സംസ്ഥാനം കൈവരിച്ച പുരോഗതിയുടെ സൂചികയാണ് വ്യാവസായിക മേഖലയുടെ വളർച്ചയെന്ന് മുഖ്യമന്ത്രി; കെല്ലിന്റെ പവർ ട്രാൻസ്ഫോർമർ നിർമാണ പ്ലാന്റ് നാടിന് സമർപ്പിച്ചു

കൊച്ചി: സംസ്ഥാനം കൈവരിച്ച പുരോഗതിയുടെ സൂചികയാണ് വ്യാവസായിക മേഖലയുടെ പൊതുവായ കരുത്താർജിക്കലും പൊതുമേഖലാ സ്ഥാപനങ്ങളുടെ വളർച്ചയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സർക്കാരിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിങ് കമ്പനിയുടെ (കെൽ) മാമലയിലെ പവർ ട്രാൻസ്ഫോർമർ നിർമാണ യൂണിറ്റിന്റെയും പൾസ് പവർ ഇലക്ട്രിക് വെഹിക്ക്ൾ കമ്പനിയുമായി ചേർന്ന് സ്ഥാപിച്ച വൈദ്യുത വാഹന റീചാർജിങ് സ്റ്റേഷന്റെയും ഉദ്ഘാടനം വീഡിയോ കോൺഫറൻസിങ്ങിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വൻ മുന്നേറ്റമാണ് നടത്തിയത്. നഷ്ടത്തിലേക്ക് കൂപ്പുകുത്തിയിരുന്ന മിക്ക സ്ഥാപനങ്ങളും ഇക്കാലത്ത് ലാഭം കൈവരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളെ ഉദ്ധരിക്കാൻ സർക്കാർ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി. ഈ മുന്നേറ്റം അതിന്റെ ഫലമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാർ അടച്ചുപൂട്ടാൻ ഒരുങ്ങുന്ന സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ ഏറ്റെടുക്കാനും സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെൽ മാമല യൂണിറ്റിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷത വഹിച്ചു. കെൽ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ നവീകരണത്തിന്റെ ഭാഗമായി വൈവിധ്യമായ സംരംഭങ്ങളിലേക്ക് കടക്കണമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. 10 വർഷം പൂർത്തിയാക്കിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ താൽകാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ചടങ്ങിൽ പവർ ട്രാൻസ്ഫോർമറിന്റെ ആദ്യ വിൽപന കെഎസ്ഇബി ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ പി. കുമാരന് നൽകി കൊണ്ട് മന്ത്രി നിർവഹിച്ചു. വൈദ്യുതി മന്ത്രി എം.എം. മണി വീഡിയോ കോൺഫറൻസിങ്ങിലൂടെ ചടങ്ങിന് ആശംസ നേർന്നു. കെല്ലിന്റെ ആഭിമുഖ്യത്തിൽ എൻഐടി കോഴിക്കോട്, കൊച്ചിൻ യൂണിവേഴ്സിറ്റി, തിരുവനന്തപുരം എൻജിനീയറിംഗ് കോളേജിനോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന ട്രെസ്റ്റ് റിസേർച്ച് പാർക്ക്, തൃശ്ശൂർ സർക്കാർ എൻജിനീയറിംഗ് കോളേജ്, സംസ്ഥാനത്തെ മറ്റ് മികച്ച എൻജിനീയറിംഗ് കോളേജുകൾ എന്നിവയുമായി ചേർന്ന് ഇലക്ടിക്കൽ മേഖലയിൽ സ്ഥാപിച്ച ഇൻഡസ്ട്രി യൂണിവേഴ്സിറ്റി ചെയർ വി.പി. സജീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, കെൽ ചെയർമാൻ അഡ്വ. വർക്കല ബി. രവികുമാർ, എംഡി കേണൽ ഷാജി എം. വർഗീസ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശോകൻ വി.ആർ, തിരുവാണിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശ് സി.ആർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

സംസ്ഥാന സർക്കാർ അനുവദിച്ച 12.5 കോടി രൂപയ്ക്കാണ് പവർ ട്രാൻസ്ഫോർമർ നിർമാണ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 10 എംവിഎ വരെ ശേഷിയുള്ള ട്രാൻസ്ഫോർമറുകൾ ഈ പ്ലാന്റിൽ നിർമിക്കാനാകും.

Top