സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ പിണറായി സര്‍ക്കാര്‍. 2011 വരെയുള്ള കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിത്തള്ളാന്‍ ഇന്നത്തെ മന്ത്രിസഭ യോഗമാണ് തീരുമാനിച്ചത്. അതേ സമയം വയനാടിന് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. 2014 വരെയുള്ള കാര്‍ഷിക കടങ്ങളാണ് വയനാട്ടില്‍ എഴുതിത്തള്ളുക. വയനാട് ജില്ലയിലെ കര്‍ഷകരുടെ കടാശ്വാസത്തിന് പരിഗണിക്കുന്ന വായ്പകളുടെ കാലാവധി 2014 മാര്‍ച്ച് 31 വരെയായിരിക്കും. മറ്റ് പതിമൂന്ന് ജില്ലകളിലേത് 2011 ഒക്ടോബര്‍ 31 വരെയായിരിക്കും. ഈ തീയതി വരെ എടുത്ത കാര്‍ഷിക വായ്പകള്‍ കടാശ്വാസത്തിന് പരിഗണിക്കും.കര്‍ഷക കടാശ്വാസ കമ്മീഷനാണ് കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള കാലാവധി നീട്ടാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
ഇതിനെത്തുടര്‍ന്നാണ് മന്ത്രിസഭ തീരുമാനം. നിലവില്‍ 2007 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനാണ് തീരുമാനമുണ്ടായിരുന്നത്. കൂടാതെ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. 2018 ജൂണ്‍ ഒന്നു മുതല്‍ ഈ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. 53 കോടി രൂപ ആസ്തി കണക്കാക്കിയാണ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെയ്ക്കും. അതോടൊപ്പം ആധുനിക രീതിയില്‍ ഖരമാലിന്യ സംസ്‌കരണത്തിന് തിരുവനന്തപുരം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, മലപ്പുറം എന്നീ ഏഴു ജില്ലകളില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ പ്ലാന്റുകള്‍ സ്ഥാപിക്കാനുളള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.