കൊച്ചി:ഏറെ നാള്‍ കാത്തിരിക്കാതെ ഇടതുമുന്നണിയുടെ ഭാഗമാകാനുള്ള ഭാഗ്യം ലഭിച്ചത് കെ.എം. മാണിക്കും ജോസ് കെ. മാണിക്കുംമാത്രം. വര്‍ഷങ്ങള്‍ കാത്തിരുന്നു മടുക്കുമ്പോള്‍ മുന്നണിയുടെ ഭാഗമാക്കുന്ന പതിവു രീതിക്കു വിരുദ്ധമായി ജോസ് കെ. മാണി നയിക്കുന്ന കേരള കോണ്‍ഗ്രസി(എം)ന് ഇടതുമുന്നണിയുടെ ഘടകകക്ഷിയായി നേരിട്ടു പ്രവേശനം നല്‍കിയത് അതുകൊണ്ടുതന്നെ ചരിത്രത്തില്‍ ഇടംപിടിക്കും. കെ.എം. മാണിയുടെ നേതൃത്വത്തില്‍ 39 വര്‍ഷം മുമ്പ് കേരള കോണ്‍ഗ്രസ്(എം) ഇടതുമുന്നണിയില്‍ നേരിട്ടു ഘടകകക്ഷിയായതിനു സമാനമാണ് ഇപ്പോഴത്തെയും സംഭവങ്ങള്‍. 1980ല്‍ സി.പി.എമ്മും സി.പി.ഐയും ചേര്‍ന്നുള്ള ഇടതുമുന്നണി സംവിധാനം ആരംഭിക്കുമ്പോഴായിരുന്നു മാണിയുടെ മുന്നണി പ്രവേശനം. അത് അധികനാള്‍ നീണ്ടുനിന്നുമില്ല. 82ല്‍ കെ.എം. മാണിയും കൂട്ടരും ഇടതുമുന്നണി വിടുകയും ചെയ്തു.
പിന്നീടൊരു കേരള കോണ്‍ഗ്രസ് ഗ്രൂപ്പ് ഇടതുമുന്നണിയുടെ ഭാഗമാകുന്നത് 1989-ലാണ്. പി.ജെ. ജോസഫ് വിഭാഗം യു.ഡി.എഫ്. വിട്ടുവന്ന് ഇടതുമുന്നണിയോടൊപ്പം സഹകരിച്ചു. 1990ലെ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി ജോസഫ് വിഭാഗത്തെ സഹകരിപ്പിച്ച ശേഷമാണ് 1991-ല്‍ ഘടകകക്ഷിയാക്കുന്നത്. 1990-ല്‍ കോട്ടയം ജില്ലാ കൗണ്‍സില്‍ അധ്യക്ഷപദവി ജോസഫ് വിഭാഗത്തിന് ഇടതുമുന്നണി നല്‍കുകയും ചെയ്തു.
2005-ല്‍ പി.കെ. വാസുദേവന്‍ നായരുടെ മരണത്തിനു ശേഷം നടന്ന ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍, കെ. കരുണാകരന്റെയും കെ. മുരളീധരന്റെയും നേതൃത്വത്തിലുള്ള ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് ഇടതുമുന്നണിയെ പിന്തുണച്ചു. എന്നാല്‍, അവരെ മുന്നണിയുടെ ഭാഗമാക്കുന്നതിന് പിന്നീട് എതിരഭിപ്രായങ്ങളുണ്ടായി. ഡി.ഐ.സി. പിരിച്ചുവിട്ട് കെ. മുരളീധരനടക്കം എന്‍.സി.പിയില്‍ ലയിച്ച് മുന്നണിയുടെ ഭാഗമാകാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
എന്‍.സി.പിയെത്തന്നെ അന്ന് മുന്നണിയില്‍നിന്ന് താല്‍ക്കാലികമായി മാറ്റിനിറുത്തി. മുരളീധരനും കൂട്ടരും എന്‍.സി.പി. വിട്ടശേഷം 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പോടെയാണ് ഘടകകക്ഷിയായി വീണ്ടും എന്‍.സി.പി. ഇടതുമുന്നണിയിലെത്തിയത്.
നീണ്ട 24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ 2018 ഡിസംബറിലാണ് ഇന്ത്യന്‍ നാഷണല്‍ ലീഗ് (ഐ.എന്‍.എല്‍) ഇടതുമുന്നണിയുടെ ഘടകകക്ഷിയാകുന്നത്. ഐ.എന്‍.എല്ലിനു പുറമേ ജനാധിപത്യ കേരള കോണ്‍ഗ്രസ്, ആര്‍. ബാലകൃഷ്ണപിള്ളയുടെ കേരള കോണ്‍ഗ്രസ്(ബി), 2018 ആദ്യത്തില്‍ യു.ഡി.എഫ്. വിട്ടുവന്ന ലോക് താന്ത്രിക് ജനതാദള്‍(യു.ഡി.എഫ് വിടുമ്പോള്‍ ജനതാദള്‍-യു ആയിരുന്നു) എന്നിവരും അന്ന് ഘടകകക്ഷികളായി. ആറു പാര്‍ട്ടികളുണ്ടായിരുന്ന ഇടതുമുന്നണി സംവിധാനം അതോടെ പത്തു പാര്‍ട്ടികളടങ്ങുന്നതായി.
യു.ഡി.എഫ്. വിട്ടുവന്നപ്പോള്‍ തന്നെ വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള ദള്‍ വിഭാഗം ഇടതു മുന്നണിപ്രവേശനം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതിനും തടസം നേരിട്ടു. ജനതാദള്‍(എസ്) നേതൃത്വം അവരുമായി ലയനത്തിനൊരുങ്ങുന്നതായി ഇടതുമുന്നണി യോഗത്തില്‍ കെ. കൃഷ്ണന്‍കുട്ടി അറിയിച്ചതോടെയാണ് മുന്നണിപ്രവേശനം നീണ്ടത്. ലയനനീക്കങ്ങള്‍ മന്ദഗതിയിലായതോടെ യു.ഡി.എഫ്. ഉപേക്ഷിച്ചെത്തിയ എല്‍.ജെ.ഡിയെ ഘടകകക്ഷിയാക്കാന്‍ ഇടതുമുന്നണി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായി സഹകരിച്ച് നാലു സീറ്റുകളില്‍ ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മത്സരിച്ചു. കേരളാ കോണ്‍ഗ്രസ് (ബി)യുടെ കെ.ബി. ഗണേശ് കുമാറും ഇടതുപിന്തുണയോടെയാണ് പത്തനാപുരത്തു ജയിച്ചത്. 2014-ല്‍ ആര്‍.എസ്.പി. മുന്നണി വിട്ടപ്പോള്‍ ആര്‍.എസ്.പി-ലെനിനിസ്റ്റ് രൂപീകരിച്ച് ഇടതിനൊപ്പം സഹകരിച്ചുവരുന്ന കോവൂര്‍ കുഞ്ഞുമോന്‍ മുന്നണിപ്രവേശനത്തിനായി മൂന്നു തവണ കത്തു നല്‍കി ഇപ്പോഴും കാത്തിരിക്കുകയാണ്.