ആഭ്യന്തരം കലങ്ങി മറിയും;മുഖ്യമന്ത്രിക്ക് ഇനി ഉറക്കമില്ലാ രാത്രികള്‍; ജിഷകേസില്‍ സെന്‍കുമാര്‍ കൈവയ്ക്കുമോ ? സെന്‍കുമാര്‍ ഇന്ന് ചുമതലയേല്‍ക്കും

തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ പുതിയ പോലീസ് മേധാവിയായി ചാര്‍ജ്ജെടുക്കുന്നതോടെ കേരളത്തിലെ ആഭ്യന്തരം ഇനി എങ്ങിനെയായിരക്കുമെന്ന ആശങ്കയിലാണ് മുന്നണിയിലെ ഘടക കക്ഷികള്‍. സെന്‍കുമാറിനെ പേടിച്ച് മുന്‍കരുതലായി തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെത്തിച്ചെങ്കിലും ആഭ്യന്തര മന്ത്രിയും പോലീസ് മേധാവിയും നേര്‍ക്കുനേര്‍ ശത്രുക്കളായി എങ്ങിനെ ഭരണം മുന്നോട്ട് പോകുമെന്ന ആശങ്കയാണ് എല്ലാവര്‍ക്കും.

ഇതിനിടെയാണ് പൊലീസ് ആസ്ഥാനത്ത് കടുത്ത നിലപാടുകള്‍ സെന്‍കുമാര്‍ എടുക്കുമെന്ന് വ്യക്തമാകുന്നത്. സെന്‍കുമാര്‍ അധികാരത്തിലേക്ക് എത്തുമെന്ന് മനസ്സിലാക്കി 100 ഡിവൈ എസ് പി മാരെ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു. പൊലീസ് ഉപദേശകനായി രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയോഗിച്ചതും സെന്‍കുമാറിനെ മെരുക്കാനാണ്. ഇതിനൊപ്പം പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി ടോമിന്‍ തച്ചങ്കരിയും എത്തുന്നു. പിണറായിയുടേയും സിപിഎമ്മിന്റേയും വിശ്വസ്തനായ തച്ചങ്കരിയിലൂടെ സര്‍ക്കാര്‍ പൊലീസ് ആസ്ഥാനത്ത് പിടിമുറുക്കും. ഡി വൈ എസ് പിമാരെ മാറ്റിയതും സെന്‍കുമാറിന്റെ പൊലീസിലുള്ള പിടിവള്ളികളില്ലാതെയാക്കാനാണ്. ഇതിന് മറുപടിയായി സിഐമാരേയും എസ് ഐമാരേയും സെന്‍കുമാറും സ്ഥലം മാറ്റിയേക്കും. ഇത് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുമുണ്ട്. നളിനി നെറ്റോയെ കേസെടുത്ത് കുടുക്കാനുള്ള സെന്‍കുമാറിന്റെ നീക്കം സര്‍ക്കാര്‍ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കടുത്ത നടപടികള്‍ പ്രതീക്ഷിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡിവൈഎസ്പിമാര്‍ മുതലുള്ള പൊലീസുകാരുടെ സ്ഥലം മാറ്റം ആഭ്യന്തര വകുപ്പിന്റെ അധികാര പരിധിയിലാണ്. എന്നാല്‍ എസ് ഐമാരേയും സി ഐമാരേയും സ്ഥലം മാറ്റുന്നത് ഡിജിപിയും. കീഴ് വഴക്കമനുസരിച്ച് സര്‍ക്കാരിന്റെ അഭിപ്രായം തന്നെയാകും ഇത്തരം സ്ഥലം മാറ്റത്തില്‍ ഡിജിപിയും നടപ്പാക്കുക. അതുകൊണ്ട് തന്നെ ഭരണത്തിലിരിക്കുന്നവര്‍ക്ക് താല്‍പ്പര്യമുള്ള എസ് ഐമാരും സിഐമാരും പ്രധാന സ്ഥാനങ്ങളിലെത്തും. ഇങ്ങനെ ലോക്‌നാഥ് ബെഹ്‌റയുടെ കാലത്ത് നിര്‍ണ്ണായക പദവികളില്‍ എല്ലാം ഇടത് ആഭിമുഖ്യമുള്ള പൊലീസുകാരെ നിയോഗിച്ചിരുന്നു. ഇവരെയെല്ലാം സെന്‍കുമാര്‍ സ്ഥലം മാറ്റുമെന്നാണ് സൂചന. ഇത്തരം നീക്കങ്ങളില്‍ കരുതലോടെ പ്രതികരിക്കാനും ഇടപെടല്‍ നടത്താനും തച്ചങ്കരിയോട് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. എന്നാല്‍ തന്റെ അധികാര പരിധിയില്‍ കൈകടത്താന്‍ ആരേയും അനുവദിക്കില്ലെന്നാണ് സെന്‍കുമാറിന്റെ ഉറച്ച നിലപാട്. പൊലീസ് ആസ്ഥാനത്തെ വിഷയത്തില്‍ ഏറ്റുമുട്ടല്‍ ഇല്ലാതൊരു പരിഹാരമാണ് ആഗ്രഹിക്കുന്നത്.

ജിഷ കൊലക്കേസ് അന്വേഷണത്തിലും സെന്‍കുമാറിനു വീഴ്ച പറ്റിയെന്നാണ് നളിനി നെറ്റോ റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാമത്തെ റിപ്പോര്‍ട്ട് അന്നു ചീഫ് സെക്രട്ടറിയായിരുന്ന എസ്.എം. വിജയാനന്ദിനെ കാണിക്കാതെയാണ് സര്‍ക്കാരിനു സമര്‍പ്പിച്ചത്. സര്‍ക്കാര്‍ മാറിയതിനു ശേഷമുള്ള റിപ്പോര്‍ട്ടില്‍ സെന്‍കുമാറിന്റെ പേരു വന്നതു പരാമര്‍ശിച്ചാണ് സുപ്രീം കോടതി, അദ്ദേഹത്തെ ഡി.ജി.പി. സ്ഥാനത്തുനിന്നു നീക്കം ചെയ്തത് രാഷ്ട്രീയപ്രേരിതമാകാമെന്നു നിരീക്ഷിച്ചത്. ഈ സാഹചര്യത്തില്‍, മനഃപൂര്‍വം റിപ്പോര്‍ട്ടില്‍ പേര് ഉള്‍പ്പെടുത്തിയതിനെതിരേ ചീഫ് സെക്രട്ടറിയുടെ പേരില്‍ കേസെടുക്കാനാണ് നീക്കം.

ജിഷാക്കേസിലും സെന്‍കുമാറിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. അമീറുള്‍ ഇസ്ലാമിനെ പിടിച്ചത് ബെഹ്‌റയുടെ നേട്ടമായും വിലയിരുത്തി. എന്നാല്‍ സെന്‍കുമാറിന്റെ കാലത്ത് നടന്ന അന്വേഷണത്തിന്റെ തുടര്‍ച്ച മാത്രമായിരുന്നു ബെഹ്‌റയുടെ പൊലീസും ചെയ്തത്. പ്രതി മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തതു മാത്രമാണ് നിര്‍ണ്ണായകമായത്. ഇക്കാര്യത്തിലെ ഗൂഢാലോചന ബെഹ്‌റ അന്വേഷിച്ചതുമില്ല. ഈ സാഹചര്യത്തില്‍ ജിഷാ കേസിലെ ഗൂഢാലോചനയിലേക്ക് സെന്‍കുമാര്‍ അന്വേഷണം നീട്ടുമെന്നാണ് സൂചന. ഇങ്ങിനെ സംഭവിച്ചാല്‍ കേരളത്തിലെ ആഭ്യന്തരം കലങ്ങിമറിയുമെന്നുറപ്പാണ്.

Top