ജോസഫ് ജോസ് തർക്കം രൂക്ഷമായി ; ജോസിന്റെ ഭാര്യയെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്ന്‌ ജോസഫ്‌..സമവായമില്ലെങ്കിൽ ഇടപെടൽ ഉണ്ടാകുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ്

തിരുവനന്തപുരം : പാലാ ഉപതെരഞ്ഞെടുപ്പിൽ സമവായമില്ലെങ്കിൽ ഇടപെടൽ ഉണ്ടാകുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് .പാലായിൽ സ്ഥാനാർഥിയെ നിശ്ചയിക്കാൻ വിളിച്ച യുഡിഎഫ്‌ യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. കെ എം മാണിക്ക്‌ പകരക്കാരനായി ആരെ നിശ്ചയിക്കണമെന്നതിനെച്ചൊല്ലി പി ജെ ജോസഫ്–- ജോസ് കെ മാണി പക്ഷം തമ്മിലുള്ള തർക്കം രൂക്ഷമായി. .യുഡിഎഫ്‌ യോഗത്തിലും ഇരുപക്ഷവും നിലപാടിൽ ഉറച്ചുനിന്നു. വെവ്വേറെ ചർച്ച നടത്തിയെങ്കിലും ആരും അയഞ്ഞില്ല. ഇതേതുടർന്ന്‌ യോഗം അവസാനിപ്പിച്ചു. പരസ്പരം പോരടിച്ച് വിജയസാധ്യക്ക് മങ്ങലേൽപ്പിക്കരുത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലടക്കം സമവായം ഉണ്ടാക്കിയേ മതിയാകു. രണ്ടു ദിവസത്തിനകം പി ജെ ജോസഫ് വിഭാഗവും ജോസ് കെ മാണി വിഭാഗവും പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് യുഡിഎഫ് നേതാക്കളുടെ യോഗം നിര്‍ദ്ദേശിച്ചതെന്നാണ് വിവരം.

കെ എം മാണിയുടെ സീറ്റിൽ തർക്കത്തിന്‌ പ്രസക്തിയില്ലെന്ന്‌ ജോസ്‌ പക്ഷം വാദിച്ചു. അവകാശവാദമൊന്നും ആരും ഉയർത്തേണ്ടെന്നും ജയസാധ്യതയുള്ള സ്ഥാനാർഥിയാണ്‌ വേണ്ടതെന്ന്‌ ജോസഫും നിലപാട്‌ കടുപ്പിച്ചു. ജോസിന്റെ ഭാര്യ നിഷയെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്ന സൂചനയും ജോസഫ്‌ നൽകി. ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും കൂട്ടായി നടത്തിയ അനുരഞ്‌ജന ശ്രമം ഇതോടെ പാളി.

ഇരുവിഭാഗവുമായി ചർച്ചചെയ്ത് 30നകം ധാരണയാക്കാനാണ് നീക്കം. 54 വർഷമായി മാണിയുടെ സീറ്റായ പാലാ കേരള കോൺഗ്രസ്-എമ്മിന് തന്നെ നൽകാനാണ് യുഡിഎഫ് തീരുമാനം. നാമനിർദേശപത്രികാസമർപ്പണം വ്യാഴാഴ്ച ആരംഭിക്കും.തർക്കം തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികൾ നിർദേശിച്ചു.

ജോസിനെ ചെയർമാനായി തെരഞ്ഞെടുത്ത ഒരു വിഭാഗത്തിന്റെ നടപടി കോടതിയിൽ തർക്കത്തിലാണ്‌. ഈ സാഹചര്യത്തിൽ ചിഹ്നമനുവദിക്കുന്നതിനുൾപ്പെടെയുള്ള അധികാരം ആക്ടിങ്‌ ചെയർമാനെന്ന നിലയ്ക്ക് ജോസഫിനാണെന്നാണ് ആ പക്ഷത്തിന്റെ വാദം. ഇത് ജോസ് വിഭാഗത്തിന് സ്വീകാര്യമല്ല. മാണിയുടെ സീറ്റിൽ സ്ഥാനാർഥിയെ തങ്ങൾ തീരുമാനിച്ച് പ്രഖ്യാപിക്കുമെന്ന്‌ അവർ യുഡിഎഫ് നേതൃത്വത്തോട് വ്യക്തമാക്കി. ചിഹ്നവുമായി ബന്ധപ്പെട്ട് തർക്കം വന്നാൽ കോൺഗ്രസും തെരഞ്ഞെടുപ്പ് കമീഷനും തീരുമാനിക്കട്ടെയെന്നും അവർ പറഞ്ഞു. ഈ നിലപാടാണ്‌ ചർച്ചയെ വഴിമുട്ടിച്ചത്.

പരസ്പരം തര്‍ക്കിച്ച് നിന്ന് പാലാ മണ്ഡലത്തിലെ മേൽക്കൈ നഷ്ടപ്പെടുത്തുന്നതിനെ അതൃപ്തിയും യുഡിഎഫ് നേതാക്കൾ ജോസ് കെ മാണിയേയും പിജെ ജോസഫിനെയും അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. തമ്മിൽ തല്ലും വിഴുപ്പലക്കലും അനുവദിക്കാനാകില്ലെന്ന കര്‍ശന നിലപാടും നേതാക്കൾ പങ്കുവച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് മുൻനിര്‍ത്തി തമ്മിൽ തല്ല് അനുവദിക്കാനാകില്ലെന്ന് നേതൃത്വം കര്‍ശന നിലപാട് എടുത്തതോടെ പിജെ ജോസഫും ജോസ് കെ മാണിയും നിലപാടിൽ അയവുവരുത്തുമെന്ന വിശ്വാസമാണ് യുഡിഎഫ് നേതൃത്വത്തിന് ഉള്ളത്. സ്ഥാനാര്‍ത്ഥിത്വം ജോസഫ് വിഭാഗം അവകാശപ്പെടാനിടയില്ല. പക്ഷെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ള അവകാശം വേണമെന്ന് പിജെ ജോസഫ് വാദിച്ചേക്കും.

Top