തിരുവനന്തപുരം: യോഗാദിനത്തില്‍ കീര്‍ത്തനം ചൊല്ലിയത് ആരോഗ്യമന്ത്രിക്ക് രസിച്ചില്ല. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന തലത്തിലുള്ള പരിപാടിയുടെ ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം. പരിപാടിയില്‍ ചൊല്ലിയ കീര്‍ത്തനത്തില്‍ മന്ത്രി ഉദ്യോഗസ്ഥരോട് വിശദീകരണം തേടി.
പരിപാടിയുടെ തുടക്കത്തിലായിരുന്നു കീര്‍ത്തനം ചൊല്ലിയത്. കേന്ദ്രസര്‍ക്കാരിന്റെ മാനുവലില്‍ പറഞ്ഞിട്ടുള്ളതിനാലാണ് കീര്‍ത്തനം ചൊല്ലിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ചാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംഘടനകളുടെയും നേതൃത്വത്തില്‍ പരിപാടി നടന്നത്. സിപിഎം കൊല്ലത്ത് നടത്തുന്ന മതേതര യോഗ എന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് ഉദ്ഘാടനം നടത്തും.
ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്സ് അക്കാദമി ആന്റ് യോഗാസെന്ററിലാണ് പരിപാടി. ബിജെപി തിരുവന്തപുരത്ത് നടത്തിയ പരിപാടി പ്രകാശ് ജാവദേക്കറാണ് ഉദ്ഘാടനം ചെയ്തത്. യോഗ മതാചാരമല്ലെന്നും വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ചെയ്യാമെന്നും ഇതിന് ധനികനെന്നോ ദരിദ്രനെന്നോ വിവേചനമില്ലെന്നും യോഗ രാജ്യത്തെ ഒന്നിപ്പിക്കുന്ന കര്‍മ്മമെന്നും പ്രധാനമന്ത്രി ചണ്ഡീഗഡില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത സംസാരിക്കവേ വ്യക്തമാക്കി. അതേസമയം ബീഹാറില്‍ യോഗയുമായി ബന്ധപ്പെട്ട ഒരു പരിപാടിയും സംഘടിപ്പിച്ചിട്ടില്ല.