മുഖ്യമന്ത്രിക്കെതിരായ ഭീഷണി; സുരേന്ദ്രനെ വെട്ടിലാക്കാന്‍ രാധാകൃഷ്ണന്റെ ആസൂത്രിത നീക്കം. എ എന്‍ രാധാകൃഷ്ണന്‍ രംഗത്തുവന്നതിനു പിന്നില്‍ ദുരൂഹത ആരോപിച്ച് കെ സുരേന്ദ്രന്‍

കൊച്ചി: കൊടകര കുഴൽപ്പണക്കേസിലും ഇലക്ഷൻ കോഴക്കേസിലും കുടുങ്ങിയിരിക്കുന്ന സുരേന്ദ്രന്‌ ഇപ്പോൾ സ്വന്തം സ്ഥാനം നിലനിർത്താൻ കഴിയാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ പോവുകയാണ് .സുരേന്ദ്രനെ മാറ്റണമെന്ന് പരസ്യമായി പറയാത്തെ എതിർ ഗ്രുപ്പുകാർ സുരേന്ദ്രനെ കെണിവെച്ച് പിടിക്കാൻ കരുനീക്കം ശക്തമാക്കിയിരിക്കയാണ് .അതിനിടെ മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിക്കൊണ്ട് ബി ജെ പി നേതാവ് എ എന്‍ രാധാകൃഷ്ണന്‍ രംഗത്തുവന്നതിനു പിന്നില്‍ ദുരൂഹത ആരോപിച്ച് കെ സുരേന്ദ്രന്‍, മുരളീധരന്‍ പക്ഷം. ഹവാല ഇടപാടിനെതിരെ കേരളത്തില്‍ നടക്കുന്ന അന്വേഷണം അവസാനിപ്പിച്ചില്ലെങ്കില്‍ സുരേന്ദ്രന്‍, മുരളീധരന്‍ പക്ഷം കേന്ദ്ര സര്‍ക്കാറിനെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ നീങ്ങും എന്ന ധ്വനിയോടെയായിരുന്നു രാധാകൃഷ്ണന്റെ ഭീഷണി. എന്നാല്‍ കേന്ദ്ര അധികാരത്തിന്റെ മറവില്‍ സുരേന്ദ്രനും മുരളീധരനും നടത്തുന്ന അവിഹിത നീക്കങ്ങളെക്കൂടി തുറന്നുകാട്ടി അവരെ തളര്‍ത്താനുള്ള ശ്രമമാണ് ഇതിലൂടെ രാധാകൃഷ്ണന്‍ നടത്തിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

കെ സുരേന്ദ്രനെ ബി ജെ പി അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കം ചെയ്താല്‍ ആ പദവി നേടാന്‍ കാത്തിരിക്കുന്ന പ്രധാന നേതാവാണ് എ എന്‍ രാധാകൃഷ്ണന്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഓരോ നീക്കവും സുരേന്ദ്രന്‍ പക്ഷം ജാഗ്രതയോടെയാണ് കാണുന്നത്. ഭീഷണിയുടെ അര്‍ഥം മുഖ്യമന്ത്രി തന്നെ തുറന്നു കാട്ടിയതോടെ ബി ജെ പിയിലും അതും ചര്‍ച്ചക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റായി നിയമിച്ചപ്പോള്‍ ശക്തമായി മറുപക്ഷത്തുനിന്ന നേതാവാണ് രാധാകൃഷ്ണന്‍. കെ സുരേന്ദ്രന് കീഴില്‍ പദവികള്‍ ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഒരുവിഭാഗം നേതാക്കള്‍ ഉറച്ചുനിന്നതോടെ അന്നു രൂപപ്പെട്ട രൂക്ഷമായ പ്രതിസന്ധിയുടെ പ്രധാന കരുനീക്കം നടത്തിയത് രാധാകൃഷ്ണനായിരുന്നു. അന്നു ദേശീയ സംഘടനാ സെക്രട്ടറി ബി എല്‍ സന്തോഷുമായുള്ള ചര്‍ച്ചയില്‍ മറുപക്ഷത്തിന്റെ നാവായി നിലപാട് ആവര്‍ത്തിച്ചതും അദ്ദേഹമായിരുന്നു.

കേരളത്തില്‍ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്കു പിന്നാലെ തിരഞ്ഞെടുപ്പു ഫണ്ട് തിരിമറി, തിരഞ്ഞെടുപ്പു കോഴ, ഹവാല ഇടപാട് എന്നിവയും കേന്ദ്ര നേതൃത്വത്തിന് നാണക്കേടായതോടെ ബി ജെ പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുരേന്ദ്രന്‍ തെറിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കേരളത്തില്‍ സി പി എമ്മും കോണ്‍ഗ്രസ്സും ഉയര്‍ത്തിയ ആക്ഷേപങ്ങളെത്തുടര്‍ന്ന് സ്ഥാനത്തു നിന്നു നീക്കം ചെയ്താല്‍ അതു രാഷ്ട്രീയമായി തിരിച്ചടിയാവുമെന്നതിനാലാണ് നടപടി പൊടുന്നെ വേണ്ടെന്ന നിലപാടില്‍ കേന്ദ്ര നേതൃത്വം എത്തിയത്.

സുരേന്ദ്രനെ നീക്കം ചെയ്താല്‍ കോര്‍കമ്മിറ്റിയംഗവും വൈസ് പ്രസിഡന്റുമായ എ എന്‍ രാധാകൃഷ്ണനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന ആവശ്യവുമായി മറുപക്ഷത്തിന്റെ ചരടുവലി ശക്തമാണ്. എന്നാല്‍, സുരേന്ദ്രനെ നീക്കുന്നതോടെ ഗ്രൂപ്പ് പോരു രൂക്ഷമാവുകയാണെങ്കില്‍ പുറമെ നിന്നൊരാളെ അധ്യക്ഷനായി പരീക്ഷിക്കാനും ആലോചനയുണ്ട്. അടുത്ത് നടക്കാനിരിക്കുന്ന കേന്ദ്രമന്ത്രിസഭാ പുനസ്സംഘടനയില്‍ വി മുരളീധരന്‍ പുറത്താകുമെന്ന സൂചനകള്‍ ശക്തമായതിനാല്‍ സുരേന്ദ്രനു പകരം പാര്‍ട്ടി അധ്യക്ഷ പദവി തനിക്കു ലഭിക്കാനുള്ള നീക്കങ്ങള്‍ വി മുരളീധരനും ഡല്‍ഹിയിലെ ബന്ധങ്ങള്‍ ഉപയോഗിച്ചു ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ കെ സുരേന്ദ്രനെതിരെ ആഞ്ഞടിച്ച സംഘത്തിനു നേതൃത്വം നല്‍കിയതും എ എന്‍ രാധാകൃഷ്ണനായിരുന്നു. രാധാകൃഷ്ണന്‍ ഉന്നയിച്ച കാര്യങ്ങല്‍ കുറേക്കൂടെ ശക്തമായി ആവര്‍ത്തിക്കുക മാത്രമാണ് കൃഷ്ണദാസും എം ടി രമേശും ചെയ്തത് എന്നതിനാല്‍ അന്നുമുതല്‍ തന്നെ എ എന്‍ രാധാകൃഷ്ണന്റെ നീക്കങ്ങളെ സുരേന്ദ്രന്‍ മുരളീധരന്‍ പക്ഷം സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

പി കെ കൃഷ്ണദാസ് പക്ഷത്തെ ശക്തനായ രാധാകൃഷ്ണന്റെ നീക്കങ്ങള്‍ കൗശലം നിറഞ്ഞതാണെന്നു നേരത്തെ തിരിച്ചറിഞ്ഞതിനാല്‍ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താതെ മുരളീധരപക്ഷം മാറ്റി നിര്‍ത്തിയിരുന്നു. ഒടുവില്‍ കേന്ദ്രം ഇടപെട്ടാണ് ഉള്‍പ്പെടുത്തിയത്. പാര്‍ടിയില്‍ തനിക്കു മേല്‍ക്കൈ കിട്ടുമെന്ന കേന്ദ്ര സൂചനയുടെ അടിസ്ഥാനത്തിലാണ് കുഴല്‍പ്പണ വിഷയത്തില്‍ പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ എന്ന വ്യാജേന സുരേന്ദ്രനെ പ്രതിസന്ധിയിലാക്കുന്ന പ്രസ്താവനയുമായി രാധാകൃഷ്ണന്‍ ഇറങ്ങിത്തിരിച്ചത് എന്നാണ് വിവരം.

ബി ജെ പി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ അതിക്രമം തുടര്‍ന്നാല്‍ പിണറായി വിജയന്‍ അധികകാലം വീട്ടില്‍ കിടന്നുറങ്ങില്ലെന്നായിരുന്നു എ എന്‍ രാധാകൃഷണന്റ ഭീഷണി. മക്കളെ കാണാന്‍ മുഖ്യമന്ത്രിക്ക് ജയിലില്‍ പോകേണ്ടി വരുമെന്നും രാധാകൃഷ്ണന്‍ ഭീഷണി മുഴക്കിയിരുന്നു. തിരുവനന്തപുരം പാളയത്ത് സംസ്ഥാന സര്‍ക്കാരിനെതിരെ ബി ജെ പി നടത്തിയ സത്യാഗ്രഹ സമരത്തിലായിരുന്നു ഈ ഭീഷണി.മുഖ്യമന്ത്രി ഭീഷണിക്കെതിരെ തുറന്നടിച്ചതോടെയാണ് രാധാകൃഷ്ണന്റെ നീക്കം നാണക്കേടായെന്ന് സുരേന്ദ്രന്‍ പക്ഷം തിരിച്ചറിഞ്ഞത്.

Top