കൊച്ചി: ദിവ്യയുടെ മരണത്തില്‍ അന്വേഷണം ശരിയായ രീതിയിലല്ലെങ്കില്‍ അക്കാര്യം ചൂണ്ടിക്കാട്ടുമെന്നും സന്യാസ ജീവിതത്തെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടിക്ക് നിയമ നിര്‍മ്മാണം വേണമെന്നും കെ.സി.ബി.സി ഡെപ്യുട്ടി സെക്രട്ടറി ജനറലും വക്താവുമായ ഫാ.വര്‍ഗീസ് വള്ളിക്കാട്ട്.ക്രിസ്തീയ വിശ്വാസത്തേയും സന്യാസ ജീവിതത്തേയും സന്യാസികളെയും അപമാനിക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സഭ്യതയുടെയും മര്യാദകളുടെയും എല്ലാ പരിധികളും ലംഘിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ നടത്തുന്ന ദുഷ്പ്രചരണങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹവും പ്രകോപനപരവുമാണെന്ന് ഫാ.വര്‍ഗീസ് വള്ളിക്കാട്ട്. ഒരു സന്യാസിനിയുടെ ചിത്രം ഫോട്ടോഷോപ്പില്‍ എഡിറ്റ് ചെയ്തു തെറ്റിദ്ധാരണാജനകമായ രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും സമാനമായ മറ്റനേകം പോസ്റ്റുകളിലൂടെ ക്രിസ്തീയ സമുദായത്തിനും ജീവിതത്തിനുമെതിരെ വിദ്വേഷ പ്രചാരണം നടത്തുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്.
വ്യക്തികളുടെയും സമുദായങ്ങളുടെയും വിശ്വാസപ്രമാണങ്ങളുടെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരും നിയപാലകരും തയ്യാറാകണം ഇക്കാര്യത്തില്‍ ഉചിതമായ നിയമനിര്‍മ്മാണം നടത്തുകയും നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കാന്‍ ചുമതലപ്പെട്ടവര്‍ അത് നിര്‍വഹിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. സാമൂഹിക മാധ്യമങ്ങളിലലെ പരിധിവിട്ട പ്രകോപനങ്ങള്‍ സമൂഹത്തില്‍ അസ്വസ്ഥതയും വിദ്വേഷവും പടര്‍ത്തും. നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന ഇത്തരം നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാരും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പത്രക്കുറിപ്പിലുടെ ആവശ്യപ്പെട്ടു.
അടുത്തകാലത്ത് ഫെയ്‌സ്ബുക്കിലും മറ്റ് സമൂഹമാധ്യമങ്ങളിലൂടെയും ക്രിസ്തീയ വിശ്വാസത്തേയും സന്യാസിനികളെയും അപമാനിക്കുന്ന വിധത്തില്‍ വീഡിയോകളും മറ്റും വരുന്നുണ്ടെന്ന് ഫാ.വര്‍ഗീസ് വള്ളിക്കാട്ട് പ്രതികരിച്ചു. ഒരു കന്യാസ്ത്രീയുടെ കൈവശമിരുന്ന പോസ്റ്ററിലെ വാചകങ്ങള്‍ എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. ആ സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ടെന്നാണ് തോന്നുന്നത്. മദനീ എന്ന പേരിലുള്ള ഒരാള്‍ ക്രിസ്തുവിനെ വളരെ മോശമായ രീതിയില്‍ ആക്ഷേപിച്ച് സമൂഹ മാധ്യമങ്ങളില്‍ ഒരു പോസ്റ്റിട്ടിരിക്കുന്നതു കണ്ടു.
കേരളത്തിലെ ഒരു മുസ്ലീമും അങ്ങനെ പറയില്ല. മുസ്ലീം ആയി വേഷം കെട്ടിയ ആരോ ആണിത് ചെയ്തിരിക്കുന്നത്. അങ്ങനെയൊരു സാഹചര്യം കേരളത്തിലില്ല. ഒരു ക്രിസ്ത്യാനിയെ ചീത്ത വിളിക്കണമെങ്കില്‍ അങ്ങനെ ആകാമല്ലോ. ക്രിസ്തുവിനെ അപമാനിക്കേണ്ടതില്ല. ക്രിസ്തുവിനെ ഒരു പ്രവാചകന് തുല്യമായി കണ്ട് വളരെ ആദരവോടെ കാണുന്നതാണ് മുസ്ലീം സമൂഹം. അവരുടെ പരിപാടികളില്‍ പോകുകയും പങ്കെടുക്കുകയും ചെയ്തിട്ടുള്ളയാളാണ് താന്‍. അവിടെയൊന്നും ആരും ക്രിസ്തുവിനെ മോശമായി കണ്ടില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ ക്രിസ്തുവിനെ വളരെ മോശമായി പ്രചരിപ്പിക്കേണ്ട കാര്യമില്ല. വളരെ പ്രകോപനപരമായിട്ടാണ് അത് ചിലര്‍ ചര്‍ച്ച ചെയ്തിരിക്കുന്നത്. അതില്‍ കെ.സി.ബി.സി ഔദ്യോഗികമായ ഒരു പ്രതികരണം നടത്താതിരുന്നതാണ്.
എന്നാല്‍ അതിനു സമാനമായ പല കാര്യങ്ങളും പല കോണുകളില്‍ നിന്നും പുറത്തുവരുന്നുണ്ട്്. അത് ശ്രദ്ധിച്ചില്ലെങ്കില്‍ കൂടുതല്‍ അപകടമുണ്ടാക്കും. പ്രത്യേകിച്ച് നിയമനടപടി വേണം. ഒരു കേസ് കൊടുത്താല്‍ പോലീസ് കേസ് എടുക്കണം. പരാതി കൊടുത്താല്‍ പോലീസ് കേസെടുക്കാന്‍ തയ്യാറാകുന്നില്ല. പരാതി വച്ചുകൊണ്ടിരിക്കും. കൂടിവന്നാല്‍ അയാളെ വിളിച്ച് ചോദിച്ചുവിടും. അത് ഒരു നടപടിയിലേക്ക് പോകുന്നില്ല. അതുകൊണ്ടുതന്നെ കേരളത്തിലെ സമൂഹ മാധ്യമങ്ങള്‍ നിയന്ത്രണ വിധേയമാകുന്നില്ല.
സമൂഹ മാധ്യമങ്ങള്‍ ഒരുപാട് പോസിറ്റീവ് ആയി ചെയ്യാന്‍ കഴിയുന്ന മാധ്യമമാണ്. ഏതെങ്കിലും ഒരു മാധ്യമം കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് വളച്ചൊടിച്ച് കൊണ്ടുപോകുമ്പോള്‍ സാമൂഹിക മാധ്യമങ്ങള്‍ തന്നെയാണ് അതിനെ ബാലന്‍സ് ചെയ്യുന്നത്. എന്നാല്‍ പണ്ടൊക്കെ കവലകളില്‍ ആരെങ്കിലും കള്ളുകുടിച്ച് ചീത്ത പറയുന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുപോകുകയാണ്. അതു സാമൂഹിക ജീവിതത്തെ വളരെ മോശമായി. അതില്‍ നടപടി ഇല്ലാതെ വരുമ്പോള്‍ ആളുകള്‍ കൂടുതല്‍ മോശമായ ഭാഷകളും ശൈലികളും പ്രയോഗിക്കും. അങ്ങനെ കാണുമ്പോള്‍ പിന്നെ എന്തുചെയ്യും? ആളുകള്‍ വളരെ പ്രകോപനപരമായി ചെയ്യുമ്പോള്‍ അത് ഏത് പരിധിവരെ പോകും.
ചെറിയ ചില കാര്യങ്ങളൊക്കെയൊക്കെ ആ നിലയില്‍ നിര്‍ത്തണം. അതിനെ എടുത്ത് മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത് ശരിയല്ല. സഭയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നത് വളരെ ചെറിയൊരു ഗ്രൂപ്പ് ആളുകളാണ്. അവരുടെ കാര്യങ്ങളും രീതികളും ശൈലികളും മുഖ്യധാരയിലേക്ക് വരുമ്പോള്‍ നമ്മുടെ ആരോഗ്യകരമായ പൊതുജീവിതത്തിന് ഒട്ടും ഗുണകരമല്ല.
സമൂഹത്തില്‍ ആരോഗ്യകരമല്ലാത്ത ഒരു പ്രവണത വരുമ്പോള്‍ അതില്‍ പരാതികൊടുത്താല്‍ പോലീസിന്റെ ഭാഗത്തുനിന്ന് നിയമപരമായ നടപടി എടുക്കുന്നില്ലെങ്കില്‍ അത് അരാജകത്വത്തിലേക്ക് പോകുന്നുവെന്നാണ്. ആളുകള്‍ നിയമം കയ്യിലെടുത്ത് കയ്യാങ്കളിയിലേക്ക് പോയാല്‍ അപ്പോഴാണ് കൂടുതല്‍ കാര്യങ്ങള്‍ എളുപ്പമെന്ന് പോലീസ് കരുതുന്നതാണോ നിയമപാലനം. ഇത്തരം വിഷയങ്ങളില്‍ കോടതിയെ സമീപിക്കുന്നതല്ലയോ എളുപ്പം. പോലീസ് നടപടി സ്വീകരിച്ച് അത് കോടതിയിലേക്ക് പോകുന്നതല്ലേ നല്ലത്. ഇനിയിപ്പോ ഇത്തരം കാര്യങ്ങള്‍ കോടതിയിലേക്ക് പോകും.
സാമൂഹിക മാധ്യമങ്ങളിലെ ഇത്തരം അവഹേളങ്ങളില്‍ നടപടിയെടുക്കാന്‍ നിയമം അപര്യാപ്തമെങ്കില്‍ പുതിയ നിയമത്തെ കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. പോലീസിന് നടപടി സ്വീകരിക്കാന്‍ നിയമത്തിന്റെ തടസ്സങ്ങളുണ്ടെങ്കില്‍ അത് പരിഹരിക്കാന്‍ പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരിക തന്നെ വേണം. നിയമവാഴ്ച വേണം. നിയമം ഉണ്ടായിരിക്കുക എന്നതാണ് പരിഷ്‌കൃത സമൂഹത്തിന്റെ ലക്ഷണം. നിയമമില്ലാത്തതുകൊണ്ട് ഇവിടെ ഇങ്ങനെയേ നടക്കൂവെന്ന് പറയുന്നത് അത് നല്ല ലക്ഷണമല്ല. അങ്ങനെയുള്ള സ്വാതന്ത്ര്യം അനുവദിച്ചാല്‍ അത് എവിടെവരെ പോകും. എല്ലാത്തിനും ഒരു പരിധിയുണ്ട്. അത് പരിധിവിട്ടുപോകുമ്പോള്‍ ഉത്തരവാദപ്പെട്ടവര്‍ കുറച്ചുകൂടി ശ്രദ്ധിക്കുകയും സമൂഹ ജീവിതത്തില്‍ മര്യാദ കൊണ്ടുവരികയും വേണം.
തിരുവല്ലയില്‍ സന്യാസിനി വിദ്യാര്‍ത്ഥിനി ദിവ്യയുടെ മരണവുമായി ബന്ധപ്പെട്ടാണോ ഈ വിമര്‍ശനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നതെന്ന ചോദ്യത്തിന്, അതല്ല വിഷയം, മദ്യത്തിനെതിരെ നടത്തിയ പ്രചാരണമാണ് ചിലരെ പ്രകോപിച്ചതെന്ന് കരുതുന്നുവെന്ന് ഫാ.വള്ളിക്കാട്ട് പറഞ്ഞു. മദ്യത്തിനെതിരായ ഒരു ബാനറാണ് സിസ്റ്റര്‍ കൈവശം വച്ചത്. അതിനെ മോര്‍ഫ് ചെയ്ത് മോശമായി ഉപയോഗിച്ചാല്‍, ഇവിടെ ആര്‍ക്കും എന്തും മോര്‍ഫ് ചെയ്യാവുന്ന അവസ്ഥയാകും. അത് എവിടെ ചെന്ന് നില്‍ക്കും. നിയമപരമായി അതിനെ കൈകാര്യം ചെയ്യാന്‍ പറ്റുന്നില്ലെങ്കില്‍ അത് എവിടെക്കായിരിക്കും പോകുന്നത്?
ഇത് ചെയ്ത ആളെ അറിയാം. കോട്ടയത്ത് ക്രിസ്ത്യാനികളുടെ നടുക്ക് ജീവിക്കുന്നയാളാണ്. എത്രനാള് ഇങ്ങനെ മിടുക്കനായി ജീവിക്കും. അത് അങ്ങനെയുള്ള രീതിയിലെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുവെങ്കില്‍ അത് ആ രീതിയിലേക്ക് തന്നെ നീങ്ങുമെന്നതാണ് അതിന്റെ പ്രശ്‌നം. അന്തസ്സായി ജീവിക്കാന്‍ പറ്റുന്ന നിയമപരമായ സാഹചര്യമില്ലെങ്കില്‍ ഇങ്ങനെയുള്ളവരെ ആ രീതിയില്‍ തന്നെ കാണുന്ന സാഹചര്യം വരും. അതുണ്ടാകാതിരിക്കാന്‍ വേണ്ടികൂടിയാണ് പറയുന്നത്.
ദിവ്യയുടെ മരണത്തില്‍ സഭ എന്തുകൊണ്ടാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെടാത്തത് എന്ന ചോദ്യത്തിന് നമ്മുടെ നാട്ടില്‍ ഒരു മരണമോ കൊലപാതകമോ ആത്മഹത്യയോ എന്തെങ്കിലും നടന്നാല്‍ അത് അേന്വഷിക്കുന്ന ഒരു സംവിധാനമില്ലേ? അങ്ങനെയുള്ള കാര്യങ്ങള്‍ പോലീസല്ലേ അന്വേഷിക്കേണ്ടത്. പോലീസ് അത് നടത്തുന്നുണ്ടെന്നാണ് കരുതുന്നത്. പോലീസിനുള്ളില്‍ തന്നെ മറ്റൊരു ഏജന്‍സിക്ക് അന്വേഷണത്തിന് കൈമാറിയെന്നും കേട്ടു. അത് ശരിയാണോ അല്ലയോ എന്നറിയില്ല. ഏത് ഏജന്‍സി അന്വേഷിച്ചാലും സുതാര്യമായ അന്വേഷണവും കുത്യമായ വിവരങ്ങളുമുണ്ടാകണം. അതില്ലാതെ വരുമ്പോഴാണ് ഓരോരുത്തരും അതിനു മുകളില്‍ കയറി പണിയെടുക്കുന്നത്. അന്വേഷണം ശരിയായ രീതിയില്‍ തന്നെ അല്ലാതെ വന്നാല്‍ അക്കാര്യം ചൂണ്ടിക്കാട്ടും. അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നുണ്ടെങ്കില്‍ സര്‍ക്കാരിനു മുകളില്‍ കയറണ്ട കാര്യമില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.