കണ്ണൂര്‍: മലയോര ഹൈവേയുടെ പ്രവര്‍ത്തി നിര്‍ത്തിവെയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെസി ജോസഫ് മുഖ്യമന്ത്രിക്കും മരാമത്ത് മന്ത്രിക്കും കത്തയച്ചു. മന്ത്രി നേരിട്ട് കണ്ട് പ്രവര്‍ത്തി പുനരാരംഭിക്കാനുള്ള അനുമതി നല്‍കണമെന്ന് കെസി ജോസഫ് പറയുന്നു.
എന്നാല്‍, പണി ഉപേക്ഷിച്ചിട്ടില്ലെന്നും തല്‍ക്കാലത്തേക്ക് നിറുത്തിവെക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മന്ത്രി മറുപടി നല്‍കിയത്. പണി നിറുത്തിവെച്ചുകൊണ്ടുള്ള ഉത്തരവ് പിന്‍വലിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ 26ാം തിയതി അഖിലകക്ഷിയോഗം വിളിച്ചുകൂട്ടി ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ജോസഫ് അറിയിച്ചു.
ജില്ലാതല പതാക നൗക പദ്ധതിയില്‍പ്പെടുത്തിയ 237.2 കോടി രൂപ മൊത്തം ചെലവ് വരുന്ന 59.4കിലോമീറ്റര്‍ മലയോര ഹൈവേയുടെ പ്രവൃത്തി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് ഏറ്റെടുത്തിട്ടുള്ളത്. ഇതിന്റെ പ്രവൃത്തി നാല് മേഖലയില്‍ ആരംഭിച്ച് തൃപ്തികരമായി നടന്നുവരികയാണ്. പലയിടത്തും കലിങ്കുകള്‍ പൊളിച്ച് നിര്‍മ്മാണം നടന്നുവരികയാണ്. ഈ ഘട്ടത്തില്‍ പ്രവൃത്തി നിര്‍ത്തിവെക്കുന്നത് വലിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രിയെ അറിയിച്ചതായി ജോസഫ് പറഞ്ഞു.