കോഴിക്കോട്: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ജനങ്ങള്‍ കൊടും ദുരിതത്തില്‍. പലയിടങ്ങളിലും മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും തുടരുകയാണ്. മഴക്കെടുതിയില്‍ വ്യാഴാഴ്ച 18 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക വിവരം.കോഴിക്കോട് മാവൂര്‍ ഊര്‍ക്കടവില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. കൂടരഞ്ഞിയില്‍ പനയ്ക്കാച്ചാലിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരുകുട്ടി മരിച്ചു. കല്‍പ്പിനി തയ്യില്‍ പ്രകാശിന്റെ മകന്‍ പ്രവീണ്‍(10) ആണ് മരിച്ചത്. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ നില ഗുരുതരം. തൃശ്ശൂര്‍ വെറ്റിലപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലിലിലും ഒരാള്‍ മരിച്ചു. പൂമലയില്‍ വീട് തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. മലപ്പുറം എടവണ്ണ കൊളപ്പാട് ഉരുള്‍പൊട്ടി ഒരാള്‍ മരിച്ചു. നിഷ(26) ആണ് മരിച്ചത്. നെന്മാറയില്‍ ഉരുള്‍പൊട്ടലില്‍ നാലു മരണം.
നിരവധിയാളുകളാണ് സംസ്ഥാനത്തിന്റെ പലഭാഗത്തായി കുടുങ്ങിക്കിടക്കുന്നത്. കൂടാതെ പതിനായിരക്കണക്കിന് ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്.ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍നിന്ന് വെള്ളം വലിയ അളവില്‍ പുറത്തേക്ക് ഒഴുക്കിക്കളയുന്നുണ്ട്. ബസ്, ട്രെയിന്‍,വ്യോമഗതാഗതം പലയിടത്തും തകരാറിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നുള്ള സര്‍വീസുകള്‍ ശനിയാഴ്ച വരെ നിര്‍ത്തിവച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും ട്രെയിന്‍ ടിക്കറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചു. വൈദ്യുത വാര്‍ത്താ വിനിമയ മാര്‍ഗങ്ങള്‍ തകരാറിലാണ്.
പത്തനംതിട്ട
പത്തനംതിട്ടയില്‍ നൂറുകണക്കിന് ആളുകളാണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വീടുകളില്‍ കുടുങ്ങിക്കിടക്കുന്നത്.പമ്പയാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്.കോന്നിയില്‍ പലഭാഗങ്ങളും ഒറ്റപ്പെട്ട നിലയിലാണ്.പമ്പനദിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ സന്നിധാനത്തേക്കുള്ള യാത്ര ഒഴിവാക്കാന്‍ തീര്‍ഥാടകര്‍ക്ക് ശബരിമല ടെമ്പിള്‍ ഫെയ്‌സ്ബുക്ക് പേജില്‍ നിര്‍ദേശമുണ്ട്.എന്‍ ഡി ആര്‍ എഫിന്റെ രണ്ടുസംഘവും സൈന്യത്തിന്റെ ഒരുസംഘവും രക്ഷാപ്രവര്‍ത്തനത്തിനു പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു.അച്ചന്‍കോവില്‍ ആറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.
വയനാട്
താമരശ്ശേരി ചുരം കോഴിക്കോട്, നിരവില്‍ പുഴകുറ്റ്യാടി കോഴിക്കോട്, മാനന്തവാടി പേര്യ കണ്ണൂര്‍ റൂട്ടുകളില്‍ വെള്ളം കയറി ഗതാഗത തടസ്സം.ഈങ്ങാപ്പുഴയിലും, നിരവില്‍പ്പുഴയിലും, തലപ്പുഴ ചുങ്കം, പേര്യ, കുഴി നിലം എന്നിവിടങ്ങളിലും വെള്ളം കയറി.വള്ളിയൂര്‍കാവ്, ചൂട്ടക്കടവ്,താഴെയങ്ങാടി, പെരുവക എന്നിവിടങ്ങളിലും കഴിഞ്ഞ ആഴ്ചയെക്കാളും വെള്ളം കയറിട്ടുണ്ട്.കനത്ത മഴ തുടരുന്നതിനാല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടര്‍ 9 മണിയോടെ നിലവിലുള്ള 255 സെന്റി മീറ്ററില്‍നിന്ന് 285 സെന്റി മീറ്റര്‍ വരെ ഘട്ടം ഘട്ടമായി ഉയര്‍ത്തുമെന്ന് ഡാം സേഫ്റ്റി അധികൃതര്‍ അറിയിച്ചു. ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും നിര്‍ദേശമുണ്ട്.ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ജാഗ്രതാ നിര്‍ദേശം
കോഴിക്കോട്
കോഴിക്കോട് കുടരഞ്ഞി പനയ്ക്കച്ചാലില്‍ മൂന്നുതവണ ഉരുള്‍പൊട്ടി.കോഴിക്കോട് മാവൂര്‍ ഊര്‍ക്കടവില്‍ വീട്ടിലേക്ക് മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു.കൂടരഞ്ഞിയില്‍ പനയ്ക്കാച്ചാലിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരുകുട്ടി മരിച്ചു
പാലക്കാട്
നെന്മാറയില്‍ ഉരുള്‍പൊട്ടല്‍. 8 പേര്‍ മരിച്ചു.ആലത്തൂര്‍ വീഴ്മല ഭാഗത്ത് ഉരുള്‍പൊട്ടി, ആളപായമില്ല. പതിനഞ്ചോളം കുടുംബങ്ങളെ മറ്റിപ്പാര്‍പ്പിച്ചു.വടക്കഞ്ചേരിയില്‍ മണ്ണിടിഞ്ഞു. മംഗലം, പോത്തുണ്ടി ഡാമുകളുടെ വൃഷ്ടിപ്രദേശത്ത് ഉരുള്‍പൊട്ടിയിട്ടുണ്ട്.അട്ടപ്പാടി ചുരത്തില്‍ ഉരുള്‍പൊട്ടി.ഭവാനിപ്പുഴ കരകവിഞ്ഞ് ഒഴുകുന്നു.
തൃശ്ശൂര്‍
തൃശ്ശൂര്‍ വെറ്റിലപ്പാറയിലുണ്ടായ ഉരുള്‍പൊട്ടലിലിലും ഒരാള്‍ മരിച്ചു. പൂമലയില്‍ വീട് തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു.തൃശ്ശൂരില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി.ചാലക്കുടിയില്‍ ജാഗ്രതാനിര്‍ദേശം. ചാലക്കുടി നഗരത്തില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു.ആലുവ റെയില്‍വേ പാലത്തിനു സമീപം പെരിയാറിലെ ജലനിരപ്പ് അപകടകരമായ നിലയില്‍ ഉയര്‍ന്നിരിക്കുകയാണ്. ഇതേ തുടര്‍ന്ന് എറണാകുളം-ചാലക്കുടി റൂട്ടില്‍ ഗതാഗതം നിര്‍ത്തിവെച്ചു
എറണാകുളം
മുട്ടം യാഡില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു.ആലുവ-അങ്കമാലി റോഡില്‍ വെള്ളം കയറി വാഹനഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.പെരിയാറിനു തീരത്തുള്ള ഫ്‌ളാറ്റുകളുടെ മുകള്‍ നിലയില്‍ നിരവധിയാളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.രക്ഷാപ്രവര്‍ത്തനത്തിന് ദുരന്തനിവാരണ സേന രംഗത്തുണ്ട്.
മലപ്പുറം
എടവണ്ണ കൊളപ്പാട് ഉരുള്‍പൊട്ടി ഒരു മരണം. നിഷ(26) ആണ് മരിച്ചത്.മുന്നിയൂര്‍ കുന്നത്തുപറമ്പ് ചാലിയാര്‍ പുഴയില്‍ ഒരു കുട്ടിയെ കാണാതായി. മറ്റു മൂന്നുപേരെ രക്ഷപ്പെടുത്തി.
കണ്ണൂര്‍
അമ്പായത്തോട്ടിൽ വൻഉരുൾപൊട്ടൽ. കുന്നിന്‍റെ ഒരു ഭാഗം മുഴുവൻ വലിയ ശബ്ദത്തോടെ ഇടിഞ്ഞുവീഴുകയായിരുന്നു. വൻപാറക്കല്ലുകളും മരങ്ങളും ഉൾപ്പെടെയാണ് മല താഴേക്ക് പതിച്ചത്. ജനവാസമേഖലയല്ലാത്തതിനാൽ ആൾനാശം ഉണ്ടായില്ല. എന്നാൽ മലയിടിഞ്ഞ് വന്ന മണ്ണും പാറയും മരങ്ങളും താഴത്തെ നദിയിലേക്കാണ് വീണത്. ഇത് കുറച്ച് നേരത്തേക്ക് നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി. നദി ഗതിമാറി ജനവാസ മേഖലയിലേക്ക് പോകുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തടസ്സം മാറിയിട്ടുണ്ട്. ഇപ്പോഴും മല ഇടിയുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തുകയാണ്.കണ്ണവം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍. പ്രദേശത്തെ കുടുംബത്തെ ഒഴിപ്പിക്കുന്നു.ചിറ്റാരിപ്പറമ്പ് ടൗണില്‍ വെള്ളം കയറി. തലശ്ശേരി- കൊട്ടിയൂര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.