തിരുവനന്തപുരം :സ്വന്തം അച്ഛനമ്മമാരേയും പെങ്ങളേയും ബന്ധുവിനെയും നിഷ്‌കരുണം കൊന്ന കേഡല്‍ ജീന്‍സണ്‍ രാജ ഒടുവില്‍ പൊട്ടിക്കരഞ്ഞു. അറസ്റ്റു ചെയ്തതിന്റെ ആദ്യനാളുകളില്‍ മുഖത്ത് ചിരി വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ തെളിവെടുപ്പിനു ശേഷം നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കേഡലിന്റെ മനസ് മാറുന്നതായി അന്വോഷണ ഉദ്യോഗസ്ഥര്‍ കണ്ടു.
ഇന്നലെ കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ചൈന്നൈയില്‍ കൊണ്ടു പോയി തെളിവെടുത്തപ്പോഴും കേഡല്‍ ദുഃഖിതനായിരുന്നു. കൂട്ടക്കൊലയ്ക്കു ശേഷം ചെന്നൈയില്‍ എത്തിയ കേഡല്‍ അവിടെ എന്‍.ബി പാലസ് എന്ന ഹോട്ടലിലിലെ 204ാം നമ്പര്‍ മുറിയിലാണ് കുറച്ചു നേരം കഴിഞ്ഞത്.
ഇന്നലെ അവിടെ എത്തിച്ചപ്പോള്‍ ഹോട്ടല്‍ ജീവനക്കാരനും റൂം ബോയും ഇയാളെ തിരിച്ചറിഞ്ഞു. ഇയാള്‍ അവിടെ ഉപേക്ഷിച്ചുപോന്ന വസ്ത്രങ്ങളടങ്ങിയ ബാഗ് പൊലീസ് കണ്ടെടുത്തു. റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കേഡലിനെ എന്‍.ബി പാലസ് ലോഡ്ജിലേക്ക് എത്തിച്ച ഓട്ടോറിക്ഷാ ഡ്രൈവറേയും പോലീസ് കണ്ടെത്തി. ഇയാളും കേഡലിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ചെന്നൈയിലെത്തിയ ശേഷം കേഡല്‍ കാലില്‍ പൊള്ളലേറ്റ് ഭാഗത്ത് പുരട്ടുന്നതിനായി മരുന്നു വാങ്ങിയിരുന്നു.
മരുന്നുവാങ്ങിയ മെഡിക്കല്‍ സ്‌റ്റോറിലും പൊലീസ് സംഘം ഇയാളെ കൊണ്ടുപോയി തെളിവെടുത്തു. കേഡലിനെ ഇന്ന് തിരുവനന്തപുരത്തു കൊണ്ടുവരും. കൊലപാതകത്തിന് ശേഷം ഓട്ടോറിക്ഷയില്‍ തമ്ബാനൂര്‍ റെയില്‍വേ സ്‌റ്റേഷനിലെത്തിയ കേഡല്‍ ചെന്നൈയിലെത്തി മുറിയെടുത്തിരുന്നുവെങ്കിലും അവിടെ താമസിച്ചിരുന്നില്ല. തിരിച്ച് തിരുവനന്തപുരത്തെത്തിയപ്പോഴാണ് റെയില്‍വേ പൊലീസിന്റെ പിടിയിലായത്.
ഏപ്രില്‍ 20 വരെയാണ് കേഡലിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. നന്തന്‍കോട്ടെ വീട്ടിലും പെട്രോള്‍ പമ്പിലും എത്തിച്ച് പൊലീസ് തെളിവെടുത്തിരുന്നു. മനശാസ്ത്രജ്ഞന്റെ സാന്നിധ്യത്തിലാണ് പൊലീസ് ഇയാളെ ചോദ്യം ചെയ്യുന്നത്. ഇതിനിടെ പലവട്ടം കേഡല്‍ പല തവണ മൊഴി മാറ്റി പറഞ്ഞു. അച്ഛനുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. കൊലപാതകത്തില്‍ രണ്ടാമതൊരാള്‍ക്കു പങ്കുള്‌ലതായി സൂചന പോലും പൊലീസിന് ലഭിച്ചിട്ടില്ല.