തിരുവനന്തപുരം:ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫ് മുന്നണിയിൽ നിന്നും പുറത്താക്കി.കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെയാണ് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയത് . കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാൻ പല തവണ പറഞ്ഞിട്ടും ജോസ് കെ മാണി വിഭാഗം തയാറായില്ല. ഇതേത്തുടർന്നാണ് കടുത്ത നടപടിയെടുക്കാൻ യു.ഡി.എഫ് നേതൃത്വത്തെ നിർബന്ധിതമാക്കിയതെന്നാണ് വിവരം. പലതവണ ചർച്ച നടത്തിയിട്ടും സമയം നൽകിയിട്ടും സഹകരിക്കാത്തതുകൊണ്ടാണ് തീരുമാനമെന്ന് യുഡിഎഫ് നേതൃത്വം പറഞ്ഞു. യുഡിഎഫ് തീരുമാനം ചർച്ച ചെയ്യാൻ ജോസ് കെ. മാണി വിഭാഗം അടിയന്തരയോഗം വിളിച്ചു. ഇന്ന് വൈകിട്ട് ജോസ് കെ.മാണി മാധ്യമങ്ങളെ കാണും.
ജോസ് കെ. മാണി വിഭാഗത്തിന് യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്ന് കൺവീനർ ബെന്നി ബെഹനാൻ പറഞ്ഞു. യുഡിഎഫ് നേതൃത്വത്തെ ധിക്കരിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പദവി ഒഴിയണമെന്ന തീരുമാനം പാലിച്ചില്ല. യുഡിഎഫ് നേതൃത്വം ഉണ്ടാക്കിയ ധാരണ ഇല്ലെന്ന് വാദിച്ചു. ബുധനാഴ്ചത്തെ യുഡിഎഫ് യോഗത്തിൽ ജോസ് കെ. മാണി വിഭാഗത്തെ വിളിക്കില്ലെന്നും ബെന്നി ബെഹനാൻ പറഞ്ഞു.
അതേസമയം, ഒറ്റ രാത്രികൊണ്ട് കാലുമാറിയ ആൾക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നൽകാനാവില്ലെന്ന നിലപാടിലാണ് ജോസ് വിഭാഗം. കോട്ടയം ഡിസിസി പ്രസിഡന്റ് ഇക്കാര്യത്തിൽ ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനം അപ്പോൾത്തന്നെ പാർട്ടി ജില്ലാ നേതൃത്വം പരസ്യമായി നിഷേധിച്ചതാണെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തുടരുമെന്നും ജോസ് വിഭാഗം അറിയിച്ചിരുന്നു.
കോട്ടയം ജില്ലാ പഞ്ചായത്തിൽ ഉടൻ അവിശ്വാസം കൊണ്ടുവരുമെന്ന് പി.ജെ.ജോസഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജോസ് കെ. മാണി വിഭാഗം രാജിവയ്ക്കാത്തതിനാലാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അവിശ്വാസംകൊണ്ടുവരുന്നതില്‍ കോട്ടയത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ക്കും തൃപ്തിയില്ല. ആദ്യം രാജി പിന്നീട് ചര്‍ച്ചയെന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിക്ക്.