കണ്ണൂർ :കോൺഗ്രസ് രാഷ്ട്രീയത്തിൽ കെ സുധാകരൻ തികച്ചും ദുർബലനായി.പേരിനു ഒരു കെപിസിസി പ്രസിടന്ത് എന്ന സ്ഥാനം വഹിക്കുന്നു .തീരുമാനങ്ങൾ ഒന്നും തന്നെ സുധാകരൻ എടുക്കുവാൻ കഴിയില്ല .ഇനി മുന്നോട്ട് പ്രസിഡണ്ട് ആയി മുന്നോട്ട് തുടരണമോ എന്ന് തീരുമാനിക്കുന്നത് കോൺഗ്രസ് സംഘടനാ ചുമതലയുള്ള സെക്രട്ടറി വേണുഗോപാൽ ആയതിനാൽ സുധാകരൻ നേതൃത്വത്തിനെതിരെ ശബ്ദമുയർത്താനും അശക്തനാണ് .
കെഎസ്‌യു സംസ്ഥാന അദ്ധ്യക്ഷനെ തെരഞ്ഞെടുത്ത നടപടിയിൽ ഗ്രൂപ്പ് പോര് ശക്തമായി .ഒരു കെഎസ്‌യു പ്രസിഡന്റിനെ വരെ നിയമിക്കാൻ കഴിവില്ലാത്തതരത്തിൽ കെപിസിസി പ്രസിഡന്റ കെ സുധാകരൻ സംഘടനയിൽ കഴിവിലാത്തവനായി മാറി .കെ സുധാകരന്റെ നോമിനിയെ വേണുഗോപാൽ വെട്ടി നിരത്തിയത് സതീശന്റെ പിന്തുണയോടെ ആയിരുന്നു . കെ സുധാകരന്‍ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായി നിര്‍ദേശിച്ചത് കണ്ണൂര്‍ ജില്ലക്കാരനായ മുഹമ്മദ് ഷമ്മാസിനെയായിരുന്നു.എന്നാൽ ആ നീക്കം വേണുഗോപാലും സതീശനും വെട്ടി നിരത്തുകയായിരുന്നു .പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നോമിനിയാണ് അലോഷ്യസ് സേവ്യര്‍. കെഎസ്‌യു പുനഃസംഘടനയില്‍ ചെന്നിത്തല വിഭാഗത്തെ പൂര്‍ണമായും അവഗണിച്ചെന്നും ആക്ഷേപമുണ്ട്. അദ്ധ്യക്ഷ സ്ഥാനം കൈവിട്ടതില്‍ എ ഗ്രൂപ്പിനുള്ളിലും അമര്‍ഷമുണ്ട്.
കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെഎസ്‍യുവിന് അഞ്ചര വർഷത്തിനുശേഷം പുതിയ സംസ്ഥാന ഭാരവാഹികളായി. പുനഃസംഘടനയെന്നാണു നേതൃത്വം പറയുന്നതെങ്കിലും സംസ്ഥാന പ്രസിഡന്റും രണ്ടു വൈസ് പ്രസിഡന്റുമാരും മാത്രമാണു വന്നിട്ടുള്ളത്. പുതിയ ഭാരവാഹികളെത്തിയതു കെഎസ്‍യുവിലാണെങ്കിലും സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ ഒന്നാമൻ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോ, കെപിസിസി പ്രസിഡന്റ് കെ.സുധാകരനോ എന്ന ചോദ്യത്തിനു കൂടിയാണ് ഉത്തരമായിരിക്കുന്നത്.
സംഘടനാപരമായി കെപിസിസി പ്രസിഡന്റിന്റേതാണു സംസ്ഥാന കോൺഗ്രസിൽ ഉയർന്ന പദവി. പോഷക സംഘടനാ ഭാരവാഹികളെ തീരുമാനിക്കുന്നതു പ്രസിഡന്റിന്റെ സ്വാതന്ത്ര്യവുമാണ്. എന്നാൽ, കെഎസ്‍യു പുനഃസംഘടനയിൽ മേൽക്കൈ നേടിയതു വി.ഡി.സതീശനാണ്. പ്രായപരിധി പിന്നിട്ടെന്ന പേരിൽ സുധാകരപക്ഷം എതിർപ്പുയർത്തിയിട്ടും കേന്ദ്രനേതൃത്വത്തിനു പരാതികൾ പോയിട്ടും സതീശന്റെ നോമിനി അലോഷ്യസ് സേവ്യർ കെഎസ്‍യു സംസ്ഥാന പ്രസിഡന്റായി.
പ്രസിഡന്റ് സ്ഥാനത്തേക്കു കെ.സുധാകരൻ എഴുതി നൽകിയ പേര് കണ്ണൂർ ജില്ലാ പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസിന്റേതായിരുന്നു. ഷമ്മാസിനു വൈസ് പ്രസിഡന്റ് സ്ഥാനം കൊണ്ട് ആശ്വസിക്കേണ്ടിവന്നു. അപ്പോഴും രണ്ടാമതൊരു വൈസ് പ്രസിഡന്റിനെക്കൂടി നിയമിച്ച്, ഷമ്മാസ് സുധാകരന്റെ പിന്തുണയോടെ അധികാരകേന്ദ്രമാകാതിരിക്കാനുള്ള മുൻകരുതലും സതീശൻ പക്ഷം സ്വീകരിച്ചു.
വനിതാ വൈസ് പ്രസിഡന്റ് ആൻ സെബാസ്റ്റ്യനും സതീശന്റെ നോമിനിയാണ്. രണ്ടാമതൊരു വൈസ് പ്രസിഡന്റിനെ വയ്ക്കുന്ന വിവരം കെ.സുധാകരൻ അറിഞ്ഞിട്ടില്ലെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവർ പറയുന്നു. കെഎസ്‍യു ഭാരവാഹികളെ നിശ്ചയിക്കുന്നതു കെഎസ്‍യു തന്നെയെന്നാണ് കെ.എം.അഭിജിത് സ്ഥാനമൊഴിഞ്ഞ വേദിയിൽ എ.കെ.ആന്റണി അടക്കമുള്ള നേതാക്കൾ പ്രഖ്യാപിച്ചത്. എന്നാൽ പതിവുപോലെ കോൺഗ്രസിലെ ഗ്രൂപ്പ് നേതൃത്വം ഭാരവാഹികളെ വീതംവച്ചപ്പോൾ നേട്ടം വി.ഡി.സതീശന്.
കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാമിനെയാണു കെപിസിസി ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനു കെപിസിസി ചുമതലപ്പെടുത്തിയത്. നിലവിലെ ഭാരവാഹികളുടെ യോഗം വിളിച്ചും ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവരെ ഒറ്റയ്ക്കും കൂട്ടായും കണ്ടും അഭിപ്രായമറിയാനാണു ബൽറാം ശ്രമിച്ചത്. എന്നാൽ, ഗ്രൂപ്പു നേതൃത്വം ഇടപെട്ടതോടെ ജനാധിപത്യപരമായി കെഎസ്‍യുവിൽനിന്നു തന്നെ അവരുടെ പ്രസിഡന്റിനെ കണ്ടെത്താനുള്ള പരിശ്രമം ബൽറാമിനു വഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. എ ഗ്രൂപ്പുകാരനായ കെ.എം.അഭിജിത്താണ് ഒഴിയുന്നത്. പകരം എ ഗ്രൂപ്പിനു ക്ലെയിം ഉണ്ടെന്നായിരുന്നു ഗ്രൂപ്പിന്റെ വാദം. ഈ വാദം അംഗീകരിക്കുകയും അതുവഴി തന്റെ നോമിനിയെ അവതരിപ്പിക്കുകയുമാണു സതീശൻ പക്ഷം ചെയ്തത്. ഇപ്പോൾ പ്രസിഡന്റായി വന്ന അലോഷ്യസ് സേവ്യർ പഴയ എ ഗ്രൂപ്പുകാരനാണ്. അലോഷ്യസ് തന്നെ സതീശന്റെ നോമിനിയാവുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി.
എന്നാൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിനു വേണ്ടി സുധാകരൻ വാദിച്ചു. 27 വയസാണു കെഎസ്‍യു ഭാരവാഹിത്വത്തിന്റെ പ്രായപരിധി. പുനഃസംഘടന നീണ്ടതിനാൽ 1994 ജനുവരി 1നുശഷം ജനിച്ചവർ എന്ന മാനദണ്ഡം വയ്ക്കാൻ ധാരണയായിരുന്നു. ഈ ധാരണയനുസരിച്ചാണെങ്കിൽ പോലും അലോഷ്യസിനു പ്രായപരിധി പിന്നിട്ടെന്ന ആരോപണം സുധാകരപക്ഷം ഉയർത്തി. രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവരും ഇതിനോടു യോജിച്ചു. എൻഎസ്‍യു നേതൃത്വത്തിനും ഹൈക്കമാൻഡിനും പരാതി പോയി.
പിന്തിരിയാൻ പക്ഷേ സതീശൻ ഒരുക്കമല്ലായിരുന്നു. മല്ലികാർജുൻ ഖർഗെ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ദിവസം ഇവിടെനിന്നു രണ്ടുപേരുകൾ ഡൽഹിയിലെത്തി. അലോഷ്യസ് സേവ്യറിന്റെയും മുഹമ്മദ് ഷമ്മാസിന്റെയും. ഇതിനിടയിൽ മറ്റൊന്നു കൂടി നടന്നു. പ്രായപരിധിയുടെ പേരിൽ അലോഷ്യസിന്റെ പേര് തള്ളിപ്പോയാൽ പകരം പരിഗണിക്കാൻ ആൻ സെബാസ്റ്റ്യന്റെ പേരു കൂടി സതീശൻ പക്ഷം മുന്നോട്ടുവച്ചിരുന്നു. സുധാകരന്റെ നോമിനിയെ ഇടം–വലം വെട്ടാനുള്ള തുരുപ്പ് ചീട്ട്.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലിലൂടെ അലോഷ്യസിനെ തന്നെ തീരുമാനിച്ചു. ഷമ്മാസിനൊപ്പം ആൻ സെബാസ്റ്റ്യനെയും വൈസ് പ്രസിഡന്റാക്കി. സുധാകരന്റെ അവകാശവാദത്തെ നിർവീര്യമാക്കിയ നടപടി. കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ സംസ്കാരച്ചടങ്ങ് നടക്കുന്ന ദിവസം തന്നെ ഡൽഹിയിൽനിന്നു പ്രഖ്യാപനം വന്നു. ഇതോടെ ഷമ്മാസിനെ തഴഞ്ഞതിന്റെ പേരിൽ കണ്ണൂർ കേന്ദ്രീകരിച്ചു നടക്കേണ്ട പ്രതിഷേധം ഒഴിവാക്കാനുമായി.
തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ തീരുമാനിച്ച കാലത്ത് ഏറ്റവുമധികം വോട്ട് ലഭിക്കുന്നയാൾ പ്രസിഡന്റ്, രണ്ടാമതെത്തുന്നയാൾ ഏക വൈസ് പ്രസിഡന്റ് എന്നതായിരുന്നു കെഎസ്‍യുവിലെ രീതി. ഷാഫി പറമ്പിൽ പ്രസിഡന്റായപ്പോൾ റിജിൽ മാക്കുറ്റിയും, വി.എസ്.ജോയി പ്രസിഡന്റായപ്പോൾ എ.എം. രോഹിത്തും വൈസ് പ്രസിഡന്റുമാരായത് അങ്ങനെയാണ്. ജനറൽ സെക്രട്ടറിമാർ പലരുണ്ടാകും. എന്നാൽ കെ.എം. അഭിജിത് തിരഞ്ഞെടുപ്പ് വഴിയല്ലാതെ പ്രസിഡന്റായപ്പോൾ ആറു വൈസ് പ്രസിഡന്റുമാർ വന്നു, പതിനഞ്ചു ജനറൽ സെക്രട്ടറിമാരും. അലോഷ്യസിനും ഷമ്മാസിനും വേണ്ടി പോരു മുറുകിയപ്പോൾ സതീശൻ പക്ഷം മുന്നോട്ടുവച്ച ഒരു നിർദേശമുണ്ട്– എസ്എഫ്ഐ മാതൃക. പ്രസിഡന്റ്, ഏക ജനറൽ സെക്രട്ടറി എന്നതായിരുന്നു ഫോർമുല. ഷമ്മാസിനെ ഏക ജനറൽ സെക്രട്ടറിയാക്കാമെന്നു വാഗ്ദാനം. നിർദേശം സുധാകരപക്ഷം തള്ളുകയായിരുന്നു.
ഗ്രൂപ്പിന് അതീതം എന്ന ടാഗ് ലൈനോടെ നേതൃത്വത്തിലേക്കു വന്നവരാണു കെ.സുധാകരനും വി.ഡി.സതീശനും. ഈ ടാഗ് ലൈനു പ്രചാരം കിട്ടിയതോടെ പരമ്പരാഗത ഗ്രൂപ്പുകൾ ക്ഷയിച്ചു. തങ്ങൾക്കു ഗ്രൂപ്പില്ലെന്നാണു പറയുന്നതെങ്കിലും ഇരുവർക്കും താൽപര്യങ്ങളും ആ താൽപര്യങ്ങളുടെ പേരിലുള്ള വാശികളുമുണ്ട്.
കെഎസ്‍യുവിന്റെ ചരിത്രത്തിൽ ഏറ്റവുമികം സംസ്ഥാന പ്രസിഡന്റുമാർ ഉണ്ടായിട്ടുള്ളത് എ ഗ്രൂപ്പിൽനിന്നാണ്. അടുത്തകാലത്ത് ഇതിനൊരു മാറ്റമുണ്ടായതു ഹൈബി ഈഡൻ പ്രസിഡന്റായപ്പോഴാണ്. എന്നാൽ ഇതിനുശേഷം എ ഗ്രൂപ്പ് പ്രസിഡന്റ് സ്ഥാനം തിരിച്ചുപിടിച്ചു. അലോഷ്യസ് സേവ്യർ എറണാകുളം ജില്ലാ പ്രസിഡന്റായത് എ ഗ്രൂപ്പ് ക്വോട്ടയിലാണ്.
എന്നാൽ എ ഗ്രൂപ്പുകാരനായ കെഎസ്‍യു പ്രസിഡന്റ് എന്ന് അലോഷ്യസിനെ ഇപ്പോൾ പറയാനാകില്ല. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അടുത്ത അനുയായിയാണ് അലോഷ്യസ്. കുറേക്കാലമായി സംഘടനാതലത്തിൽ എ ഗ്രൂപ്പിനു ക്ഷീണകാലമാണ്. നയിക്കാൻ ആളില്ലാതെ എ ഗ്രൂപ്പിന്റെ നില പരുങ്ങലിലായിട്ടുണ്ട്. അതിനാൽ വിലപേശൽ ശേഷി കുറഞ്ഞു. ഗ്രൂപ്പിലുള്ളവർ പലരും സുധാകരപക്ഷത്തോ, സതീശൻ പക്ഷത്തോ ചേക്കേറി. പുതിയ കെഎസ്‍യു ഭാരവാഹികളെ നിയമിച്ചപ്പോൾ രമേശ് ചെന്നിത്തലയെയും തഴഞ്ഞു. അതിന്റെ പ്രതിഷേധം ചെന്നിത്തല പക്ഷത്തിനുണ്ടുതാനും.
പ്രാദേശിക വാദത്തിനു രാഷ്ട്രീയത്തിൽ പ്രസക്തിയില്ലെങ്കിലും, മറ്റൊന്നു കൂടിയുണ്ട്. പി.സി. വിഷ്ണുനാഥിനുശേഷം കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ എറണാകുളത്തിനു തെക്കുനിന്ന് ഒരു കെഎസ്‍യു പ്രസിഡന്റും ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ പ്രസിഡന്റ് മാത്രമല്ല, വൈസ് പ്രസിഡന്റുമാരും എറണാകുളത്തോ, അതിനു വടക്കോ നിന്നാണ്. യൂത്ത് കോൺഗ്രസിന്റെ കാര്യത്തിൽ ഇക്കുറി തെക്ക്–വടക്ക് സന്തുലിതാവസ്ഥ ഷാഫി–ശബരീനാഥ് നിയമനത്തിലൂടെ പാലിക്കപ്പെട്ടിരുന്നു.
മഹിളാ കോൺഗ്രസിൽ ഉടൻ പുനഃസംഘടനയുണ്ടാകുമെന്ന പ്രഖ്യാപനം വന്നിട്ടുണ്ട്. പ്രസിഡന്റ് ജെബി മേത്തർ മാറാൻ ഇടയില്ല. കമ്മിറ്റിയിലാണു മാറ്റമുണ്ടാവുക. ഇതിനു പിന്നാലെ മാർച്ചിൽ യൂത്ത് കോൺഗ്രസിന്റെ അടിമുടി പുനഃസംഘടന വരും. രണ്ടു വർഷത്തേക്കാണു കമ്മിറ്റിയെ വച്ചത്. മാർച്ചിൽ കമ്മിറ്റി മൂന്നു വർഷമാകും. അതിനപ്പുറം തുടരാൻ ഇല്ലെന്നു ഷാഫി പറമ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രസിഡന്റ് മാറുന്നതോടെ കമ്മിറ്റിയാകെ മാറും. സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെ പുതിയ പ്രസിഡന്റാക്കാനാണു വി.ഡി.സതീശന്റെ താൽപര്യം. അതിനു ഷാഫിയുടെ അടക്കം പിന്തുണയമുണ്ട്.
നിലവിലെ വൈസ് പ്രസിഡന്റ് കെ.എസ്.ശബരീനാഥനെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്കു നിർദേശിക്കപ്പെട്ടശേഷമാണു ശബരീനാഥൻ കഴിഞ്ഞ തവണ വൈസ് പ്രസിഡന്റായത്. അതുകൊണ്ട് പ്രസിഡന്റായി ഒരവസരം നൽകണമെന്നു വാദിക്കുന്നവരുണ്ട്. സുധാകരൻ റിജിൽ മാക്കുറ്റിയെ നിർദേശിക്കും എന്നു കരുതുന്നവരുണ്ടെങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലിരിപ്പു പുറത്തുവന്നിട്ടില്ല. കെഎസ്‍യു ഭാരവാഹികളുടെ കാര്യത്തിലുണ്ടായതുപോലെയുള്ള തർക്കം യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ കാര്യത്തിലുണ്ടാകുമോ എന്നും ആരു മേൽക്കൈ നേടുമെന്നും കാത്തിരുന്നു കാണേണ്ടതാണ്.
ഗ്രൂപ്പിന് അതീതം എന്ന ടാഗ് ലൈനോടെ നേതൃത്വത്തിലേക്കു വന്നവരാണു കെ.സുധാകരനും വി.ഡി.സതീശനും. ഈ ടാഗ് ലൈനു പ്രചാരം കിട്ടിയതോടെ പരമ്പരാഗത ഗ്രൂപ്പുകൾ ക്ഷയിച്ചു. തങ്ങൾക്കു ഗ്രൂപ്പില്ലെന്നാണു പറയുന്നതെങ്കിലും ഇരുവർക്കും താൽപര്യങ്ങളും ആ താൽപര്യങ്ങളുടെ പേരിലുള്ള വാശികളുമുണ്ട്. സംഘടനാപരവും പാർലമെന്ററിപരവുമായ നിയമനങ്ങളിലെല്ലാം തന്നെ അതു പ്രതിഫലിച്ചിട്ടുമുണ്ട്. രാജ്യസഭയിലേക്കുള്ള ഒഴിവിൽ സുധാകരൻ എം. ലിജുവിന്റെ പേരാണു മുന്നോട്ടുവച്ചത്. അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. എന്നാൽ കെഎസ്‍യുവിന്റെ കാര്യത്തിൽ എന്നതുപോലെ, എ ഗ്രൂപ്പിനെ ഒപ്പം നിർത്തി സതീശൻ നടത്തിയ കരുനീക്കത്തിൽ ജെബി മേത്തർ രാജ്യസഭാ സ്ഥാനാർഥിയായി. എൻജിഒ യൂണിയൻ, കേരളാ സെക്രട്ടേറിയറ്റ് അസോസിയേഷൻ തുടങ്ങിയ സർവീസ് സംഘടനകളിലും ഇരുവരും തമ്മിലുള്ള വിരുദ്ധ താൽപര്യങ്ങളുടെ ഏറ്റുമുട്ടൽ പ്രകടമാണ്.
സതീശന്റെ തീരുമാനങ്ങൾക്കെല്ലാം എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ പിന്തുണയുണ്ടെന്നാണു വയ്പ്. തന്റെ താൽപര്യങ്ങൾ അംഗീകരിക്കപ്പെടാതിരിക്കുമ്പോഴും കെ.സുധാകരൻ നേരിട്ടുള്ള ഏറ്റുമുട്ടലിനു തുനിയാത്തതിന്റെ പ്രധാന കാരണം അതാണ്. കെപിസിസി പ്രസിഡന്റായി സുധാകരൻ തുടരണമോ, വേണ്ടയോ എന്ന തീരുമാനം കെപിസിസി കോൺഗ്രസ് ദേശീയ പ്രസിഡന്റിനു വിട്ടിരിക്കുകയാണ്. സ്വാഭാവികമായും സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറിയുടെ മാർഗനിർദേശത്തോടു കൂടിയാകും ആ തീരുമാനം.