Political Desk , Herald News
യൂ ഡി എഫിൻ്റെ തന്നെ ‘ക്രൈസിസ് മാനേജർ’ ആയിരുന്നു കെ എം മാണി. പന്ത്രണ്ടിലധികം തവണ പാർട്ടി പിളർന്നപ്പോഴും അതൊക്കെ അവസരമാക്കിയ പ്രായോഗിക രാഷ്ട്രിയത്തിൻ്റെ അപ്പോസ്തലൻ… ‘പിളരും തോറും വളരും…. വളരും തോറും പിളരും’ തിരഞ്ഞെടുപ്പ് രാഷ്ട്രിയത്തിൻ്റെ എല്ലാ മിടിപ്പും അറിയുന്ന ഒരു ജനനായകൻ്റെ ആത്മവിശ്വാസത്തെ ക്യത്യമായി അടയാളപ്പെടുത്തുന്ന വാക്കുകൾ . രാഷ്ട്രിയ എതിരാളികൾക്ക് പോലും കെ എം മാണിയെ മാണി സർ ആക്കിയത് പ്രതികൂല സാഹചര്യങ്ങളിൽ പോലും അവസരങ്ങൾ സൃഷ്ടിക്കാനാകുന്ന അദ്ധേഹത്തിൻ്റെ നേതൃമികവാണ്.
രാഷ്ട്രിയത്തിലെ പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിൽ അഗ്രണ്യനായിരുന്നു മാണിസാർ എങ്കിൽ ആ വിഷയത്തിൽ ശൈശവാവസ്ഥയിൽ ആണ് മകൻ ജോസ് കെ മാണി. ആരെയും പിന്നാലെ നടത്തുന്ന സുന്ദരിയായ സ്‌ത്രീയോട് മാണി സാർ ഉപമിച്ച പാർട്ടിയെ അദ്ധേഹത്തിൻ്റെ വേർപാടിൻ്റെ ഒരു വർഷം തികയുന്ന വേളയിൽ തന്നെ ഒരു മുന്നണിയിലും ‘എടുക്കാത്ത ചരക്കാക്കി ‘ മാറ്റിയിരിക്കുകയാണ് ജോസ് കെ മാണി.
മുൻ കാലങ്ങളിൽ രാഷ്ടീയ തർക്കങ്ങളുടെ പേരിൽ മാണി സാർ എപ്പോൾ യു ഡി ഫ് വിട്ടാലും ബി ജെ പിയും എൽ ഡി എഫും മാണിക്ക് അനുകൂലമായ നിലപാടുകൾ സ്വീകരിക്കുന്നതാണ് നാം കണ്ടിട്ടുള്ളത്. 2016 ബാർ കോഴ കേസിൽ കോൺഗ്രസ് നിരുപാധികം പിന്തുണച്ചിട്ടും മാണിസാർ മുന്നണി വിട്ടപ്പോൾ പോലും വാഗ്ദാനങ്ങളുമായി ബിജെപി അദ്ധേഹത്തിൻ്റെ വീട്ടിലെത്തുകയും, കേരള കോൺഗ്രസിനെ സ്വീകരിക്കുന്നത് ചർച്ച ചെയ്യുമെന്ന് എൽ ഡി എഫും തുറന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇന്ന് സാഹചര്യം മാറി മറിഞ്ഞിരിക്കുന്നു. മുന്നണി മര്യാദകൾ ലംഘിച്ചു എന്ന് പറഞ്ഞ് മുന്നറിയിപ്പുകൾ ഇല്ലാതെ യൂ ഡി എഫിൽ നിന്ന് പുറത്താക്കിയ കേരള കോൺഗ്രസിനെ ബി ജെ പി ഇത് വരെ ചർച്ചക്ക് വിളിച്ചിട്ടില്ല. യൂ ഡി എഫിൽ നിന്ന് പുറത്ത് പോകുന്നവരെ കൊണ്ട് വന്ന് കിടത്താനുള്ള വെൻ്റിലേറ്റർ അല്ല എൽ സി എഫ് എന്ന് സി പി ഐ സെക്രട്ടറി കാനം രാജേന്ദ്രൻ എൽ ഡി എഫിൻ്റെ നയവും വ്യക്തമാക്കി കഴിഞ്ഞു.
രാഷ്ട്രിയ സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന കാര്യത്തിൽ എന്നത് പോലെ സാഹചര്യങ്ങളെ മുൻകൂട്ടി മനസ്സിലാക്കുന്നതിലും ജോസ് കെ മാണിക്ക് പിഴച്ചു എന്ന് വേണം മനസ്സിലാക്കാൻ. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുക്കാൻ ഉമ്മൻ ചാണ്ടി മുൻകയ്യെടുത്തപ്പോൾ, ഉമ്മൻ ചാണ്ടിയേ പോലൊരു അനുഭവ സമ്പന്നനായ രാഷ്ട്രീയ നേതാവിൻ്റെ ലക്ഷ്യങ്ങളെ മനസ്സിലാക്കാതെ അന്ധമായി വിശ്വസിച്ചതും ജോസ് കെ മാണിയെ ദുർബപ്പെടുത്തി. ഒരു ലോക്സഭ സീറ്റ് വിട്ട് നൽക്കിക്കൊണ്ട് കേരള കോൺഗ്രസ്സിൽ ഭിന്നിപ്പുകൾ വളർത്തി, പാർട്ടിയെ ദുർബലപ്പെടുത്തുകയും, തുടർന്ന് നിസ്സാര പ്രശ്നത്തിൻ്റെ പേരിൽ കേരള കോൺഗ്രസ്സിനെ യൂ ഡി എഫിൽ നിന്ന് മാറ്റി നിർത്തിയാൽ സംസ്ഥാന രാഷ്ട്രീയത്തിൽ കോട്ടയം മുഴുവൻ ഒറ്റക്ക് കൈപിടിയിലാക്കാം എന്ന ഉമ്മൻ ചാണ്ടിയുടെ തന്ത്രമാണ് നടപ്പിലാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഉമ്മൻ ചാണ്ടി കേരള കോൺഗ്രസ്സിന് ഒരുക്കിയ കെണിയിലെ ഇരയാകുകയാണ് രമേശ് ചെന്നിത്തലയും ബെന്നി ബെഹനാനും അടക്കമുള്ളവർ..
മുന്നണിയിൽ നിന്ന് പുറത്താക്കിയെന്ന് രമേഷ് ചെന്നിത്തല പറഞ്ഞതിന് ശേഷവും ചർച്ചക്ക് സാധ്യതയുണ്ടെന്ന് പറഞ്ഞതിലൂടെ, മറ്റു ചർച്ചകൾക്ക് ഇടം കൊടുക്കാതെ കേരള കോൺഗ്രസ്സിനെ ദുർബലമാക്കി നിലനിർത്തുകയും പതുക്കെ അപ്രസക്തമാക്കുകയും ചെയ്യാം എന്നതാകും ഉമ്മൻ ചാണ്ടിയുടെ കണക്ക് കൂട്ടൽ…
കേരള രാഷ്ട്രിയത്തിൽ നിർണായകമായ തീരുമാനങ്ങൾ എടുക്കാനും ശക്തമായി വിലപേശാനും ശേഷി ഉണ്ടായിരുന്ന ഒരു പാർട്ടിയുടെ അമരത്വം യാതൊരു പ്രവർത്തന പരിചയവുമില്ലാത്ത ഒരാൾ ഏറ്റെടുക്കുന്നതിലൂടെ ആ പാർട്ടി തന്നെ തീർത്തും അപ്രസക്തമാകുന്ന സാഹചര്യമാണ് വരാനിരിക്കുന്നത് . വരുന്ന പഞ്ചായത് തെരഞ്ഞെടുപ്പോടു കൂടി കേരള കോൺഗ്രസ് കേരള രാഷ്ട്രീയത്തിലെ ഇന്നലെകളിലെ ശക്തമായ സാന്നിധ്യം മാത്രമായി അടയാളപ്പെടുത്തപ്പെട്ടേക്കാം.