കൊച്ചി: പ്രളയത്തെത്തുടര്‍ന്നുള്ള ദുരിതാശ്വാസപ്രവര്‍ത്തനം പട്ടാളത്തെ ഏല്‍പിക്കണമെന്ന ആവശ്യം വ്യപകമായി വിവിധ കോണുകളില്‍ നിന്നും ഉയരുകയാണ്. ഇത്തരം പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ പരിശീലനം സിദ്ധിച്ച പട്ടാളത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതാണ് അഭികാമ്യം എന്നാണ് പ്രമുഖ നേതാക്കളടക്കം അഭിപ്രായപ്പെടുന്നത്.
ദുരിതാശ്വാസപ്രവര്‍ത്തനം പട്ടാളത്തെ ഏല്‍പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവാത്ത പക്ഷം ബിജെപി കോടതിയെ സമീപിക്കുമെന്നു സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. സമാനസ്ഥിതി നേരിട്ട മറ്റു സംസ്ഥാനങ്ങളിലെല്ലാം ഈ രീതി പിന്തുടര്‍ന്നിട്ടും കേരളം മാത്രം ഇക്കാര്യത്തില്‍ വാശി പിടിക്കുന്നതു ഗുരുതര വീഴ്ചയാണ്.
പട്ടാളത്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ ഏകോപനമാണു മറ്റിടങ്ങളില്‍ വിജയകരമായതെങ്കില്‍ ഇവിടെ മറ്റു വകുപ്പുകളുടെ നേതൃത്വത്തില്‍ പട്ടാളത്തിന്റെ സേവനം പ്രയോജനപ്പെടുന്നതു പരാജയമാണെന്നു ചെങ്ങന്നൂരിലെയും മറ്റും അനുഭവങ്ങള്‍ തെളിക്കുന്നതായും ശ്രീധരന്‍പിള്ള ആരോപിച്ചു.