പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ സംസ്ഥാനത്ത് ബിജെപിയുടെ അന്ത്യം കുറിക്കുമെന്നും കേരളത്തിലെ ബിജെപി നേതൃത്വം യാദവ കുലംപോലെ അടിച്ചുതകരുമെന്നുമുള്ള രമേശ് ചെന്നിത്തലയുടെ പരാമർശമാണ് ബിജെപി വിവാദമാക്കുന്നത്. സമൂഹമാധ്യമങ്ങളിലുൾപ്പെടെ ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ സജീവമാണ്. രമേശ് ചെന്നിത്തലയുടെ വാക്കുകൾക്കെതിരേ രൂക്ഷവിമർശനമാണ് സോഷ്യൽ മീഡിയയിലൂടെ ഉയരുന്നത്. അതേസമയം അനുകൂലിച്ചുകൊണ്ടും ചിലർ രംഗത്തെത്തിയിട്ടുണ്ട്.
യാദവകുലത്തെ കോൺഗ്രസ് അപമാനിച്ചുവെന്നാണ് ബിജെപി പ്രചാരണത്തിലൂടെ ഉന്നയിക്കുന്നത്. യാദവകുലം പരാമർശം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഫേസ്ബുക്കിലൂടെ സുരേന്ദ്രൻ, രമേശ് ചെന്നിത്തലയ്ക്ക് മറുപടിയും നൽകി.‘ബിജെപിയെ ആക്ഷേപിക്കാൻ ലക്ഷക്കണക്കിനു വരുന്ന യാദവ സമൂഹത്തെ അപമാനിക്കേണ്ടിയിരുന്നില്ല രമേശ്. പിന്നെ തകരുന്നതാരെന്ന് ഹരിപ്പാട് മണ്ഡലത്തിൽ വോട്ടെണ്ണുമ്പോൾ നമുക്ക് കാത്തിരുന്ന് കാണാം. ജമാ അത്തെ ഇസ്ലാമിയെ കൂടെ കൂട്ടി ലീഗിനുപിന്നിൽ ആത്മാഭിമാനം പണയപ്പെടുത്തിയ കോൺഗ്രസിൻറെ “മതേതരത്വം’ ഈ തെരഞ്ഞെടുപ്പിൽ പൊതുജനം വിലയിരുത്തുകതന്നെ ചെയ്യും’ എന്നാണ് സുരേന്ദ്രൻറെ മറുപടി.
ചെന്നിത്തലക്കെതിരേ രൂക്ഷമായ പരാമർശം ഇതിനു മുമ്പും സുരേന്ദ്രൻ നടത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഐശ്വര്യമാണ് രമേശ് ചെന്നിത്തലയെന്നും പ്രതിപക്ഷത്തിന് തലച്ചോറിൻറെ കുറവുണ്ടെന്നുമായിരുന്നു ആഴ്ചകൾക്കു മുമ്പ് സുരേന്ദ്രൻ പരിഹരിച്ചത്. എന്നാൽ അന്നൊന്നും രമേശ് ചെന്നിത്തല ബിജെപിക്കെതിരേ രംഗത്തു വന്നിരുന്നില്ല. ഇന്നലെയാണ് ബിജെപിക്കെതിരേ യാദവകുലം പരാമർശം നടത്തിയത്.
“കേരളത്തിൽ ബിജെപിക്ക് ഒരടി പോലും മുന്നോട്ടു പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇപ്പോൾ തന്നെ പാർട്ടിക്കുള്ളിലെ അന്തഛിദ്രം മൂലം മുന്നോട്ടു പോകാൻ പറ്റുന്നില്ല. പഞ്ചായത്ത് തെഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥിതി ദയനീയമാകും. ഈ ബിജെപിയാണ് കോൺഗ്രസ് ഇല്ലാതാകുമെന്ന് പറഞ്ഞു നടക്കുന്നത്. ഇല്ലാതാകാൻ പോകുന്ന കക്ഷി ബിജെപിയായിരിക്കുമെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.