മന്ത്രി സജി ചെറിയാന് തിരിച്ചടി, മല്ലപ്പളളി പ്രസംഗത്തിൽ സജി ചെറിയാന്റെ പ്രസംഗം ഭരണഘടനയെ മാനിക്കുന്നതല്ല.ക്രൈംബ്രാഞ്ച് അന്വേഷണം നടത്തണമെന്ന് കോടതി.

കൊച്ചി: മല്ലപ്പളളി പ്രസംഗത്തിൽ മന്ത്രി സജി ചെറിയാന് ഹൈക്കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. പൊലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതി റദ്ദാക്കി. സംഭവത്തില്‍ പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. ഭരണഘടനയെ മാനിക്കുന്നതല്ല സജി ചെറിയാന്റെ പ്രസ്താവനയെന്ന് ഹൈക്കോടതി വിലയിരുത്തി. അന്വേഷണത്തിന് ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.
ഭരണഘടനയെ ആക്ഷേപിച്ച് പ്രസംഗിച്ചെന്ന കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പൊലീസ് റിപ്പോർട്ട് റദ്ദാക്കിയ സിംഗിൾബെഞ്ച്, തുട‍രന്വേഷണത്തിന് ഉത്തരവിട്ടു. സംസ്ഥാന ക്രൈംബ്രാഞ്ചിലെ മിടുമിടുക്കനായ ഉദ്യോഗസ്ഥനെക്കൊണ്ട് ഡിജിപിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നാണ് നിർദേശം.

മല്ലപ്പളളി പ്രസംഗത്തിന്‍റെ പേരിൽ മന്ത്രി സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകിയ സംസ്ഥാന പൊലീസ് നടപടിയെ അതിരൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്‍റെ ഉത്തരവ്. സംസ്ഥാന പൊലീസ് അന്വേഷണം അപൂർണമാണ്. അത് ശരിയായ വിധത്തിൽ ഉളളതായിരുന്നില്ല. വസ്തുതകളുടെ കൃത്യവും ശാസ്ത്രീയവുമായ പരിശോധന നടന്നില്ല. കേസ് അവസാനിപ്പിച്ചത് വേഗത്തിൽ ആയിപ്പോയി. പ്രസംഗത്തിന്‍റെ ഫോറൻസിക് റിപ്പോ‍ർട്ട് വരും മുമ്പേ അന്വേഷണ ഉദ്യോഗസ്ഥൻ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് നൽകിയത് ഒട്ടും ശരിയായില്ല. പ്രസംഗത്തിന്‍റെ ദൃശ്യവും ശബ്ദ സാമ്പിളുകളുടെ ശരിയായ പരിശോധനയും റിപ്പോ‍ർട്ടിന്‍റെ ഭാഗമായില്ല. സാക്ഷി മൊഴികൾ പോലും കൃത്യമായി രേഖപ്പെടുത്തിയില്ല. പ്രസംഗം കേട്ട മാധ്യമ പ്രവർത്തകരുടെ മൊഴി രേഖപ്പെടുത്താൻ പോലും പൊലീസ് തയാറായില്ല. വസ്തുതകൾ പരിശോധിക്കാതെയുളള തികച്ചും അപക്വമായ അന്വേഷണമാണ് നടന്നത്. ഈ റിപ്പോ‍ർട്ട് അതേപടി സ്വീകരിച്ച തിരുവല്ല മജിസ്ട്രേറ്റ് കോടതിയുടെ നടപടിയും ഉചിതമായില്ല. റിപ്പോർട്ട് അംഗീകരിച്ച മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് കൂടി റദ്ദാക്കിക്കൊണ്ടൈാണ് സംസ്ഥാന ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കാൻ നിർദേശിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മന്ത്രിയായിരുന്ന സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചെന്ന് പ്രഥമദൃഷ്ടാ തോന്നുന്നതിനാലാണ് വിശദമായ തുടരന്വേഷണത്തിന് നിർദേശിക്കുന്നതെന്നും ഉത്തരവിലുണ്ട്. ഏതു സാഹചര്യത്തിലാണ് കുന്തം, കുടച്ചക്രം എന്ന വാക്ക് പ്രസംഗത്തിൽ ഉപയോഗിച്ചതെന്ന് അറിയണം. പ്രസംഗം കേട്ടവരുടെ മനസിൽ ഭരണഘടനയെപ്പറ്റി അവമതിപ്പ് ഉണ്ടാക്കിയോ എന്നും പരിശോധിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു.

2022 ൽ പത്തനംതിട്ട മല്ലപ്പള്ളിയിൽ സിപിഎം ഏരിയാ കമ്മിറ്റിയുടെ പരിപാടിയിലായിരുന്നു വിവാദ പ്രസം​ഗം ഉണ്ടായത്. ഏറ്റവും നന്നായി ജനങ്ങളെ കൊള്ളയടിക്കാൻ പറ്റുന്ന ഭരണഘടനയാണ് നമ്മുടേത്. അതിൽ കുറച്ചു ​ഗുണങ്ങൾ ഇട്ടിട്ടുണ്ട്. ജനാധിപത്യം, കുന്തം, കുടച്ചക്രം എന്നൊക്കെ സൈഡിൽ എഴുതിയിട്ടുണ്ട്. പക്ഷേ കൃത്യമായി കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് എന്നായിരുന്നു പ്രസം​ഗം. ഇതിനു പിന്നാലെ മന്ത്രി സ്ഥാനത്തിന് സജി ചെറിയാന് രാജിവെക്കേണ്ടിയും വന്നു.

മല്ലപ്പള്ളിയിൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചുവെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതു പ്രവർത്തകനാണ് താനെന്നും സജി ചെറിയാൻ മറ്റൊരു പ്രസം​ഗത്തിൽ വിശദീകരിച്ചിരുന്നു. ഭരണഘടനയെ സംരക്ഷിക്കണം എന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്ക് ശാക്തീകരണം ആവശ്യമാണ്. അതാണ് സൂചിപ്പിച്ചത്. ഭരണഘടനക്കെതിരെ പറഞ്ഞിട്ടില്ല. അപമാനിക്കൽ ഉദ്ദേശിച്ചിട്ടേ ഇല്ലെന്നും സജി ചെറിയാൻ പറഞ്ഞിരുന്നു. ഭരണഘടനയുടെ ആമുഖം വായിച്ചായിരുന്നു സജി ചെറിയാൻ്റെ വിശദീകരണം. അംബേദ്‌കറെ പ്രസംഗത്തിൽ അപമാനിച്ചിട്ടില്ല. വിശ്വാസത്തെ ചോദ്യം ചെയ്യുന്നതിലും പറയാത്ത കാര്യം പറഞ്ഞെന്ന് പറയുന്നതിലും ദുഃഖം ഉണ്ട്. അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു. Kerala High Court Mandates Additional Investigation into Minister Saji Cherian’s Alleged Disparaging Remarks About the Constitution

Top