ഇതര സംസ്ഥാന ലോട്ടറി കേരളത്തിലേയ്ക്കു വരുന്നു; പിന്നിൽ സാന്റിയാഗോ മാർട്ടിൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഇതര സംസ്ഥാന ലോട്ടറി കടന്നു വരുന്നതായി സൂചന. ലോട്ടറി നടത്തിപ്പിനു അനുമതി നൽകണമെന്നാവശ്യപ്പെട്ട് സാന്റിയാഗോ മാർട്ടിന്റെ സിക്കിം ലോട്ടറി അധികൃതർ സംസ്ഥാന ധനകാര്യ വകുപ്പിനും ലോട്ടറി വകുപ്പിനും നിവേദനം നൽകിയിട്ടുണ്ട്.
ജിഎസ്ടി നടപ്പാക്കുന്നതിനു മുന്നോടിയായി സംസ്ഥാനത്ത് വിൽപന നടത്താൻ അനുവാദം
നൽകണമെന്നാവശ്യപ്പെട്ട് സിക്കിം ലോട്ടറി അധികൃതർ ലോട്ടറി വകുപ്പിനു
അപേക്ഷ നൽകി. ഇതിനു പിന്നാലെ വിവിധ ജില്ലകളിലെ ലോട്ടറി
മൊത്തവിതരണക്കാരെയും ഇവർ സമീപിച്ചിട്ടുണ്ട്. ഇതര സംസ്ഥാന ലോട്ടറികൾ
വരുന്നതിനെ പ്രതിരോധിക്കാൻ സംസ്ഥാനത്തെ എല്ലാ ലോട്ടറികളുടെയും നിരക്ക്
ഏകീകരിച്ചു. സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന ഏഴു ലോട്ടറികൾക്കും ഇന്നു
മുതൽ 30 രൂപയാവും നിരക്ക്.
ചരക്കു സേവന നികുതി നടപ്പാക്കുന്നതോടെ ലോട്ടറി അടക്കമുള്ളവയ്ക്കു
രാജ്യത്തെല്ലായിടത്തും ഒരൊറ്റ നികുതി മതിയാവും. സംസ്ഥാനങ്ങൾക്കു
പ്രത്യേകം പ്രത്യേകം നികുതി എന്നത് ഇല്ലാതാകും. ഇത്
മുതലെടുക്കുന്നതിനുള്ള നീക്കമാണ് ഇപ്പോൾ ഇതര സംസ്ഥാന ലോട്ടറി അധികൃതർ
നടത്തുന്നത്. സിക്കിം ഭൂട്ടാൻ ലോട്ടറികൾ കേരളത്തിൽ നിന്നു വൻതോതിൽ പണം
കൊള്ളയടിച്ചതോടെ കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് ഈ ലോട്ടറികൾക്കു
സംസ്ഥാനത്ത് നിരോധനം ഏർപ്പെടുത്തിയത്. ഇതിനു ശേഷം സംസ്ഥാന സർക്കാർ
ലോട്ടറി വിൽപ്പനയിൽ വൻ കുതിച്ചു ചാട്ടമാണ് നടത്തിയത്. ഇതിനിടെ പല തവണ
സിക്കിം ഭൂട്ടാൻ സർക്കാർ ലോട്ടറികൾ കേരളത്തിൽ ലോട്ടറി നടത്താൻ അനുവാദം
നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരുകളെ സമീപിച്ചിരുന്നു. എന്നാൽ,
സംസ്ഥാനത്തെ രാഷ്ട്രീയ പാർട്ടികളുടെയും ലോട്ടറി രംഗത്ത് പ്രവർത്തിക്കുന്ന
സംഘടനകളുടെയും എതിർപ്പ് ശക്തമായതോടെ അന്യസംസ്ഥാന ലോട്ടറിയ്ക്കു അനുവാദം
നൽകാൻ സർക്കാരുകൾ തയ്യാറായില്ല. ഇതിനിടെയാണ് ജിഎസ്ടിയുടെ ചുവടുപിടിച്ച്
സംസ്ഥാന സർക്കാരിനു പുതിയ അപേക്ഷ നൽകാൻ സിക്കിം ലോട്ടറി അധികൃതർ
എത്തിയത്. സിക്കിം ലോട്ടറിയ്ക്കു അനുവാദം ലഭിച്ചാൽ ഇതിനു പിന്നാലെ മറ്റു
സ്വകാര്യ ലോട്ടറികളും, ഓൺലൈൻ ലോട്ടറികൾ അടക്കമുള്ളവയും സംസ്ഥാനത്തെ വിപണി
ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്ത് അന്യ സംസ്ഥാന വിറ്റിരുന്ന അന്യസംസ്ഥാന
ലോട്ടറികൾ വൻതോതിൽ നികുതി വെട്ടിക്കുന്നു എന്നായിരുന്നു നേരത്തെ
ഉയർന്നിരുന്ന ആരോപണം. ഇതേ തുടർന്നാണ് സംസ്ഥാന സർക്കാർ അന്യസംസ്ഥാന
ലോട്ടറികൾക്കു നിരോധനം ഏർപ്പെടുത്തിയത്. ജിഎസ്ടി നടപ്പാക്കിയാൽ നികുതി
നഷ്ടമാകും എന്ന പ്രശ്‌നമുണ്ടാകില്ലെന്നും, അതുകൊണ്ടു തന്നെ തങ്ങൾക്കു
സംസ്ഥാനത്ത് ലോട്ടറി വിൽപന നടത്താൻ അനുവാദം നൽകണമെന്നുമാണ് ഇതര സംസഥാന
ലോട്ടറി അധികൃതരുടെ വാദം.
ജിഎസ്ടിയ്ക്കു പിന്നാലെ സംസ്ഥാനത്ത് വിൽപന ആരംഭിക്കാം എന്ന ലക്ഷ്യത്തോടെ
സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മൊത്തവിതരണക്കാരെ കണ്ടെത്താനുളള നീക്കവും
ഇതര സംസ്ഥാന ലോട്ടറി മാഫിയ ആരംഭിച്ചിട്ടുണ്ട്. മുൻപ് ഇതര സംസ്ഥാന
ലോട്ടറിയുമായി സഹകരിച്ചിരുന്ന, നിലവിൽ സംസ്ഥാന സർക്കാർ ലോട്ടറി
വിൽക്കുന്ന ഏജന്റുമാരുമായി ഇതു സംബന്ധിച്ചു ഇതര സംസ്ഥാന ലോട്ടറി
പ്രതിനിധികൾ ചർച്ച ആരംഭിച്ചിട്ടുണ്ട്. സർക്കാർ അനുമതി കിട്ടിയാൽ ഉടൻ
തന്നെ സംസ്ഥാനത്ത് ലോട്ടറി വിൽപന ആരംഭിക്കാൻ സാധിക്കുന്ന രീതിയിലാണ്
ഇവരുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്. സംസ്ഥാന സർക്കാർ ലോട്ടറിയേക്കാൾ
അഞ്ചു മുതൽ ഏഴു ശതമാനം വരെ ഉയർന്ന കമ്മിഷനാണ് ഇതരസംസ്ഥാന ലോട്ടറി കമ്പനി
മൊത്തവിതരണക്കാർക്കും, ഏജന്റുമാർക്കും വാദ്ദാനം ചെയ്യുന്നത്. ചെറിയ
സമ്മാനങ്ങളുടെ എണ്ണം വർധിപ്പിച്ചു മലയാളികളായ ലോട്ടറി പ്രേമികളെ
കയ്യിലെടുക്കുന്നതിനും നീക്കം ആരംഭിച്ചിട്ടുണ്ട്.
ഇതര സംസ്ഥാന ലോട്ടറികൾ അതിർത്തി കടന്നെത്തിയാൽ നേരിടുന്നതിനുള്ള
മുന്നൊരുക്കത്തിന്റെ ഭാഗമായി കൂടിയാണ് സംസ്ഥാന സർക്കാർ ഇപ്പോൾ ലോട്ടറി
വില കുറച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് വിൽക്കുന്ന ഏഴു
ലോട്ടറികൾക്കും 30 രൂപയായി. നേരത്തെ കാരുണ്യ, സ്ത്രീ ശക്തി ലോട്ടറികൾക്കു
50 രൂപയും, പൗർണമി, കാരുണ്യ പ്ലസ് ലോട്ടറികൾക്കു നാൽപതു രൂപയുമായിരുന്നു
ടിക്കറ്റ് നിരക്ക്. ഇതോടൊപ്പം ലോട്ടറികളുടെ ചെറിയ സമ്മാനത്തിന്റെ
ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. കൂടുതൽ പേർക്കു സമ്മാനം ലഭിക്കുന്ന
രീതിയിലാണ് ഘടനയിൽ മാറ്റം വരുത്തിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top