ്ടിയാണ്. അത് വയനാട് ആയാലും പാലക്കാട് ആയാലും. പരാജയത്തെകുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട അശോക് ചവാന്‍ സമിതിയേക്കാള്‍ പ്രധാനമാണ് കെപിസിസി അധ്യക്ഷന്‍ എഐസിസി അധ്യക്ഷക്ക് നല്‍കിയ റിപ്പോര്‍ട്ട്. അത് സമഗ്രമാണ്. ചവാന്‍ സമിതിയുടെ റിപ്പോര്‍ട്ട് വരുമ്പോള്‍ അതില്‍ കെപിസിസി അധ്യക്ഷന്‍ നിഗമനങ്ങളും ഉണ്ടാവണം.’ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു കെസി ജോസഫിന്റെ പ്രതികരണം.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ തെരഞ്ഞെടുപ്പ് ചുമതലയും പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമായെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ ആരോപണം. അദ്ദേഹം സോണിയാഗാന്ധിക്ക് അയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കിയത് തെരഞ്ഞെടുപ്പില്‍ ഹിന്ദു വോട്ടുകള്‍ കുറയാന്‍ കാരണമാക്കിയെന്നാണ് കത്തില്‍ പറയുന്നത്.
പ്രതിപക്ഷ നേതാവായി താന്‍ തുടരുമ്പോഴും തെരഞ്ഞെടുപ്പ് സമിതി അധ്യക്ഷനായി ഉമ്മന്‍ചാണ്ടിയെ കൊണ്ടുവന്നത് വളരെ വേദനിപ്പിച്ചുവെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. ഇതിലൂടെ ഹിന്ദു വോട്ടുകള്‍ നഷ്ടപെട്ടുവെന്ന വാദമാണ് രമേശ് ചെന്നിത്തല ഉയര്‍ത്തുന്നത്.
അതേസമയം രമേശ് ചെന്നിത്തല അങ്ങനെ എഴുതുമെന്ന് കരുതുന്നില്ലെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ പ്രതകരണം. അദ്ദേഹത്തിന് എല്ലാ കാര്യങ്ങളും അറിയാം. ഇലക്ഷൻ നടത്തിപ്പിന് വേണ്ടി മാത്രമായിരുന്നു കമ്മിറ്റി. രാഷ്ട്രീയമായി ഒരു പ്രാധാന്യവും അതിന് ഇല്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തത് എഐസിസി തീരുമാനമാണെന്നും അതിനെ അംഗീകരിച്ച് മുന്നോട്ട് പോകുമെന്നും അതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.