തിരുവനന്തപുരം: ബാര്‍ക്കോഴ കേസില്‍ കെ.എം.മാണിക്കെതിരായ ഗൂഢാലോചനയുടെ കേന്ദ്രബിന്ദു രമേശ് ചെന്നിത്തലയെന്ന് കേരള കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശം. സംഭവം മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും അറിയാമായിരുന്നു. പി.സി.ജോര്‍ജും ജോസഫ് വാഴയ്ക്കനും അടൂര്‍ പ്രകാശും ചര്‍ച്ചകളില്‍ പങ്കെടുത്തു. കേരള കോണ്‍ഗ്രസിനുവേണ്ടി സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. എന്നാല്‍ ഇത് ഔദ്യോഗിക റിപ്പോര്‍ട്ടല്ലെന്നും ഔദ്യോഗിക റിപ്പോര്‍ട്ട് കൈവശമുണ്ടെന്നും ഇപ്പോള്‍ പുറത്തുവിടില്ലെന്നും ജോസ് കെ.മാണി പ്രതികരിച്ചു.സമ്മര്‍ദംചെലുത്തി മാണിയുടെ പിന്തുണ തേടി മുഖ്യമന്ത്രിയാകുകയായിരുന്നു ചെന്നിത്തലയുടെ ലക്ഷ്യമെന്നും സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കെ.എം.മാണിക്കെതിരെ ബാറുടമ ബിജു രമേശ് ഒരു കോടി രൂപയുടെ കൈക്കൂലി ആരോപണം ഉന്നയിച്ച് രണ്ടുദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയാകാനുള്ള ആഗ്രഹം രമേശ് ചെന്നിത്തല മാണിയെ അറിയിച്ചു. ഉമ്മന്‍ചാണ്ടി ഇക്കാര്യം തിരിച്ചറിഞ്ഞതോടെ മന്ത്രിസഭ മറിച്ചിടാനായി രമേശ് ചെന്നിത്തലയുടേയും അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങിയ െഎ ഗ്രൂപ്പ് നേതാക്കളുടേയും ലക്ഷ്യം. ഇതിനായി എറണാകുളത്തും മുണ്ടക്കയത്തും ഗൂഢാലോചന നടന്നു. പി.സി.ജോര്‍ജും ആര്‍.ബാലകൃഷ്ണപിള്ളയും വിജിലന്‍സ് ഉദ്യോഗസ്ഥരായ ജേക്കബ് തോമസും ആര്‍.സുകേശനും ഇതില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പാര്‍ട്ടിക്കുവേണ്ടി ഒരു സ്വകാര്യ ഏജന്‍സി തയാറാക്കിയ റിപ്പോര്‍ട്ടെന്ന പേരിലാണ് ജോസ് പക്ഷത്തെ ചില നേതാക്കള്‍ ഇത് പുറത്തുവിട്ടത്. എന്നാല്‍ ഇക്കാര്യം ജോസ് കെ.മാണി നിഷേധിച്ചു. സി.എഫ്.തോമസ് അധ്യക്ഷനായ സമിതിയാണ് പാര്‍ട്ടിതലത്തില്‍ ബാര്‍ക്കോഴക്കേസ് അന്വേഷിച്ചത്. അന്നത്തെ അന്വേഷണ സമിതിയിലുണ്ടായിരുന്ന ആന്റണി രാജുവും ഫ്രാന്‍സിസ് ജോര്‍ജും ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് തള്ളിയിട്ടുണ്ട്