കൊച്ചി: കാസര്‍ഗോഡ്-മംഗലാപുരം ദേശീയപാത തുറക്കണമെന്ന് ഹൈക്കോടതി. കര്‍ണാടകം അതിര്‍ത്തി അടച്ച വിഷയത്തില്‍ കേരളം നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ദേശീയപാതകള്‍ കേന്ദ്രസര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. ദുരന്ത നിവാരണ നിയമപ്രകാരം നടപടി വേണമെന്നും കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേരള ഹൈക്കോടതിയുടെ ഉത്തരവ് അനുസരിക്കാന്‍ കര്‍ണാടക ബാധ്യസ്ഥരാണ്. അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍ക്ക് മംഗലാപുരത്തേക്ക് യാത്ര അനുവദിക്കണം. മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ എല്ലാ സര്‍ക്കാരുകള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതിര്‍ത്തി കൈയേറിയാണ് കര്‍ണാടക റോഡുകള്‍ അടച്ചതെന്ന് കേരളം സത്യവാങ്മൂലം നല്‍കിയിരുന്നു. കാസര്‍ഗോഡ്-മംഗലാപുരം അതിര്‍ത്തിയിലെ പത്തോര്‍ റോഡാണ് കര്‍ണാടക അടച്ചത്. 200 മീറ്റര്‍ കേരള അതിര്‍ത്തിയിലേക്ക് കര്‍ണാടക അതിക്രമിച്ച് കയറിയിട്ടുണ്ട്. അതിര്‍ത്തി അടച്ചതുമൂലം ചികിത്സ കിട്ടാതെ ആറ് പേര് മരിച്ചെന്നും കേരളം ഹൈക്കോടതിയെ അറിയിച്ചു.
കര്‍ണാടകയുടെ നടപടി മനുഷ്യത്വരഹിതമാണെന്ന് കോടതി നിരീക്ഷിച്ചു. മറ്റ് രോഗങ്ങള്‍ കാരണം ആളുകള്‍ മരിച്ചാല്‍ ആര് സമാധാനം പറയുമെന്നും കോടതി ചോദിച്ചു. കോവിഡ് ഉള്ളയാളെ മാത്രമേ പരിശോധിക്കുവെന്ന് ഡോക്ടര്‍ പറയുമോ എന്നും കോടതി ചോദിച്ചു. അതേസമയം കാസര്‍ഗോഡു നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കാനാകില്ലെന്ന് കര്‍ണാടക എജി ഹൈക്കോടതിയെ അറിയിച്ചു. കൂര്‍ഗ്, മംഗലാപുരം എന്നീ സ്ഥ ലങ്ങളില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കാനാകില്ല.
രോഗ ബാധിതമായ ഒരു പ്രദേശത്തെ മറ്റൊരു പ്രദേശത്തു നിന്ന് വേര്‍തിരിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് കര്‍ണാടക കോടതിയില്‍ വ്യക്തമാക്കി. എന്നാല്‍ മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അവരെ വേര്‍തിരിച്ചു കണ്ട് പിടിക്കാന്‍ ബുദ്ധിമുട്ടാണെന്ന നിലപാ ടിലാണ് കര്‍ണാടക. തലപ്പാടി ദേശീയ ഹൈവേ അടക്കം അഞ്ച് റോഡുകളാണ് കര്‍ണാടക മണ്ണിട്ട് അടച്ചത്. ഇതുവഴി അടിയന്തര ആവശ്യത്തിന് വരുന്ന ആംബുലന്‍സുകളെപ്പോലും കയറ്റി വിടുന്നില്ല.
അതേസമയം കേരള- കർണാടക അതിർത്തി തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ നടത്തിയ ശ്രമവും ഫലവത്തായില്ല. ഇരു സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാരുമായാണ് കേന്ദ്രസർക്കാർ ചർച്ച നടത്തിയത്. കർണാടക അതിർത്തി അടച്ചിട്ടതോടെ ആറ് പേരാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ഇതോടെയാണ് പ്രശ്ന പരിഹാരത്തിനായി കേന്ദ്ര ഇടപെടൽ തേടിയത്. കേന്ദ്രം അതിർത്തി തർക്കത്തിൽ നേരിട്ട് ഇടപെടണമെന്ന നിലപാടിലാണ് കേരളം.
അതിർത്തിയിൽ ആംബുലൻസ് തടയരുതെന്ന കേന്ദ്ര നിർദേശം പാലിക്കാൻ കഴിയില്ലെന്ന നിലപാടാണ് കർണാടകത്തിന്റേത്. കൊറോണ വ്യാപനത്തിന്റെ സാഹചര്യത്തിൽ കർണാടക അതിർത്തി അടച്ചിട്ട വിഷയത്തിൽ ഇന്ന് തന്നെ നിലപാട് അറിയിക്കണമെന്ന് കേരള ഹൈക്കോടതി അറിയിച്ചിരുന്നു. ഇതോടെയാണ് ഇരു സംസ്ഥാനങ്ങളുടേയും ചീഫ് സെക്രട്ടറിമാർ ചർച്ച നടത്തുന്നത്. ചർച്ചയിൽ ഇക്കാര്യത്തിൽ ധാരണയിലെത്തിയില്ലെങ്കിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.