കോട്ടയം: സിപിഐക്ക് എതിരെ പരാതിയുമായി കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. എതിര്‍ ചേരിയിലുള്ളവരോടെന്ന പോലെയാണ് സിപിഐയുടെ പെരുമാറ്റമെന്നും യോജിച്ച് പ്രവര്‍ത്തിക്കുന്നില്ലെന്നും കേരള കോണ്‍ഗ്രസ് ആരോപിച്ചു. മുന്നണിയിലെ രണ്ടാം സ്‌ഥാനം നഷ്‌ടപ്പെടുമോയെന്നാണ് സിപിഐയുടെ പേടി. കടുത്തുരുത്തിയിലും പാലായിലും സിപിഐ സഹായിച്ചില്ല. സിപിഐയുടെ അവലോകന റിപ്പോര്‍ട് അനാവശ്യ വിവാദം ഉണ്ടാക്കാനാണെന്നും കേരള കോണ്‍ഗ്രസ് ആരോപിച്ചു .
അതേസമയം കെട്ടുറപ്പുള്ള മുന്നണിയെന്ന ഇടതുമുന്നണിയുടെ അവകാശവാദത്തിന് മങ്ങലേല്‍പ്പിക്കുന്നതാണ് സിപിഐ- കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ബന്ധം. ഞങ്ങളും എല്‍ഡിഎഫിനൊപ്പമാണ് എന്ന് സിപിഐയെ ഓര്‍മ്മിപ്പിക്കേണ്ട അവസ്ഥയിലാണോ കേരള കോണ്‍ഗ്രസ് എന്ന് സംശയിച്ച് പോകും. അത്തരത്തിലായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച സിപിഐ റിപ്പോര്‍ട്ടിലെ കേരള കോണ്‍ഗ്രസിനെതിരായ വിമര്‍ശനം. എന്നാല്‍ വിമര്‍ശനത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നാണ് ഏറ്റവും ഒടുവില്‍ സിപിഐയുടെ പ്രതികരണം.
പാര്‍ട്ടി ചര്‍ച്ച ചെയ്‌തെടുത്ത നിലപാടാണ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത്. അവലോകന റിപ്പോര്‍ട്ടില്‍ യാതൊരു മാറ്റവും വരുത്തില്ലെന്നും സിപിഐ അറിയിച്ചു. വിഷയത്തില്‍ എല്‍ഡിഎഫില്‍ ചര്‍ച്ച വന്നാല്‍ അപ്പോള്‍ നിലപാട് അറിയിക്കുമെന്നും കേരള കോണ്‍ഗ്രസിന് അവരുടെ അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്നും സിപിഐ വ്യക്തമാക്കി. അവലോകന റിപ്പോര്‍ട്ട് പാര്‍ട്ടിയുടെ സ്വകാര്യ സ്വത്താണെന്നും സംസ്ഥാന നേതൃത്വം വ്യക്തമാക്കി. ജോസ് കെ മാണിക്ക് അത്രകണ്ട് ജനകീയതയില്ലായെന്ന വിലയിരുത്തലും സിപിഐഎമ്മിനെതിരായ പരാമര്‍ശങ്ങളും പിന്‍വലിക്കില്ലെന്നും സിപിഐ വ്യക്തമാക്കി.
തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ തന്നെ കേരള കോണ്‍ഗ്രസ് എമ്മിനോട് സിപിഐയുടെ നില്‍പ്പ് അത്ര നല്ലതായിരുന്നില്ല. പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എമ്മിന് അമിത പ്രധാന്യം നല്‍കാതെ സിപിഐയുടെ നിയമസഭാ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഇടത് മുന്നണിയിലേക്കുള്ള കേരള കോണ്‍ഗ്രസിന്റെ പ്രവേശനം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്തുവെന്ന് തന്നെ വിലയിരുത്തുന്ന സിപിഐ പക്ഷെ, മധ്യകേരളം എല്‍ഡിഎഫ് അനുകൂലമായതില്‍ കേരള കോണ്‍ഗ്രസിന്റെ പിന്തുണയും സ്വാധീനവും കൊണ്ട് മാത്രമാണെന്ന് കരുതുന്നില്ല.
കേരള കോണ്‍ഗ്രസിന് മികച്ച സ്വാധീനമുണ്ടായിരുന്നെങ്കില്‍ പാലായിലും കടുത്തുരുത്തിയിലും തോല്‍ക്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുപ്പ് വിജയം ജനം ഭരണത്തുടര്‍ച്ച ആഗ്രഹിച്ചതുകൊണ്ടാണെന്ന വിലയിരുത്തലിലാണ് സിപി ഐ. ജനജീവിതത്തിലുള്ള സര്‍ക്കാരിന്റെ ഇടപെടലില്‍ വോട്ടര്‍മാര്‍ക്ക് സംശയം ഉണ്ടായിരുന്നില്ല. സിപിഐക്ക് കൊല്ലത്ത് നേരിട്ട തിരിച്ചടിയിലും പാര്‍ട്ടി ആശങ്ക പ്രകടിപ്പിച്ചു. ചില സ്വാധീന കേന്ദ്രങ്ങളില്‍ സംഘടനാ പ്രശ്നങ്ങള്‍ ദോഷം ചെയ്തുവെന്ന സന്ദേഹവും റിപ്പോര്‍ട്ടില്‍ ഉണ്ട്.