മഹാദുരന്തത്തെ അതിജീവിക്കുവാന്‍ പുതിയ പദ്ധതിയുമായി മുഖ്യമന്ത്രി. പ്രളയത്തില്‍ തകര്‍ന്ന് നില്‍ക്കുന്ന കേരളത്തെ പുനര്‍ നിര്‍മ്മിക്കാന്‍ മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഒരുമാസത്തെ ശമ്പളം ഒരുമിച്ചു നല്‍കേണ്ടതില്ലെന്നും മുഖ്യമന്ത്രി.
ലോകത്തെവിടേയും മലയാളികളുണ്ട്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ എന്നാലോചിക്കണം. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം നല്‍കണം. അങ്ങനെ നല്‍കിയാല്‍ പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ ശമ്പളം നല്‍കാനാകും. അത് നല്‍കാന്‍ കഴിയുമോയെന്ന് എല്ലാവരും പരിശോധിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു – മുഖ്യമന്ത്രി പറഞ്ഞു.
ഒരു നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തകരുന്നതിന് മുമ്പുള്ള കേരളമല്ല നമ്മുടെ ലക്ഷ്യം. മറിച്ച് പുതിയൊരു കേരളമാണ്. ഇത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ അതെല്ലാം സാദ്ധ്യമാക്കാനുള്ള കരുത്ത് മലയാളികള്‍ക്കുണ്ടെന്നാണ് കരുതുന്നത്.
ദുരിതബാധിതരെ സഹായിക്കാനായി പലതരം പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനോടകം വിഭാവന ചെയ്തിട്ടുണ്ട്. ചില വീടുകള്‍ക്ക് ചെറിയ അറ്റകുറ്റപ്പണി മതിയാവും. വലിയ അറ്റകുറ്റപ്പണിവേണ്ട വീടുകളുമുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യും ഇതോടൊപ്പം ജനങ്ങളെ സഹായിക്കാന്‍ തയ്യാറുള്ള എല്ലാവരേയും സര്‍ക്കാര്‍ ഒപ്പം നിറുത്തുമെന്നും അദ്ദേഹം പറഞ്ഞു.