തെലുങ്കിലെ സൂപ്പര്‍ താരം സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മഹാനടി എന്ന ചിത്രത്തോടെ കീര്‍ത്തി സുരേഷിന്റെ താരപദവി ഒന്നുകൂടി ഉയര്‍ന്നു. ചിത്രം കണ്ടവര്‍ ഒരേസ്വരത്തില്‍ പറയുന്നു കീര്‍ത്തി തകര്‍ത്തു, എന്ന്. തമിഴിലും, തെലുങ്കിലുമെല്ലാം കീര്‍ത്തിക്കിപ്പോള്‍ നിറയെ ആരാധകരാണ്.
ഇതിനിടെയാണ് മറ്റൊരു ജീവചരിത്രത്തില്‍ നടി അഭിനയിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി കീര്‍ത്തി വേഷമിടുന്നുണ്ടെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ തിരുപ്പതിയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കീര്‍ത്തി ഇത് സംബന്ധിച്ച മറുപടി പറഞ്ഞു. മഹാനടിക്ക് ശേഷം മറ്റൊരു സിനിമയ്ക്കും താന്‍ കരാര്‍ ഒപ്പിട്ടില്ലെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. ‘മറ്റ് സിനിമകളുടെ തിരക്കിലാണ് ഞാനിപ്പോള്‍. ഏതെങ്കിലും ജീവചരിത്രം സിനിമയാകുന്നതിന് ഞാന്‍ കരാറൊന്നും ഒപ്പിട്ടിട്ടില്ല’, കീര്‍ത്തി പറഞ്ഞു.
എന്നാല്‍ മറ്റൊരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മഹാനടി തന്റെ കരിയറിലെ ആദ്യത്തേയും അവസാനത്തേയും ജീവചരിത്ര സിനിമയായിരിക്കുമെന്ന് കീര്‍ത്തി പറഞ്ഞു. ഇനിയും ഒരു ജീവചരിത്ര സിനിമയുടെ ഭാഗമാവില്ലെന്നും നടി വ്യക്തമാക്കി. മഹാനടിക്ക് ശേഷം ദളപതി 62വിലാണ് നടി അഭിനയിക്കുന്നത്. വിജയ്യുടെ നായികയായാണ് ചിത്രത്തില്‍ കീര്‍ത്തി പ്രത്യക്ഷപ്പെടുന്നത്.
കോളിവുഡില്‍ മാത്രമല്ല ടോളിവുഡിലും കീര്‍ത്തി വിജയങ്ങള്‍ തീര്‍ക്കുകയാണ്. തമിഴിലും തെലുങ്കിലുമായി 6 ബിഗ് ബജറ്റ് ചിത്രങ്ങളാണ് കീര്‍ത്തിയുടേതായി പുറത്തിറങ്ങാന്‍ പോകുന്നത്. മലയാളത്തില്‍ ഗീതാഞ്ജലി, റിങ് മാസ്റ്റര്‍ എന്നീ 2 ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും കീര്‍ത്തിക്ക് മലയാളികളുടെ മനസ് കീഴടക്കാനായില്ല. മറ്റു മലയാളി നടിമാരെ പോലെ കീര്‍ത്തിയും അടുത്ത തന്റെ തട്ടകമായി തിരഞ്ഞെടുത്തത് തമിഴകമായിരുന്നു.
മലയാളികളെ എന്നും സ്വീകരിച്ചിട്ടുളള തമിഴ് മക്കള്‍ കീര്‍ത്തിയെയും മനസാ സ്വീകരിച്ചു. 2015 ലാണ് തമിഴില്‍ കീര്‍ത്തി അരങ്ങേറ്റം കുറിക്കുന്നത്. ‘ഇതു എന്ന മായം’ എന്ന ചിത്രത്തില്‍ വിക്രം പ്രഭുവിന്റെ നായിക ആയിട്ടായിരുന്നു തുടക്കം. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും കീര്‍ത്തിയെ തേടി നിരവധി സിനിമകള്‍ എത്തി. തമിഴില്‍ അരങ്ങേറ്റം കുറിച്ചതിനുപിന്നാലെ തെലുങ്കിലും കീര്‍ത്തി അരങ്ങേറ്റം നടത്തി. 2016 ല്‍ പുറത്തിറങ്ങിയ ‘നേനു സൈലജ’ ആയിരുന്നു കീര്‍ത്തിയുടെ ആദ്യ തെലുങ്ക് ചിത്രം. ബോക്‌സോഫിസില്‍ വന്‍ ഹിറ്റായിരുന്നു സിനിമ.
തെലുങ്കില്‍ വിജയം നേടിയെങ്കിലും കീര്‍ത്തി കരിയറിനു പ്രാധാന്യം നല്‍കിയത് തമിഴകത്തായിരുന്നു. 2016 ല്‍ തന്നെ 3 സിനിമകളില്‍ കീര്‍ത്തി അഭിനയിച്ചു. ശിവകാര്‍ത്തികേയന്‍ നായകനായ രജനി മുരുകന്‍, ധനുഷ് നായകനായ തൊടരി എന്നീ 2 ചിത്രങ്ങളും കീര്‍ത്തിക്ക് പരാജയം നല്‍കി. എന്നാല്‍ കീര്‍ത്തിയുടെ കരിയറിനെ മാറ്റിമറിച്ച ചിത്രമായിരുന്നു അതേവര്‍ഷം പുറത്തിറങ്ങിയ ‘റെമോ’. ശിവകാര്‍ത്തികേയനൊപ്പം രണ്ടാമതും കീര്‍ത്തി ഒന്നിച്ച സിനിമ വന്‍ ഹിറ്റായിരുന്നു. കീര്‍ത്തിയുടെ കാവ്യ എന്ന കഥാപാത്രം തമിഴരുടെ ഹൃദയം കീഴടങ്ങി.
റെമോയുടെ വിജയത്തിനുശേഷം പിന്നെ തമിഴകത്ത് കീര്‍ത്തിയുടെ കാലമായിരുന്നു. ദളപതി വിജയ് നായകനായ ഭൈരവയില്‍ നായികയായതോടെ കീര്‍ത്തി നമ്പര്‍ വണ്‍ നായികയായി മാറി. ഇപ്പോള്‍ തമിഴകത്തെ മുന്‍നിര നായകന്മാരുടെയെല്ലാം നായികയായി കരാര്‍ ഒപ്പിട്ടു കഴിഞ്ഞു കീര്‍ത്തി. 2018 തമിഴകത്തും തെലുങ്കിലും കീര്‍ത്തിയുടെ കാലമാണെന്ന് പറയാതെ വയ്യ.