തിരുവനന്തപുരം: ഇത്തവണ ശക്തിതെളിയിച്ച് 2026 ൽ ഭരണം പിടിക്കുക എന്ന തന്ത്രത്തിലാണ് കേരളത്തിലെ ബിജെപി.കേന്ദ്രം അതിനായി കർശന നിർദേശവും നൽകി .ഈ തിരഞ്ഞെടുപ്പിൽ പതിനഞ്ചു സീറ്റ് എങ്കിലും പിടിച്ചെടുക്കുക എന്ന തീരുമാനത്തിലുള്ള വർക്ക് തുടങ്ങി .കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ളവര്‍ ഓരോ മണ്ഡലത്തിലെയും സാഹചര്യങ്ങള്‍ വിലയിരുത്തുന്നുമുണ്ട്. അടുത്ത ദിവസം ദേശീയ നേതാക്കൾ കേരളത്തിൽ എത്തും പ്രധാനമന്ത്രി അടക്കമുള്ളവർ കേരളത്തിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കും .
കേരളാ സന്ദർശനത്തിന് മുന്നോടിയായി മലയാളത്തിൽ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾക്ക് കൊച്ചിയിലെ പരിപാടിയിൽ തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേരളാ സന്ദർശനത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ അദ്ദേഹം ട്വിറ്ററിൽ കുറിച്ച വാക്കുകൾ മലയാളികൾക്കിടെ തരംഗമായിരിക്കുകയാണ്. നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കാനായി പ്രധാനമന്ത്രി നാളെയാണ് കേരളത്തിലെത്തുന്നത്. 6000 കോടി രൂപയുടെ പദ്ധതികൾ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. ബിപിസിഎല്ലിന്റെ പുതിയ കെമിക്കൽ പ്ലാന്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും.
ചെങ്ങന്നൂരില്‍ അതിശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ കളത്തിലിറക്കും. ക്ലീന്‍ ഇമേജായിരിക്കും ഈ നേതാവിന് ഉണ്ടാവുക.കേരളത്തില്‍ 15 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം. ഈ മണ്ഡലങ്ങള്‍ പിടിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ളവര്‍ ഇവിടെ വന്‍ തിരഞ്ഞെടുപ്പ് റാലികള്‍ ഒരുക്കും. മുപ്പത് വോട്ടര്‍മാര്‍ക്ക് ഒരു പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ വോട്ടുറപ്പിക്കണമെന്നാണ് നിര്‍ദേശം. എ പ്ലസ് മണ്ഡലങ്ങളായി 35000ത്തില്‍ കൂടുതല്‍ വോട്ടുള്ള മണ്ഡലങ്ങളെ ഉല്‍പ്പെടുത്തിയത് അതാണ്.
സിറ്റിംഗ് സീറ്റായ നേമം എന്ത് വന്നാലും നിലനിര്‍ത്തണമെന്നാണ് ആവശ്യം. വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കാട്ടാക്കട, കോന്നി, അടൂര്‍ മണ്ഡലങ്ങളും നിര്‍ബന്ധമായും പിടിക്കേണ്ടവയുടെ ലിസ്റ്റിലുണ്ട്. 5000 മുതല്‍ 8000 വരെ വോട്ടുകള്‍ അധികം നേടിയാല്‍ ഇവിടങ്ങളില്‍ വിജയിക്കുമെന്ന് ബിജെപി ഉറപ്പിക്കുന്നു. യോഗി ആദിത്യനാഥും അമിത് ഷായും രാജ്‌നാഥ് സിംഗും അടക്കമുള്ളവര്‍ ഈ മണ്ഡലങ്ങളില്‍ എത്തും. സുരേന്ദ്രന്റെ റാലി പോകാത്ത സ്ഥലങ്ങളില്‍ ഇവര്‍ എത്തി ഇളക്കി മറിക്കും.
മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ വെറും നൂറില്‍ താഴെ വോട്ടിനാണ് സുരേന്ദ്രന്‍ തോറ്റത്. ഇത്തവണ ഉറപ്പായും മണ്ഡലം പിടിക്കുമെന്ന വാശിയിലാണ് ബിജെപി. കര്‍ണാടക ഘടകം ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. കേന്ദ്ര നേതാക്കള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബിഎല്‍ സന്തോഷിന്റെ തന്ത്രങ്ങളും മഞ്ചേശ്വരത്ത് കാണാനാവും. ബിജെപിയുടെ സംഘടനാപരമായ കാര്യങ്ങള്‍ സന്തോഷാണ് നോക്കുന്നത്. ആര്‍എസ്എസിന്റെ ചിട്ടയായ പ്രവര്‍ത്തന രീതി പരിചയിച്ച നേതാവാണ് സന്തോഷ്. പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ നിരന്തരം കണ്ട് വോട്ട് ഉറപ്പിക്കണമെന്നാണ് നിര്‍ദേശം.
ചെങ്ങന്നൂര്‍ ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളിലൊന്നാണ്. ഇവിടെ ആര് മത്സരിക്കുമെന്നതില്‍ ചെറിയ ആശയക്കുഴപ്പമുണ്ട്. ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിജെപി ബൗദ്ധിക സെല്‍ തലവന്‍ ആര്‍ ബാലശങ്കറിനെ മത്സരിപ്പിക്കാനാണ് ബിജെപി താല്‍പര്യപ്പെടുന്നത്. ബാലശങ്കര്‍ താല്‍പര്യവും അറിയിച്ചിട്ടുണ്ട്. എന്നാല്‍ ബിജെപി പ്രാദേശിക നേതൃത്വം ബാലശങ്കറിനെ അംഗീകരിച്ചിട്ടില്ല. ചെങ്ങന്നൂരില്‍ തന്നെയുള്ള നേതാവ് വരണമെന്നാണ് ആവശ്യം. അത്തരം നേതാക്കളുണ്ടെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട് ഇവര്‍.
തദ്ദേശത്തില്‍ മികച്ച മുന്നേറ്റം തന്നെ ബിജെപിക്ക് ഉണ്ടായിരുന്നു. മാന്നാര്‍, ചെറിയനാട് പഞ്ചായത്തുകള്‍ ഒഴികെ ബാക്കിയെല്ലായിടത്തും ബിജെപി മുന്നേറ്റമുണ്ടാക്കിയിരുന്നു. പാണ്ടനാട് പഞ്ചായത്തില്‍ ബിജെപിയാണ് ഭരണം നേടിയത്. ചെങ്ങന്നൂര്‍ നഗരസഭ, തിരുവന്‍വണ്ടൂര്‍, ചെന്നിത്തല-തൃപ്പെരുന്തുറ, വെണ്‍മണി പഞ്ചായത്തില്‍ മുഖ്യ പ്രതിപക്ഷമാണ് ബിജെപി. ഇത് മുതലെടുക്കാനാണ് തീരുമാനം. ചെങ്ങന്നൂരില്‍ കുടുംബ വേരുകളുള്ള ബാലശങ്കര്‍ തന്നെ മത്സരിക്കണമെന്നാണ് മുരളീധരന്‍ അടക്കമുള്ളവര്‍ പറയുന്നത്.
2011ല്‍ ഏറ്റവും ദുര്‍ബലമായിരുന്നു ബിജെപി ചെങ്ങന്നൂരില്‍. 6062 വോട്ടാണ് ആകെ നേടിയത്. 2016ല്‍ അത് 42682 വോട്ടായിട്ടാണ് ഉയര്‍ന്നത്. കെകെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചതിനെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 35270 വോട്ടാണ് ബിജെപി നേടിയത്. അതുകൊണ്ട് ബിജെപി വന്‍ കുതിപ്പ് തന്നെയാണ് നടത്തിയതെന്ന് മനസ്സിലാവും. നേരത്തെ പിണറായി വിജയന്‍ ആലപ്പുഴ ജില്ലയില്‍ ബിജെപിയുടെ വളര്‍ച്ചയെ തടയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് തന്നെ ബിജെപിയുടെ ശക്തി വ്യക്തമാക്കുന്നതാണ്.