ഡല്‍ഹി: ദേശീയ ബിജെപി നേതൃനിരയിലെ അഴിച്ചു പണിയില്‍ കടുത്ത അമര്‍ഷം ശക്തമാകുന്നു. പാര്‍ട്ടിക്ക് വേണ്ടി ത്യാഗം സഹിച്ചവരെ ഒഴിവാക്കി മറ്റ് പാര്‍ട്ടികളില്‍ നിന്ന് ചേക്കേറിയവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കിയതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അതൃപ്തി പരസ്യമാക്കി ബംഗാളിലെ മുതിര്‍ന്ന നേതാവ് രാഹുല്‍ സിന്‍ഹ രംഗത്തെത്തി.ദേശീയ ജവനറല്‍സെക്രട്ടറി സ്ഥാനത്ത് നിന്നാണ് രാഹുല്‍ സിന്‍ഹയെ മാറ്റിയത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ മുന്‍ എംപി മുകുള്‍ റോയിയെ ഉപാധ്യക്ഷനാക്കുകയും ചെയ്തു.ദേശീയ നേതൃത്വത്തെയക്കം വിമര്‍ശിച്ച രാഹുല്‍ സിന്‍ഹ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചന നല്‍കി പത്ത് ദിവസത്തിനികം ഭാവി തീരുമാനം പ്രഖ്യാപിക്കുമെന്നു വ്യക്തമാക്കി.
കേരളത്തിൽ ബിജെപിക്ക് വേണ്ടി അഹോരാത്രം പ്രവർത്തിച്ച പാരമ്പര്യമുള്ള ശോഭ സുരേന്ദ്രൻ അടക്കമുള്ളവരെ കറിവേപ്പില പോലെ വലിച്ചെറിയുമ്പോൾ ഇന്നലെ വന്ന സ്മിത മേനോനെ പോലുള്ളവർക്ക് പ്രമോഷൻ കിട്ടിയിരിക്കുന്നു . മുരളീധരന്റെ ബന്ധു എന്ന ലേബലിൽ വിദേശരാജ്യങ്ങളിൽ നടന്ന നയതന്ത്ര യോഗങ്ങളിൽ വരെ ചട്ടം ലംഘിച്ച് പങ്കെടുത്ത സ്മിതയെ കെ സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായ സമയത്ത് മഹിളാ മോർച്ച സംസ്ഥാന സെക്രട്ടറി ആയി സ്ഥാനക്കയറ്റം നൽകുകയും ചെയുദ്ധത്തിലും അമർഷം പുകയുകയാണ് .
ദീര്‍ഘകാല പ്രവര്‍ത്തന പരിചയമുള്ള നേതാക്കളെ അവഗണിച്ച് കഴിഞ്ഞ വര്‍ഷം മാത്രം കോണ്‍ഗ്രസില്‍ നിന്നും എത്തിയ അബ്ദുള്ളക്കുട്ടിയേയും ടോം വടക്കനേയും പരിഗണിച്ചതും കേരളത്തിൽ ബിജെപിയിൽ പൊട്ടിത്തെറിക്ക് കാരണമാകും .കേരളത്തിലെ മുതിര്‍ന്ന നേതാക്കളെ ഒന്നാകെ തഴഞ്ഞതാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചത്. കുമ്മനം രാജശേഖരന് ലഭിക്കുമെന്ന് കരുതിയ ദേശീയ ഉപാധ്യക്ഷ സ്ഥാനമാണ് അബ്ദുള്ളക്കുട്ടിക്ക് ലഭിച്ചത്. ഇതില്‍ ആര്‍എസ്എസിനും അതൃപ്തിയുണ്ട്. എന്നാല്‍ ഇത്തരം യാതൊരു അതൃപ്തിയുടേയും ആവശ്യം ഇല്ലെന്ന് കേന്ദ്രനേതൃത്വം അറിയിക്കുന്നത്.
മിസോറാം ഗവര്‍ണര്‍ പദവി രാജിവെച്ചാണ് കുമ്മനം രാജശേഖരന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്തുന്നത്. എന്നാല്‍ കേരളത്തിലെ യുഡിഎഫ് തരംഗത്തില്‍ കുമ്മനത്തിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. പിന്നീട് വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ കുമ്മനത്തെ ബിജെപി രംഗത്തിറക്കുമെന്ന പ്രചാരണം ഉണ്ടായി. ഓ രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ഇത് പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന നിമിഷം എസ് സുരേഷിനേയായിരുന്നു ബിജെപി രംഗത്തിറക്കിയത്. തുടര്‍ന്ന് പദവികള്‍ ഒന്നും ഇല്ലാതെയാണ് കുമ്മനം സംസ്ഥാന രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാറിനെതിരായ സമരങ്ങളിലെല്ലാം അദ്ദേഹം സജീവുമാണ്.
കുമ്മനത്തിന് അര്‍ഹമായ സ്ഥാനം നല്‍കണമെന്ന താല്‍പര്യം ആര്‍എസ്എസിനും ഉണ്ടായിരുന്നു. പുനഃസംഘടനയില്‍ കുമ്മനത്തെ കേന്ദ്രം പരിഗണിക്കുമെന്ന് കരുതിയിക്കുമ്പോഴായിരുന്നു അബ്ദുള്ളക്കുട്ടി ആ സ്ഥാനത്തേക്ക് എത്തുന്നത്. കുമ്മനത്തെ ഒഴിവാക്കിയതിലെ അതൃപ്തി ആര്‍എസ്എസ് കടുത്ത ഭാഷയില്‍ തന്നെ ബിജെപി ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു.എന്നാല്‍ ഭാരവാഹിപ്പട്ടികയില്‍ നിന്നും കുമ്മനത്തെ തഴഞ്ഞതല്ലെന്നാണ് കേന്ദ്ര നേതൃത്വം അറിയിക്കുന്നത്. അദ്ദേഹത്തെ കേന്ദ്ര മന്ത്രിസഭയിലേക്ക് പരിഗണിക്കാനിരിക്കുകയാണെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒന്നില്‍ നിന്നും കുമ്മനത്തെ പാര്‍ലമെന്‍റില്‍ എത്തിക്കാമെന്നും നേതൃത്വം കരുതുന്നു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭയില്‍ പുനഃസംഘടനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാര്‍ലമെന്‍ററി രംഗത്തേ വരാന്‍ കുമ്മനത്തിന് താല്‍പര്യമില്ലെങ്കില്‍ മന്ത്രിപദത്തിലേക്ക് എത്താന്‍ സാധ്യത കൂടുതല്‍ ശോഭാ സുരേന്ദ്രനാവും. വനിത പ്രതിനിധി എന്നതും അവര്‍ക്ക് മുതല്‍ക്കാട്ടാവും.കഴിഞ്ഞ കുറച്ച് മാസങ്ങളായി സംസ്ഥാന നേതൃത്വത്തിലെ പ്രവര്‍ത്തനങ്ങളില്‍ ശോഭാ സുരേന്ദ്രന്‍ സജീവമല്ല. നേരത്തെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേരുകാരില്‍ ഒരാളായിരുന്നു അവര്‍. എന്നാല്‍ കെ സുരേന്ദ്രന്‍ അധ്യക്ഷ സ്ഥാനത്ത് എത്തിയതിന് പിന്നാലെ നടന്ന പുനഃസംഘടനയില്‍ ശോഭാ സുരേന്ദ്രനെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
പുനഃസംഘടന സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് അതൃപ്തി ഒന്നും ഇല്ലെന്നാണ് അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ വ്യക്തമാക്കുന്നത്. ആര്‍ക്കൊക്കെ എന്തൊക്കെചുമതല നല്‍കണം എന്നുളളത് കേന്ദ്ര നേതൃത്വം ആലോചിച്ചെടുത്ത തീരുമാനമാണ്. ഇവിടെ ആരും അവഗണിക്കപ്പെട്ടതായി തോന്നുന്നില്ല. അവഗണിക്കപ്പെട്ടവരെന്ന് മാധ്യമങ്ങള്‍ പറയുന്നവരെ പാര്‍ട്ടി എങ്ങനെയാണ് പരിഗണിക്കുന്നത് കാത്തിരുന്ന് കാണാമെന്നും സുരേന്ദ്രന്‍ പറഞ്ഞിരുന്നു.
എന്നാല്‍ കേരളത്തിന്‍റെ വികാരം സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനും കേന്ദ്ര സഹമന്ത്രി വി മുരളീധരനും കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുമ്മനത്തെ ഒഴിവാക്കിയതിലെ അതൃപ്തി ആര്‍എസ്എസും വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പില്‍ പടിവാതില്‍ക്കള്‍ എത്തിനില്‍ക്കെ ആര്‍എസ്എസിനെ പിണക്കുന്നത് തിരിച്ചടിയാകുമെന്ന് നേതൃത്വം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.
അതേസമയം, പുനഃസംഘടനയില്‍ അതൃപ്തിയില്ലെന്നാണ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയത്. യോഗ്യതയുള്ളവർക്കാണ് കേരളത്തിൽ നിന്ന് സ്ഥാനങ്ങൾ ലഭിച്ചത്. പാര്‍ട്ടിയുടെ ഏത് തീരുമാനത്തെയും സമ്പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കും. പ്രവര്‍ത്തനമികവ് മനസ്സിലാക്കിയും വിലയിരുത്തിയുമാണ് അബ്ദുള്ളക്കുട്ടിക്കും ടോം വടക്കനും പദവികൾ നൽകിയതെന്നും കുമ്മനം പറഞ്ഞു.കേരളത്തിലെ മറ്റു നേതാക്കൾ അയോഗ്യതരായതുകൊണ്ടല്ല പദവികള്‍ ലഭിക്കാതെ പോയത്. പലകാര്യങ്ങളും വിലയിരുത്തിയാണ് കേന്ദ്ര നേതൃത്വം തീരുമാനം എടുക്കു. തനിക്കോ മറ്റാര്‍ക്കോ ഈ തീരുമാനങ്ങളില്‍ അതൃപ്തിയോ അമോര്‍ഷമോ ഇല്ല. ശോഭാ സുരേന്ദ്രന്‍ സജിവമല്ലെന്ന വാര്‍ത്തകള്‍ ശരിയല്ല. അവര്‍ പാർട്ടി പരിപാടികളിൽ സജീവമാണ്. നേതൃത്വവുമായി അതൃപ്തിയിലല്ലെന്നും കുമ്മനം പറഞ്ഞു.
കൊച്ചിയിൽ പി ആർ ഏജൻസി നടത്തുന്ന സ്മിതയെ പാർട്ടി നേതൃസ്ഥാനത്തേക്ക് കൊണ്ടുവരുന്നതിൽ മഹിളാമോർച്ച എറണാകുളം ജില്ലാ ഘടകത്തിനും നേതാക്കൾക്കും കടുത്ത എതിർപ്പുണ്ടായിരുന്നു. മുതിർന്ന ബിജെപി നേതാക്കളുമായും കേന്ദ്രമന്ത്രിമാരുമായും ഉറ്റബന്ധം പുലർത്തുന്ന ഇവരെ പാർട്ടിയിൽ സുപ്രധാന പദവികൾ നൽകി അവരോധിക്കുന്നതിൽ വലിയൊരു വിഭാഗം പരസ്യമായി രംഗത്തുവന്നിരുന്നു. എറണാകുളം ജില്ലയിലെ ഒരു പ്രമുഖ വനിതാ നേതാവ് ഇതിനെതിരെ രണ്ടുതവണ ഫേസ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു.
സാമ്പത്തികവും ബന്ധുത്വവുമാണ് ബിജെപിയിൽ വേണ്ടതെന്നായിരുന്നു ഇവരുടെ പോസ്റ്റ്. ഇക്കഴിഞ്ഞ ആഗസ്ത് 14 നാണ് ഇവർ പോസ്റ്റിട്ടത്. പോസ്റ്റ് ഇട്ടതിനു തൊട്ടുപിന്നാലെ നിരവധിപേർ വിളിച്ച് അവ നീക്കണമെന്നും പ്രശ്നങ്ങൾ പാർട്ടിയിൽ പറഞ്ഞുതീർക്കണമെന്നും ചിലർ ഉപദേശിച്ചുവെങ്കിലും അവർ വഴങ്ങിയില്ല. പിന്നീട് നേതൃത്വത്തിന്റെ സമ്മർദ്ദത്തെത്തുടർന്ന് 15നാണ് പോസ്റ്റ് നീക്കിയത്. എന്നിട്ടും പ്രശ്നങ്ങൾ തീർക്കാൻ കഴിഞ്ഞിട്ടില്ല.
വർഷങ്ങളായി പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന പല മുതിർന്ന നേതാക്കളെയും ചവിട്ടിപുറത്താകുന്ന ചില നേതാക്കളാണ് ബിജെപിയെ നശിപ്പിക്കുന്നതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. ഇതിനിടയിലാണ് കേന്ദ്രചട്ടം ലംഘിച്ച് സ്മിതയെ വി മുരളീധരൻ അബുദാബിയിൽ ചേർന്ന നയതന്ത്ര യോഗത്തിൽ പങ്കെടുപ്പിച്ചത്. മുരളീധരനും സുരേന്ദ്രനും ചേർന്ന് ശോഭ സുരേന്ദ്രൻ അടക്കമുള്ള നേതാക്കളെ പ്രവർത്തിക്കുന്നില്ല എന്ന കാരണം പറഞ്ഞ് ഒഴിവാക്കിയത്. അതേസമയം, പി ആർ ഏജൻസി പ്രവർത്തനം നടത്തുന്ന ബന്ധുക്കളെ പാർട്ടിയിലും കേന്ദ്രസർക്കാരിന്റെ സുപ്രധാന സ്ഥലങ്ങളിലും നിയോഗിക്കുകയാണ്. ഇക്കാര്യം ചില മഹിളാ മോർച്ച നേതാക്കൾ അടക്കം യോഗങ്ങളിൽ ചൂണ്ടിക്കാട്ടിയെങ്കിലും ഒരു പ്രതികരണവും നേതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. ഇതേതുടർന്ന് എറണാകുളം ജില്ലയിലെ വലിയൊരു വിഭാഗം പ്രവർത്തകർ കടുത്ത അമർഷത്തിലാണ്.
ഏറ്റവുമൊടുവിൽ ബിജെപി ദേശീയ ഭാരവാഹി പട്ടിക വന്നപ്പോൾ ശോഭ സുരേന്ദ്രനെയും കുമ്മനം രാജശേഖരനെയും തഴഞ്ഞ അതേ നേതാക്കളാണ് പി ആർ ഏജൻസി മാനേജർക്ക് സ്ഥാനക്കയറ്റം നൽകുന്നതെന്ന് പ്രവർത്തകർ പറയുന്നു.കേന്ദ്രനേതാക്കളും മന്ത്രിമാരും കേരളത്തിൽ വന്നാൽ തങ്ങുന്നത് സ്മിതയുടെ വസതിയിലാണ്. മാത്രമല്ല കേന്ദ്രമന്ത്രിമാരുടെ ബന്ധുക്കളും കുടുംബവും വന്നാൽ അവർക്ക് ക്ഷേത്രദർശനം അടക്കമുള്ള കാര്യങ്ങൾ ചെയ്തുകൊടുക്കുന്നതും ഇവരായിരുന്നു. വി മുരളീധരന്റെ പിന്തുണയോടെയായിരുന്നു ഇതെല്ലാം.
മുരളീധരന്റെ ബന്ധു എന്ന ലേബൽ ഉപയോഗിച്ച് കേന്ദ്രസർക്കാരിന്റെയും കേന്ദ്ര ഏജൻസികളുടെയും വിവിധ പ്രചാരണ പദ്ധതികൾ ഒപ്പിച്ചെടുക്കകയാണ് ഇവരെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു. അബുദാബിയിൽ ചേർന്ന നയതന്ത്ര യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും സ്മിത തന്നെ സമ്മതിക്കുന്നുണ്ട്. എന്നാൽ എംബസിയുടെ അനുമതി ലഭിച്ചിരുന്നില്ല. അപ്പോൾ എങ്ങനെയാണ് സ്മിത മേനോൻ മന്ത്രി വി മുരളീധരനൊപ്പം അബുദാബിയിലെ നയതന്ത്ര യോഗത്തിൽ പങ്കെടുത്തതെന്ന ചോദ്യം ബാക്കിയാണ്. ഇതിനുപിന്നിൽ മറ്റു ചില ഇടപാടുകൾ ഉണ്ടെന്നും അതിലെ ദുരൂഹത നീക്കണമെന്നും ബിജെപിയിലെ തന്നെ ഒരു വിഭാഗം ആവശ്യപ്പെട്ടിട്ടുണ്ട്.